- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം-ബിജെപി നേതാക്കൾ ഉറപ്പിച്ച കച്ചവടം ബിജെപിയുടെ പഞ്ചായത്തംഗങ്ങൾ വെട്ടി; റാന്നിയിൽ ബിജെപി-കോൺഗ്രസ് സംയുക്ത നീക്കത്തിൽ സ്വതന്ത്രാംഗം പ്രസിഡന്റ്; ബിജെപി പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി; കോൺഗ്രസിന്റെ നാലംഗങ്ങൾക്ക് സസ്പെൻഷൻ
പത്തനംതിട്ട: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം റാന്നി പഞ്ചായത്തിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കൾ തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ ആവർത്തിക്കാനുള്ള നീക്കം ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങൾ ചേർന്ന് പൊളിച്ചടുക്കി. ബിജെപി പിന്തുണയോടെ കേരളാ കോൺഗ്രസ് അംഗത്തെ യുഡിഎഫിൽ നിന്ന് മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കാനുള്ള നീക്കമാണ് അംഗങ്ങൾ പൊളിച്ചത്.
ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങൾ കോൺഗ്രസിന്റെ നാല് അംഗങ്ങളുമായി ചേർന്ന് സ്വതന്ത്രാംഗം പ്രകാശ് കുഴിക്കാലയെ പ്രസിഡന്റാക്കി. തിരിച്ചടി നേരിട്ട ബിജെപി നേതൃത്വം ഉടൻ തന്നെ രണ്ട് അംഗങ്ങളെയും പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടാണ് പുറത്താക്കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചതിന് നിയമ നടപടിയും സ്വീകരിക്കും. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ച നാലംഗങ്ങളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
13 അംഗ റാന്നി പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും അഞ്ചു വീതം അംഗങ്ങളും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണുണ്ടായിരുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ പ്രസിഡന്റ് സ്ഥാനം പിടിക്കാൻ സിപിഎം ബിജെപിയുടെ പിന്തുണ തേടി. ഇതിനായി സ്വീകരിച്ച തന്ത്രം എൽഡിഎഫിലെ കേരളാ കോൺഗ്രസ് (എം) അംഗം ശോഭാ ചാർലിയെ പ്രസിഡന്റാക്കി ഭരണം പിടിക്കുക എന്നതായിരുന്നു. ബിജെപി ശോഭയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചു. എൽഡിഎഫ് പുറത്ത് നിന്ന് പിന്തുണച്ചു.
ബിജെപി ബാന്ധവം ചർച്ചയായപ്പോൾ പല ഒഴിവു കഴിവുകൾ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ശോഭയെ രാജി വയ്‌പ്പിക്കാൻ കേരളാ കോൺഗ്രസ് (എം) നേതൃത്വവും തയാറായില്ല. അന്ന് ബിജെപി നേതാക്കളുടെ കച്ചവടത്തിനൊപ്പിച്ച് തുള്ളിയ പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു. കഴിഞ്ഞ മാസം പ്രതിപക്ഷമായ കോൺഗ്രസ് അവിശ്വാസം കൊണ്ടു വന്നതിനെ തുടർന്ന് ഇടതിന്റെ പ്രസിഡന്റ് മാണി കേരളാ കോൺഗ്രസിലെ ശോഭാ ചാർളി രാജി വച്ചിരുന്നു.അന്ന് പ്രതിപക്ഷ അവിശ്വാസം പിന്തുണയ്ക്കാതിരുന്ന കേരളാ കോൺഗ്രസിലെ സച്ചിൻ വയലായെ യു.ഡി.എഫും പുറത്താക്കിയിരുന്നു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഇന്നലെ ചില സിപിഎം-ബിജെപി നേതാക്കൾ പഴയതു പോലെ കച്ചവടം ഉറപ്പിച്ചു. സച്ചിൻ വയലായെ പിന്തുണയ്ക്കുന്ന തരത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ബിജെപി പഞ്ചായത്തംഗങ്ങൾക്ക് വിപ്പ് നൽകാമെന്നതായിരുന്നു ധാരണ. അങ്ങനെ വിപ്പ് കൊടുക്കുകയും ചെയ്തു. എന്നാൽ, നേതാക്കളെ ഞെട്ടിച്ചു കൊണ്ട് അംഗങ്ങൾ അവരുടേതായ തീരുമാനമെടുത്തു.
ബിജെപി അംഗമായ എം.എസ് വിനോദാണ് സ്വതന്ത്രാംഗമായ കെ.ആർ പ്രകാശിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദ്ദേശിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. കോൺഗ്രസ് അംഗം മിനി തോമസ് പിന്താങ്ങി. ബിജെപിയുടെ രണ്ടാമത്തെ അംഗം മന്ദിരം രവീന്ദ്രനും കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും പിന്തുണയ്ക്കുകയും ചെയ്തു.
യു.ഡി.എഫ് വിട്ട സച്ചിൻ വയലാ ആയിരുന്നു ഇടതു സ്ഥാനാർത്ഥി. അദ്ദേഹത്തിന് ഇടതുപക്ഷത്തെ അഞ്ച് അംഗങ്ങളുടെ പിന്തുണയെ നേടാനായുള്ളു.
ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ പ്രകാശ് പ്രസിഡന്റായി. ഒരിക്കൽക്കൂടി റാന്നി പഞ്ചായത്തു ഭരണത്തിലെ കൂട്ടുകെട്ട് വിവാദമായതിനു പിന്നാലെ പുറത്താക്കലും അച്ചടക്ക നടപടികളും തുടങ്ങി. ബിജെപിയുടെ വിപ്പ് ലംഘിച്ച മന്ദിരം രവീന്ദ്രൻ, വിനോദ് എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും വൈകാതെ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: ഷൈൻ ജി. കുറുപ്പ് പറഞ്ഞു.
ബിജെപി ക്കൊപ്പം ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെയും നടപടി എടുത്തതായി നേതൃത്വം അറിയിച്ചു. ഈ ഭരണ സമിതിയുടെ തുടക്കത്തിൽ തന്നെ പഞ്ചായത്തു പ്രസിഡന്റ് ആകുമെന്ന് എല്ലാവരും ഉറപ്പിച്ചയാളാണ് കെ.ആർ. പ്രകാശ്. അന്ന് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു ബിജെപി സിപിഎം ധാരണ ഉണ്ടാക്കിയത്. സിപിഎമ്മിലേയും ബിജെപിയിലേയും ഏതാനും നേതാക്കൾക്ക് പ്രകാശിനോടുള്ള വ്യക്തി വിരോധം തീർക്കാൻ നടത്തിയ രാഷ്ട്രീയക്കളിയാണ് ഒന്നിനു പിന്നാലെ മറ്റൊന്നായി വിവാദം ഉണ്ടാക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്