ന്യൂഡൽഹി: ദ്വീർഘകാലമായി ഇന്ത്യ തുടങ്ങിവെച്ച ഒരു സുപ്രധാന നീക്കം ഒടുവിൽ വിജയത്തിലേക്ക്. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐ.പി.ജി.എൽ.) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാറിൽ ഒപ്പുവച്ചത്. ഇറാനിൽനടന്ന ചടങ്ങിൽ ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹർസാദ് ബസർപാഷും പങ്കെടുത്തു.

അഫ്ഗാനിസ്താനുമായും വിശാലമായ മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള കവാടമായി ചബഹാർ മാറുമെന്നാണ് പ്രതീക്ഷ. ഇറാനെതിരായ അമേരിക്കൻ ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധം വകവെക്കാതെ തുറമുഖത്തിന്റെ വികസനത്തിന് സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.

ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും അറബിക്കടലിൽ ചൈനയുടെ സാന്നിധ്യത്തെയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ഗുണംചെയ്യും. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തത് അറബിക്കടലിൽ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യം വച്ചാണ്. ചബഹാർ തുറമുഖത്തുനിന്ന് 72 കിലോമീറ്റർ അകലെയാണ് ഗ്വാദർ തുറമുഖം. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്രസ്ഥലത്താണ് ചബഹാർ തുറമുഖം.

അതേസമയം ഇറാനിലെ ഛബഹാർ തുറമുഖം 10 വർഷത്തേക്ക് നടത്താനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ് രംഗത്തുവന്നിട്ടുണ്ട്. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്നാണ് യു.എസ് മുന്നറിയിപ്പ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത പട്ടേലാണ് ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയത്.

ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് പറയേണ്ടത് അവരാണെന്നും വേദാന്ത പട്ടേൽ വ്യക്തമാക്കി. ഇന്ത്യയും ഇറാനും തമ്മിൽ ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ടവിവരം അറിഞ്ഞു. തുറമുഖ കരാറുമായി ബന്ധപ്പെട്ടും വിദേശനയത്തെ കുറിച്ചും പ്രതികരിക്കേണ്ടത് ഇന്ത്യയാണെന്ന് പട്ടേൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വേദാന്ത പട്ടേൽ ഇക്കാര്യം പറഞ്ഞത്.

ഇറാന് മേലുള്ള യു.എസ് ഉപരോധം ഇപ്പോഴുമുണ്ട്. അത് തുടരാനാണ് തീരുമാനം. ആരെങ്കിലും ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്നും വേദാന്ത പട്ടേൽ മുന്നറിയിപ്പ് നൽകി. ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യൻ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡും(ഐ.പി.ജി.എൽ) പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും തമ്മിലാണ് ഒപ്പുവെച്ചത്. 10 വർഷമാണ് കരാറിന്റെ കാലാവധി.

തുറമുഖത്തിൽ ഐ.പി.ജി.എൽ 120 മില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും. ഇതിന് പുറമേ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പയായും നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.