- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും അധികം വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനയായ ഇന്ത്യൻ സമ്പദ്ഘടന പക്ഷെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നില്ല എന്ന് സി എൻ എൻ പറയുന്നു. അടുത്ത അഞ്ച് വർഷക്കാലത്തേക്ക് കൂടി പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി അതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ദശാബ്ദം അവസാനിക്കുന്നതിനു മുൻപായി ഇന്ത്യയെ 5 ട്രില്യൺ സമ്പദ്ഘടനയാക്കുക എന്ന ലക്ഷ്യവുമായാണ് മോദി മുൻപോട്ട് പോകുന്നത്.
എന്നാൽ, പ്രതീക്ഷിച്ച ഫലം തെരഞ്ഞെടുപ്പിൽ ലഭിക്കാഞ്ഞതിനാൽ അദ്ദേഹത്തിന്റെ പദ്ധതികൾ പലതിന്റെയും നടത്തിപ്പ് അതീവ സങ്കീർണ്ണമാവുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിന് ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വരും. സാമ്പത്തിക രംഗത്തെ ഒരു സൂപ്പർ പവർ ആകാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ മുൻപിലുള്ള പ്രധാന വെല്ലുവിളി, ലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് തൊഴിൽ ഇല്ല എന്നതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീകളിൽ ഏകദേശം 460 ദശലക്ഷം സ്ത്രീകൾക്കാണ് തൊഴിൽ ഇല്ലാത്തത്. ഇത് യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യയിൽ അധികം വരുമെന്നും സി എൻ എൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ സ്ത്രീകളിൽ ഭൂരിഭാഗം പേരും തങ്ങളുടെ മുൻതലമുറയേക്കാൾ വിദ്യാഭ്യാസമുള്ളവരും ജീവിതത്തിൽ ഉയരാൻ കൊതിക്കുന്നവരുമാണ് താനും. സ്ത്രീകൾക്ക് ഇത്തരമൊരു അവസ്ഥ വന്നു ചേർന്നതിൽ പ്രധാന ഉത്തരവാദിത്തം ഇന്ത്യൻ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന യാഥാസ്ഥികത്വത്തിനാണെന്ന് തമിഴ് നാട്ടിൽ നിന്നുള്ള ഗുണശ്രീ തമിൾഷെൽവൻ എന്ന 22 കാരിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സി എൻ എൻ പറയുന്നു.
എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത ഈ യുവതി, തമിഴ്‌നാട്ടിലുള്ള, പല പ്രമുഖ ബ്രാൻഡ് സ്മാർട്ട് ഫോണുകൾക്കും ചാർജ്ജർ നിർമ്മിച്ചു നൽകുന്ന ഒരു കമ്പനിയിലാണ് ജോലിചെയ്യുന്നത്. സാമ്പത്തിക സ്വാശ്രയത്വത്തിനായി വീട്ടിലും തൊഴിലിടത്തും ഏറെ ക്ലേശങ്ങളാണ് സഹിക്കേണ്ടി വരുന്നത്. എന്നാൽ, ഇപ്പോൾ ഗുണശ്രീയെ ഒരു വിവാഹത്തിനായി രക്ഷകർത്താക്കൾ നിർബന്ധിക്കുകയാണ്. യാഥാസ്ഥിക കുടുംബങ്ങളിൽ ഇപ്പോഴും സ്ത്രീകൾ ജോലിക്ക് പോകുന്ന പതിവ് ഇല്ലാത്തതിനാൽ, ജോലി ഉപേക്ഷിക്കണമെന്ന് വീട്ടുകാർ നിർബന്ധം പിടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
താൻ ജോലിക്ക് പോകുന്നത് തന്റെ പിതാവിന് ഇഷ്ടമല്ലെന്നും പത്ത് മാസത്തിനുള്ളിൽ അത് ഉപേക്ഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഈ യുവതി പറഞ്ഞു. അതുകഴിഞ്ഞ് അവർക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തുമത്രെ. ഇനി വിവാഹം കഴിഞ്ഞാലും സ്ത്രീക്ക് ജോലിക്ക് പോകണമെങ്കിൽ ഭർത്താവിന്റെയും, ഭർത്താവിന്റെ മാതാപിതാക്കളുടെയും ദയക്കായി യാചിക്കേണ്ട അവസ്ഥയാണെന്നും ഗുണശ്രീ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. തൊഴിലിടത്താണെങ്കിൽ പലപ്പോഴും സ്വന്തം കഴിവ് തെളിയിക്കുന്നതിനായി പുരുഷ മേധാവിത്വത്തിനെതിരെ പോരാടേണ്ടതായും വരുന്നു.
ഇതിന്റെയൊക്കെ ഫലമായി തൊഴിലെടുക്കാൻ കഴിവുള്ള പ്രായപരിധിയിൽ പെട്ട ഇന്ത്യൻ സ്ത്രീകളിൽ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഇപ്പോൾ രാജ്യത്തിന്റെ തൊഴിലാളി സൈന്യത്തിൽ സജീവമായിട്ടുള്ളത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരമാണിത്. ഇക്കാര്യത്തിൽ ലോക ശരാശരി 50 ശതമാനത്തോളം വരും സ്ത്രീകളിൽ 50 ശതമാനം പേരെങ്കിലും ജോലിക്ക് പോകാൻ തീരുമാനിച്ചാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 9 ശതമാനമാകും എന്നാണ് 2018-ൽ ലോകബാങ്ക് പറഞ്ഞത്. അന്ന് ഇന്ത്യക്ക് കൈവരിക്കാനായത് 8.2 ശതമാനത്തിന്റെ വളർച്ചയായിരുന്നു.
മോദിയുടെ 10 വർഷത്തെ ഭരണത്തിൽ ഇന്ത്യ സാമ്പത്തികമായി വൻ കുതിപ്പ് നടത്തി എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്നത്. മാത്രമല്ല, ഇതേ രീതിയിൽ മുൻപോട്ട് പോയാൽ, 2027 ആകുമ്പോഴേക്കും ഇന്ത്യയെ, അമേരിക്കക്കും ചൈനയ്ക്കും മാത്രം പിന്നിലായി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്താനാകുമെന്നും അവർ പറയുന്നു.മുൻപെങ്ങുമില്ലാത്ത കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ ചൈന അഭിമുഖീകരിക്കുന്ന സമയത്താണ് ഇന്ത്യയ്ക്ക് ഈ അപൂർവ്വാവസരം കൈവന്നിരിക്കുന്നതെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.