- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആഭ്യന്തര ഉൽപ്പാദനത്തിലും മൂലധന നിക്ഷേപത്തിലും വലിയ കുതിപ്പ്; കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ രാജ്യം അതിജീവിച്ചു'; പല സമ്പദ്വ്യവസ്ഥകളേക്കാളും ഇന്ത്യയുടേത് മികച്ച നിലയിലെന്ന് ആർബിഐ ഗവർണർ
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമായി സ്ഥിരതയോടെ മുന്നേറുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കാഴ്ചവെയ്ക്കുന്നതെന്നും കോവിഡ്, യുക്രൈൻ സംഘർഷം തുടങ്ങിയ ആഘാതങ്ങളെ രാജ്യം അതിജീവിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.
'ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായ അസാധാരണമായ ആഗോള സാഹചര്യങ്ങൾ വികസിത സമ്പദ്വ്യവസ്ഥകൾ, ഇഎംഇ (എമർജിങ് മാർക്കറ്റ് എക്കണോമികൾ) എന്നിവയെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ സമ്പദ് വ്യവസ്ഥകളെക്കാൾ മികച്ച രീതിയിലാണ് ഇന്ത്യയുടെ സ്ഥിതി' ശക്തികാന്ത ദാസ് പറഞ്ഞു.
'അതിഭയങ്കരമായ വെല്ലുവിളികളാണ് ഈ ഘട്ടത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളും വർഷങ്ങളായി നിർമ്മിക്കപ്പെട്ട രീതികളും നമ്മെ നല്ല നിലയിൽ നിലനിർത്തുന്നു. രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉപരോധങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ 2022 ഏപ്രിൽ മുതൽ ആർബിഐ നിരവധി നടപടികൾ സ്വീകരിച്ചു. വളർച്ച കൈവരിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഞങ്ങൾ തുടരും' - ദാസ് വ്യക്തമാക്കി.
രണ്ടാം പാദത്തിലെ ഡാറ്റ സൂചിപ്പിക്കുന്നത് രാജ്യത്ത് സാമ്പത്തിക പ്രവർത്തനം ശക്തമായി തുടരുന്നു എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നഗര പ്രദേശങ്ങളിലെ ഡിമാന്റിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. രണ്ടര വർഷം കോവിഡിനൊപ്പമുള്ള ജീവിതത്തിന് ശേഷം വരുന്ന ഉത്സവങ്ങൾ സാമ്പത്തിക ക്രയവിക്രയത്തിന് കൂടുതൽ ഉത്തേജനം നൽകിയിട്ടുണ്ട്. ഗ്രാമീണമേഖലയിലും ഡിമാൻഡ് വർദ്ധിക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഭ്യന്തര ഉൽപ്പാദനത്തിലും മൂലധന നിക്ഷേപത്തിലും വലിയ കുതിപ്പ് പ്രകടമാണ്.
എന്നാൽ, ആഗോള തലത്തിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, പുറത്തു നിന്നുള്ള ഡിമാൻഡിലെ ഇടിവ് എന്നിവ വളർച്ചയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നും ആർബിഐ ഗവർണർ കൂട്ടിച്ചേർത്തു.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, 2022-23 ലെ യഥാർത്ഥ ജിഡിപി വളർച്ച 7 ശതമാനമായും രണ്ടാം പാദത്തിൽ 6.3 ശതമാനമായും പ്രതീക്ഷിക്കുന്നതായി ദാസ് പറഞ്ഞു. മൂന്നാം പാദത്തിൽ 4.6 ശതമാനവും നാലാം പാദത്തിൽ 4.6 ശതമാനവുമാണ് പ്രതീക്ഷ. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വളർച്ച 7.2 ശതമാനമാണ് കണക്കുകൂട്ടുന്നത്.
'ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങൾ ആഭ്യന്തര പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ട്. ജൂലൈയിലെ 6.7 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ പണപ്പെരുപ്പം 7 ശതമാനമായി ഉയർന്നു,'' ദാസ് പറഞ്ഞു.
ഖാരിഫ് നെല്ലുൽപ്പാദനം കുറയാൻ സാധ്യതയുള്ളതിനാൽ ധാന്യവിലയിലുള്ള പ്രശ്നങ്ങൾ ഗോതമ്പിൽ നിന്ന് അരിയിലേയ്ക്കും വ്യാപിക്കും. അതിനാൽ ഭക്ഷ്യവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഖാരിഫ് പയർ വർഗ്ഗങ്ങളുടെ വിതയ്ക്കൽ കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായേക്കാം.
കാലവർഷത്തിന്റെ കാലതാമസവും വിവിധ പ്രദേശങ്ങളിലെ തീവ്രമായ മഴയും ഇതിനകം തന്നെ പച്ചക്കറി വിലയെ, പ്രത്യേകിച്ച് തക്കാളിയെ സ്വാധീനിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യവിലയിലുണ്ടാകാൻ പോകുന്ന ഈ വിലക്കയറ്റം പണപ്പെരുപ്പ സാധ്യത വർധിപ്പിച്ചേക്കാമെന്നും ഗവർണർ മുന്നറിയിപ്പു നൽകി.
ന്യൂസ് ഡെസ്ക്