- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല; 18 വയസായാൽ വോട്ടു ചെയ്യാം; പോക്‌സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനും ഈ പ്രായത്തിൽ തടസ്സമില്ല; വിവാഹ പ്രായത്തിലെ നിയമ ഭേദഗതിക്കെതിരെ കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ കത്ത്. 18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി വിവാഹ കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തിൽ പറയുന്നു. പോക്‌സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്നത് കത്തിൽ ചൂണ്ടികാണിക്കുന്നു.
നിയമഭേദഗതിയിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 2021 ഡിസംബറിൽ ലോക്‌സഭയിൽ സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്.
അതേസമയം ഇടതു മുന്നണിയിൽ കെ ബി ഗണേശ് കുമാർ അടക്കം വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്ന നിലപാടുകാരാണ്. അദ്ദേഹം ഇത് പൊതുവേദിയിൽ പരസ്യമായി പഞ്ഞിട്ടുമുണ്ട്. പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം ആണെന്ന് ഗണേശ്‌കുമാർ പറഞ്ഞിരുന്നു. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ പല പെൺകുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ഗണേശ് കുമാർ പറഞ്ഞു.
പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിന് സമാനമായി, 18 ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ 2021 ൽ പാസാക്കിയിരുന്നു. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വർഷത്തിനു ശേഷമായിരുന്നു തീരുമാനം. മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നുമായിരുന്നു റിപ്പോർട്ട്.
അതിനിടെ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്ന ഹർജി സുപ്രിംകോടതി അടുത്തിടെ തള്ളിയിരുന്നു. നിയമനിർമ്മാണം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിവാഹ പ്രായം ഏകീകൃതമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ അശ്വനി ഹർജി സമർപ്പിച്ചത്.
വിഷയം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് സിജെഐ ചൂണ്ടികാട്ടിയതോടെ പാർലമെന്റിൽ ഇതിനകം തന്നെ നിയമനിർമ്മാണത്തിനായി വാദിക്കുന്നുണ്ടെന്ന് ഉപാധ്യായ കോടതിയെ അറിയിച്ചു. പിന്നെയെന്തിനാണ് ഇത്തരമൊരു ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് സിജെഐ ചോദിച്ചതോടെ, എങ്കിൽ പിന്നീട് പരിഗണിക്കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടെങ്കിലും ഹർജി സുപ്രീംകോടതി തള്ളി.
മറുനാടന് മലയാളി ബ്യൂറോ