ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ ലോകത്തിന്റെ സാമ്പത്തിക ക്രമത്തില്‍ അടക്കം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കയാണ്. മറ്റ് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവകള്‍ ഏര്‍പ്പെടുത്തിയതോടെ ലോകത്ത് വീണ്ടുമൊരു വ്യാപാര യുദ്ധത്തിനും വഴിയൊരുങ്ങി. ഇതിനിടെ ക്രിപ്‌റ്റോകറന്‍സിക്ക് അനുകൂലമായ നയമാണ് ട്രംപ് സ്വീകരിക്കുന്നതും. ഇതോടെ ഇതുവരെ ഈ വിഷയത്തില്‍ മുഖംതിരിഞ്ഞു നിന്ന ഇന്ത്യയും ക്രിപ്‌റ്റോ പാത പരീക്ഷിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റല്‍ കറന്‍സി വ്യാപകമാക്കാനുള്ള തീവ്രയജ്ഞം പുരോഗമിക്കുമ്പോഴും, ക്രിപ്‌റ്റോകറന്‍സിക്ക് രാജ്യത്ത് നിയമസാധുത നല്‍കാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. വിദേശത്തെ ക്രിപ്‌റ്റോകറന്‍സികളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് വലിയ നികുതി അടക്കേണ്ട സാഹചര്യവുമാണുള്ളത്. ഇക്കാര്യത്തില്‍ വൈകാതെ മാറ്റമുണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രിപ്‌റ്റോകറന്‍സിയോടുള്ള സമീപനത്തില്‍ വന്ന മാറ്റമാണ് ഇന്ത്യയേയയും മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ക്രിപ്‌റ്റോകറന്‍സിക്ക് അനുകൂല തീരുമാനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബിറ്റ്‌കോയിന് മൂല്യം ഒരുലക്ഷം ഡോളര്‍ കടന്നു. സ്വന്തം പേരില്‍ ട്രംപ് മീം കോയിന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ മാറ്റങ്ങളാണ് ഇന്ത്യയെയും സ്വാധീനിച്ചിരിക്കുന്നത്.

''ക്രിപ്‌റ്റോകറന്‍സിയേക്കുറിച്ച് നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാന്‍ കേന്ദ്രം തയാറായേക്കും. ഒന്നോ രണ്ടോ സമിതികള്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗം, സ്വീകാര്യത, ക്രിപ്‌റ്റോ ആസ്തികളുടെ പ്രാധാന്യം എന്നിവയില്‍ നിലപാട് മാറ്റിക്കഴിഞ്ഞു. വിഷയം വീണ്ടും സര്‍ക്കാരിന് മുന്നില്‍ ചര്‍ച്ചക്ക് വരും'' -ഇന്ത്യയുെട ധനകാര്യ സെക്രട്ടറി അജയ് സേത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്.ഐ.യു) ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2023 ഡിസംബറില്‍ ബിനാന്‍സ്, കുകോയിന്‍, എന്നിവയുള്‍പ്പെടെ ഒമ്പത് ഓഫ്‌ഷോര്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇവയെ വിലക്കി, ഇന്ത്യയില്‍ യു.ആര്‍.എല്‍ ഉള്‍പ്പെടെ ബ്ലോക്ക് ചെയ്യണമെന്നും എഫ്.ഐ.യു ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസും ക്രിപ്‌റ്റോകറന്‍സി ഇന്ത്യയില്‍ വരുന്നതിനെ എതിര്‍ത്തിരുന്നു. ഊഹക്കച്ചവടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ക്രിപ്‌റ്റോയെന്നും ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ക്രിപ്‌റ്റോകറന്‍സിക്ക് പ്രാധാന്യമേറുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മാറ്റങ്ങള്‍ക്ക് തയാറാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ട്രംപ് മീം കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കോയിന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1 ബില്ല്യണ്‍ മൂല്യത്തിനുള്ള കോയിനുകളാണ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് നിലവിലുള്ള കോയിനുകളുടെ മൂല്യം 4.4 ബില്ല്യണ്‍ ആയി മാറിയിരുന്നു. 0.18 ഡോളറായിരുന്നു ഒരു ട്രംപ് കോയിന്റെ വില. എന്നാല്‍ ഇത് വര്‍ധിച്ച് നിലവില്‍ 7.1 ഡോളറാണ് ഒരു ട്രംപ് കോയിന്റെ വില.

പ്രചാരണ റാലിക്കിടെ തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യമായ 'പോരാട്ടം, പോരാടുക, പോരാടുക' എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കോയിനും പുറത്തിറക്കിയത്. കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും മൂന്നാം കക്ഷികള്‍ക്ക് വേണ്ടി ക്രിപ്‌റ്റോകറന്‍സി കൈവശം വയ്ക്കുന്നത് ചെലവേറിയതാക്കുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും ട്രംപ് ആലോചിക്കുന്നുണ്ട്. രാജ്യത്തിന്റെ ഗോള്‍ഡ് റിസര്‍വിന് പകരം ക്രിപ്റ്റോ കറന്‍സി വാങ്ങുന്നതിനെ കുറിച്ചും ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.