- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക്കിസ്ഥാന്റെ ഡ്രോണുകള്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം; രജൗരിയില്‍ കനത്ത ഷെല്ലിംഗ്; സംഘര്‍ഷം തുടരുന്നതിനിടെ ജമ്മുവില്‍ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണം നടത്തി ഇന്ത്യയുടെ തിരിച്ചടി
ജമ്മുവില്‍ വീണ്ടും പാക്കിസ്ഥാന്റെ ഡ്രോണുകള്‍; വീണ്ടും ബ്ലാക്കൗട്ട്
ന്യൂഡല്‍ഹി: ജമ്മുവില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. പാക്കിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയതോടെ വീണ്ടും ബ്ലാക്കൗട്ടായി ജമ്മു. ഇന്ത്യന്‍ സേനയും കനത്ത പ്രതിരോധമാണ് തീര്‍ത്തത്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ നിര്‍വീര്യമാക്കി. ജമ്മുവിലെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായാണ് തിരിച്ചടിച്ചത്.
കര,നാവിക,വ്യോമ സേനകള്‍ പാകിസ്താനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നാലെ സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. രാജൗരിയില്‍ വീണ്ടും കനത്ത ഷെല്ലാക്രമണം നടന്നു. അതിര്‍ത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. അതിനിടെ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ഇന്ത്യ ആക്രമണം നടത്തി. വിനോദ സഞ്ചാര കേന്ദ്രമാണ് പാര്‍വത പ്രദേശമായ മുറി. പാകിസ്ഥാന് മറുപടിയായി പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം ഇന്ത്യയുടെ ആക്രമണത്തിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഷഹബാസ് ഷെരീഫിന്റെയും പാക് സൈനിക മേധാവി അസീം മുനീറിന്റെയും വീടുകള്‍ക്ക് സമീപം സ്ഫോടന ശബ്ദം കേട്ടതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേനയും ആക്രമണം നടത്തി. ഇതോടെ പാകിസ്താന്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്താണ് കറാച്ചിയില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് കരസേന ആക്രമണം തുടങ്ങിയതായും വിവരമുണ്ട്.
അതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനികമേധാവിയായ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസിം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ പാകിസ്താനില്‍ നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവില്‍ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു. അതിനിടെ, എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിട്ടുണ്ട്. ഹരിയാന, ബീഹാര്‍, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.