- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതങ്ങളോട് വിവേചനം കാട്ടാത്ത ഇന്ത്യയുടെ നയം യു.എന്നിന് മാതൃകയാക്കാം; മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള അവകാശങ്ങൾക്ക് ഇത്രയും വില കൽപ്പിക്കുന്നില്ല; ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയെന്ന് പഠന റിപ്പോർട്ട്
ന്യൂഡൽഹി:ലോകരാഷ്ട്രങ്ങൾക്കിടയിൽ മതനിരപേക്ഷമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ മാതൃകയെന്ന് പഠനറിപ്പോർട്ട്.മതന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.റിസർച്ച് ഓർഗനൈസേഷനായ സെന്റർ ഫോർ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ വിഷയത്തിൽ മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ദ്ധർ പറയുന്നത് എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നാണ്.
'ഇന്ത്യൻ ഭരണഘടനയിൽ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരിക പരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങൾക്കായി ഇത്തരം വ്യവസ്ഥകൾ ഇല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയുടെ മൂല്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഒട്ടേറെ മതവിഭാഗങ്ങളുള്ള രാജ്യത്ത് ഒരു വിഭാഗത്തിനും നിരോധനം ഏർപ്പെടുത്താത്തതും റിപ്പോർട്ടിൽ എടുത്ത് പറയുന്നു.എന്നാൽ മറ്റ് ചില രാഷ്ട്രങ്ങളിൽ ഇതല്ല സ്ഥിതിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.അതിനാൽ തന്നെ ഇന്ത്യയിൽ പിന്തുടരുന്ന വിവേചന രഹിതമായ ഈ നയം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയായി യുഎന്നിന് ഉപയോഗിക്കാമെന്നും റിപ്പോർട്ട് വ്യകത്മാക്കുന്നു.
അതേ സമയം തന്നെ അടുത്തകാലത്തായി ഇന്ത്യയിൽ വ്യത്യസ്ത ന്യൂനപക്ഷങ്ങൾക്കിടയിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘർഷം പതിവാണ്.രാജ്യത്ത് സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിൽ ഇന്ത്യ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെന്റർ ഫോർ പോളിസി അനാലിസിസ് തയ്യാറാക്കിയ ആഗോള ന്യൂനപക്ഷ റിപ്പോർട്ട് ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിന്റെ അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ്. വിവിധ രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റിയും ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
മതന്യൂനപക്ഷങ്ങളോട് ഓരോ രാജ്യവും എങ്ങനെ പെരുമാറുന്നു എന്ന് അന്വേഷിക്കുന്ന ലോകത്തെ ആദ്യ റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.കൂടാതെ, പാശ്ചാത്യേതര, ആഫ്രോ-ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷന്റെ ആദ്യ റിപ്പോർട്ട് കൂടിയാണിത്. അതിൽ വിവിധ രാജ്യങ്ങളുടെ നിലവാര സൂചിക വിവളധ പാരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളെ പരിഹരിക്കുക എന്നതിനാണ് ഈ റിപ്പോർട്ട് പ്രാധാന്യം നൽകുന്നത്. മത ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തെയും ഇത് ബാധിക്കുന്നു. കാരണം ഒരു രാജ്യത്തെ മതഭൂരിപക്ഷം വേറൊരു രാജ്യത്തെ മതന്യൂനപക്ഷമായിരിക്കും,' എക്സിക്യൂട്ടീവ് ചെയർമാൻ ദുർഗ നന്ദ് ഝാ പറഞ്ഞു.
പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് പ്രകാരംഒരു രാജ്യത്തെ ന്യൂനപക്ഷം ഏതെന്ന് തിരിച്ചറിഞ്ഞ്, ആ രാജ്യം എന്തൊക്കെ രീതിയിലൂടെയാണ് ന്യൂനപക്ഷത്തെ ഉൾക്കൊള്ളുന്നത്, വിവേചനപരമായ നയങ്ങൾ എന്തെല്ലാം എന്നിവയെപ്പറ്റി അവലോകനം ചെയ്ത ശേഷമാണ് രാജ്യങ്ങളെ തരംതിരിക്കുന്നത്.അതേസമയം റിപ്പോർട്ടിലെ ഒരു പ്രധാന വസ്തുത എന്തെന്നാൽ പല അവികസിത രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും വളരെ പുരോഗമന പരമായ ന്യൂനപക്ഷ നയമാണ് പിന്തുടരുന്നത്. നേരെ മറിച്ച് ഭൂരിഭാഗം വികസിത രാജ്യങ്ങളിലും ഒട്ടും ന്യൂനപക്ഷ സൗഹാർദ്ദപരമല്ലാത്ത നയങ്ങളാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലൂടെ വ്യക്തമാകുന്നുണ്ട്.
ഗ്ലോബൽ മൈനോറിറ്റി റിപ്പോർട്ട് മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.ഒന്നാമതായി മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അതിന്റെ വീഴ്ചകളും, അവയെ എങ്ങനെ സന്തുലിതമാക്കാം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മതന്യൂനപക്ഷങ്ങളുടെ അവസ്ഥ, മതപരമായ വ്യത്യാസങ്ങളുടെ കാരണങ്ങൾ എന്നിവയും റിപ്പോർട്ടിൽ ചർച്ചചെയ്യുന്നു.
മതവിഭാഗങ്ങളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് പഠന വിധേയമാക്കിയിരിക്കുന്നത്.വിവിധ രാജ്യങ്ങൾ അവയ്ക്കുള്ളിലെ മതന്യൂനപക്ഷങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നുള്ള പഠനമാണ് നടത്തിയിരിക്കുന്നത്.അതിലാണ് ഇന്ത്യയുടെ ന്യൂനപക്ഷ മാതൃക ഒരു പ്രത്യേക വിഷയമായി പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്.അതേസമയം മറ്റ് വിവിധ രാജ്യങ്ങളെയും പഠന വിധേയമാക്കിയിരുന്നു.ഇതിൽ 110 രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്ന രാജ്യമായി ഇന്ത്യയെ കണ്ടെത്തുകയായിരുന്നു.
രാജ്യത്തിന്റെ മത നിഷ്പക്ഷ സൂചിക, രാജ്യത്തിന്റെ ഇൻക്ലൂസീവ് ഇൻഡക്സ്, രാജ്യത്തിന്റെ വിവേചന സൂചിക, ആഗോള ന്യൂനപക്ഷ സൂചിക എന്നിങ്ങനെ നാല് വ്യത്യസ്ത സൂചികകൾ അവതരിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗമാണ് മൂന്നാമതായി പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നത്.ജി-20 രാജ്യങ്ങളും പ്രത്യേകമായി ഈ പഠനത്തെ വിലയിരുത്തുകയും ഐക്യരാഷ്ട്ര സംഘടനയ്ക്കും മറ്റ് രാജ്യങ്ങളും ഈ റിപ്പോർട്ടിന്റെ ശുപാർശകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മതന്യൂനപക്ഷങ്ങൾക്ക് അവർ താമസിക്കുന്ന രാജ്യത്തോടുള്ള കടമകളെപ്പറ്റിയും പഠനത്തിൽ പരാമർശമുണ്ട്.ഭരണകൂടത്തിന് വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലും ന്യൂനപക്ഷങ്ങളോടുള്ള കടമകളെ അവഗണിക്കരുതെന്നും പഠനത്തിൽ പറയുന്നുണ്ട്.ന്യൂനപക്ഷ ഗ്രൂപ്പുകൾ ഒരു രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ വെല്ലുവിളിക്കുകയാണെങ്കിൽ, അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നം നേരിടുന്ന നിരവധി രാജ്യങ്ങളുണ്ട്.
മതന്യൂനപക്ഷങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സംഭവിക്കാം. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്തിന് ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി അവർ പീഡിപ്പിക്കപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.ന്യൂനപക്ഷങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതും ഏറ്റവും വലിയ പ്രശ്നമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ