ന്യൂഡല്‍ഹി: ഇന്നലെ രാത്രി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഡ്രോണുകള്‍ എത്തിയെങ്കിലും സ്ഥിതിഗതികള്‍ ശാന്തമെന്ന് കരേസന. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് സൈന്യം ഇന്ന് വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ മണ്ണില്‍ ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും ചെറിയ തോതില്‍ ഡ്രോണ്‍ സാന്നിധ്യം മാത്രമേ ഉണ്ടായുള്ളൂ എന്നും സൈന്യം വ്യക്തമാക്കി. അതിനിടെ പാക് അതിര്‍ത്തികളിലെ വിമാനത്താവളങ്ങളിലെ ഇന്നത്തെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തി എന്നതിനെ തുടര്‍ന്നണ് വിമാനയാത്രകളും റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്കോട്ട് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇന്‍ഡിഗോ അറിയിച്ചു.

ജമ്മു, ലേ, ജോദ്പുര്‍, അമൃത്സര്‍, ബുജ്, ജാംനഗര്‍, ഛണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു. അതേസമയം സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിര്‍ത്തികള്‍ ശാന്തമാകുകയാണ്. ജമ്മു, സാംബ, അഖ്നൂര്‍, കതുവ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ ആദ്യം കണ്ടതിന് ശേഷം, ഡ്രോണ്‍ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയില്‍ ബ്ലാക്ക് ഔട്ട് നിലനില്‍ക്കുന്നുണ്ട്.

ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകള്‍ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇതിനിടെ ഇന്ത്യാ -പാക് വെടിനിര്‍ത്തല്‍ വിലയിരുത്താനുള്ള ഇന്ത്യ-പാക് ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍ (ഡി.ജി.എം.ഒ ) തല ചര്‍ച്ച നടന്നു. ഇന്നലെ വൈകീട്ട് ടെലിഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. വെടിനിര്‍ത്തലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബാധന ചെയ്യുമെന്ന അറിയിപ്പ് വന്നത്.

പാകിസ്താന്‍ ഡി.ജി.എം.ഒ ഇന്ത്യയുടെ കരസേനാ ഓപറേഷന്റെ ചുമതലയുള്ള രാജീവ് ഘായിയെ വിളിച്ച് ആദ്യമായി വെടിനിര്‍ത്താന്‍ ധാരണയിലെത്തിയപ്പോള്‍ തീരുമാനിച്ച തുടര്‍ ചര്‍ച്ചയാണ് തിങ്കളാഴ്ച നടന്നത്. ചര്‍ച്ച തിങ്കളാഴ്ച ഉച്ചക്ക് 12ന് നടത്താനാണ് നിശ്ചയിച്ചതെങ്കിലും സര്‍ക്കാറിന്റെ ഉന്നതതല കൂടിയാലോചന കഴിയാന്‍ കാത്തിരുന്നതുകൊണ്ടാണ് വൈകീട്ട് അഞ്ചിലേക്ക് മാറ്റിയതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.