ഭുവനേശ്വർ: അതിർത്തിയിൽ ചൈന നടത്തുന്ന അതിക്രമ ശ്രമങ്ങൾക്ക് ആകാശത്ത് മറുപടി നൽകുകയാണ് ഇന്ത്യ. ഇന്നലെ ഇന്ത്യ വിജയകമാരിയ അഗ്നി 5 മിസൈലിന്റെ പരീക്ഷണം നടത്തി വിജയിപ്പിച്ചു. ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. മിസൈലിന്റെ നൈറ്റ് ട്രയൽ വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യക്ക് വലിയ നേട്ടമാണ് താനും.

5000 കിലോമീറ്ററാണ് ദൂരപരിധി എന്നതിനാൽ ചൈനാ തലസ്ഥാനമായ ബെയ്ജിങ്ങ്, ഷാൻഹായ് നഗരം, ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളം തുടങ്ങിയവ ആഗ്‌നി മൂന്നാം പതിപ്പ് മിസൈലിന്റെ പരിധിയിൽ വരും. ഇന്ത്യയിൽ എവിടെ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് തൊടുക്കാനാകും എന്നതാണ് അഗ്നി 5ന്റെ പ്രത്യേകത.

ഇന്നലെ വൈകീട്ട് ഒഡിഷയിൽ വെച്ച് വൈകീട്ട് 5.30 നാണ് മിസൈൽ പരീക്ഷിച്ചത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുണ്ട് ഈ മിസൈലിന്. മിസൈലിൽ പുതിയതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്‌നി-5 ന്റെ നൈറ്റ് ട്രയൽ നടത്തിയത്. മുൻ പതിപ്പുകളേക്കാൾ ഭാരം കുറവാണിതിന്. ഒരു മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഇന്നത്തെ വിക്ഷേപണം നടന്നത്. ഇത് യുദ്ധമുഖത്ത് അടക്കം ഗുണകരമാകുന്ന കാര്യമാണ്.

ആവശ്യമെങ്കിൽ അഗ്‌നി 5 മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ സാധിക്കുമെന്ന് ഈ പരീക്ഷണത്തിലൂടെ വ്യക്തമായെന്നും പ്രതിരോധമേഖലയിലുള്ളവർ പറയുന്നു. അഗ്‌നി മിസൈൽ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്‌നി-5. 5000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ഇതിന് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി-1, 2000 കിമീ പരിധിയുള്ള അഗ്‌നി-2, 2500 കിമീ പരിധിയിലുള്ള അഗ്‌നി-3, 3500 കിമീ പരിധിയുള്ള അഗ്‌നി -4 എന്നിവയാണ് ഈ ശ്രേണിയിലെ മുൻഗാമികൾ.

ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അഗ്‌നി-5 മിസൈൽ വികസിപ്പിച്ചത്. ട്രക്കുകളിൽ കൊണ്ടുപോവാനും കാനിസ്റ്റർ ഉപയോഗിച്ച് വിക്ഷേപിക്കാനും സാധിക്കുന്ന മിസൈൽ ആണിത്. 2012 ഏപ്രിൽ 19 ന് ആയിരുന്നു അഗ്‌നി-5ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം. ശേഷം 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ൽ യൂസർ ട്രയലും നടത്തി.

നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈൽ അഗ്നി -5 ആണ്. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലായ അഗ്നി -5ന് 5,000 കിലേമീറ്ററാണ് പ്രഹര പരിധി. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയുടെ കൂടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ അഗ്നി 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ ഇന്ത്യയും ചേരും. 2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

1.5 ടൺ പോർമുന വഹിച്ചു കൊണ്ടുള്ള അഗ്‌നി 3 മിസൈൽ നിരവധി തവണ പരീക്ഷിച്ചു വിജയിച്ചതാണ്. ഡിആർഡിഒ വികസിപ്പിച്ച അഗ്നി-3 മിസൈൽ 2011 ജൂണിലാണ് കരസേനക്ക് കൈമാറിയത്. അഗ്നി ശൃംഖലയിലെ മൂന്നാം പതിപ്പായ അഗ്നി മൂന്നിനെ രാജ്യത്തെ ഏത് സ്ഥലത്തു നിന്നും മൊബൈൽ ലോഞ്ചർ വഴി വിക്ഷേപിക്കാൻ സാധിക്കുമെന്നത് വലിയ നേട്ടമാണ്. രണ്ട് ഘട്ടങ്ങളായുള്ള സോളിഡ് പ്രൊപ്പലന്റ് സംവിധാനത്തിലാണ് അഗ്നി3 പ്രവർത്തിക്കുന്നത്.

അതേസമയം കിഴക്കൻ കമാൻഡിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെയാരംഭിച്ച ദ്വിദിന അഭ്യാസം ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്. അഭ്യാസം നേരത്തേ തീരുമാനിച്ചതാണെന്നും അതിർത്തി സംഘർഷവുമായി ബന്ധമില്ലെന്നും വ്യോമസേന വ്യക്തമാക്കിയെങ്കിലും അഗ്നി 5 കൂടി പരീക്ഷിച്ച് ഇന്ത്യ കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. എങ്കിലും പുതിയ സാഹചര്യത്തിൽ വ്യോമാഭ്യാസം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. കാരണം നിലത്തു പ്രശ്‌നങ്ങൾ വഷളാക്കാൻ ചൈന ശ്രമിക്കയാണെങ്കിൽ കരസേനയോടൊപ്പം വ്യോമസേനയും രംഗത്തെത്തേണ്ടിവരും.

അസമിലെ തേസ്പുർ, ജോർഹട്ട്, ഛാബുവ, ബംഗാളിലെ ഹാഷിമാര എന്നീ വ്യോമതാവളങ്ങളാണ് പ്രധാന അഭ്യാസകേന്ദ്രങ്ങൾ. അരുണാചലിൽ യുദ്ധവിമാനമിറങ്ങാവുന്ന താവളങ്ങളില്ലാത്തതിനാൽ ഈ വ്യോമതാവളങ്ങളാവും പ്രധാന പ്രതിരോധകേന്ദ്രങ്ങൾ. അരുണാചലിലെ തവാങ്ങിൽ ഒരു വ്യോമതാവളമുണ്ടെങ്കിലും അവിടെ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനാവില്ല. സൈനികചരക്കുകൾ ഇറക്കാവുന്ന അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടുകൾ തവാങ്, ആലോങ്, മേചുക്ക, പാസിഗഢ്, ടൂട്ടിങ്, വിജയ്‌നഗർ, വാലോങ്, സിരോ, ദപ്പൊരിജൊ, ആലിന്യ എന്നീ സ്ഥലങ്ങളിലുണ്ട്. ഇവയിൽ മിക്കവയും കഴിഞ്ഞ 15 കൊല്ലത്തിനുള്ളിൽ നിർമ്മിച്ചവയാണ്.

ഷിഗാറ്റ്‌സെ ആണ് ടിബറ്റിലെ ചൈനയുടെ പ്രധാനവ്യോമതാവളം. ഇന്ത്യൻ വ്യോമസേന അഭ്യാസം പ്രഖ്യാപിച്ചതോടെ ഷിഗാറ്റ്‌സെയിൽ ചൈനീസ് വ്യോമസേന ആകാശക്കാവൽ ശക്തമാക്കിയതായി അറിയുന്നു. യുദ്ധവിമാനങ്ങൾ കൂടാതെ, ശത്രുവിമാനങ്ങൾ നേരത്തേ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന ഏർലി വാണിങ് വിമാനങ്ങളും ഷിഗാറ്റ്‌സെയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചൈനീസ് അതിർത്തിയിൽ വ്യോമസേന പ്രതിരോധനിലപാടിനോടൊപ്പം ആക്രമണനിലപാടിലുമാണ്. കാര്യമായ വൃക്ഷപ്പടർപ്പുകളില്ലാത്ത തുറന്ന പീഠഭമൂമിയാണ് ടിബറ്റ്. അതിനാൽ ചൈനീസ് സൈന്യത്തിന്റെ ഏതു വൻ നീക്കവും ഉപഗ്രഹചിത്രങ്ങളിലൂടെ നേരത്തേ നിരീക്ഷിച്ചു കണ്ടെത്താൻ സാധിക്കും.