- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
കൊച്ചി: നാണയപ്പെരുപ്പം സംബന്ധിച്ച ചർച്ചകൾക്കിടെ 'രൂപ ഇടിയുകയല്ല ഡോളർ ശക്തിപ്പെടുകയാണ്' ചെയ്യുന്നത് എന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത് കേരളത്തിൽ വലിയ ട്രോൾ ആയിരന്നു. എന്നാൽ യുക്രെയിൻ യുദ്ധത്തോടെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഡോളർ ശക്തിപ്പെടുക തന്നെയാണ് ആഗോളവ്യാപകമായി ഉണ്ടായത്. യുക്രെയിൻ യുദ്ധം മൂലം അമേരിക്കയിലും മാന്ദ്യം ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ പലിശ നിരക്കുയർത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഇടപെടൽ ഡോളറിന്റെ മൂല്യം വർധിപ്പിപ്പിച്ചു. ഇതോടെ മറ്റ് രാജ്യങ്ങളിലെ കറൻസികൾ ഡോളറുമായി തട്ടിച്ചുനോക്കൂമ്പോൾ തകർന്നടിയുകയാണ്. ഇതിൽ പിടിച്ച് നിൽക്കുന്നത്, ഇന്ന് ജിഡിപിയുടെ കാര്യത്തിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ മാത്രമാണ്. നമ്മുടെ അയൽരാജ്യങ്ങളിലെ രൂപയുടെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഡോളറിന് 80 എന്ന താരമമ്യേന സുരക്ഷിത നിലയിലാണ് നാം.
ലങ്കക്ക് ഒപ്പം പാക്കിസ്ഥാനും
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി പോലുമില്ലാതെ നട്ടം തിരിയുന്ന പാക്കിസ്ഥാന്റ രൂപയുടെ മൂല്യം വൻതോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്റർ ബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. അതായത് ഇപ്പോൾ ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നേകാൽ പാക്ക് രൂപ കിട്ടും! ഇരട്ടിയിൽ അധികം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. അതേ സമയം ഇന്ത്യൻ രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ ഒമ്പത് പൈസയുടെ നേട്ടമുണ്ടാക്കി ഒരു ഡോളറിന് 81.52 രൂപയിൽ എത്തി.
ശ്രീലങ്കയുടെ കാര്യം അതിലേറെ ദയനീയമാണ്. ഡോളറിനെതിരെ തകർന്ന് അടിഞ്ഞ് അതിന്റെ മൂല്യം 364 ആണ്. 80രൂപയുള്ള ഇന്ത്യയുമായി താരതമ്യംചെയ്യുമ്പോൾ ഒരു ഇന്ത്യൻ രൂപ കൊടുത്താൽ നാലര ശ്രീലങ്കൻ രൂപ കിട്ടും. ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ ജീവൻ അപകടത്തിലായി. പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല. പുതിയ ഗവൺമെന്റ് ലോകബാങ്കിന്റെയും ഇന്ത്യയുടേയുമൊക്കെ കൂടുതൽ സഹായം തേടുന്നുണ്ട്.
എന്നാൽ നേപ്പാൾ ഇവരുടെ അത്ര തകർന്നിട്ടില്ല. ഡോളറിന് 130 ആണ് വിനിമയ നിരക്ക്. അതാണ് ഒരു ഇന്ത്യൻ രൂപ മാറിയാൽ ഒന്നര രൂപയിൽ അധികമാണ് ഇവിടെ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽക്കാരുടെ അവസ്ഥയും അത്ര മെച്ചമല്ല.
ചൈനയുടെയും സ്ഥിതി മെച്ചമല്ല
യുക്രെയിൻ യുദ്ധം ഉണ്ടാക്കിയ ആഗോള മാന്ദ്യത്തിന്റെ പ്രശ്നങ്ങൾ ചൈനയെ വരെ ബാധിച്ചിട്ടുണ്ട്. അവിടെ പല ബാങ്കുകളും ഇൻഷൂറൻസ് സ്ഥാപനങ്ങളും തകർച്ച നേരിട്ടു. ചൈനയുടെ യുവാന്റെ മൂല്യം 11.3 ശതമാനമാണ് ഇടിഞ്ഞത്. കോവിഡ് വീണ്ടും വന്നതോടെ വലിയൊരു സാമ്പത്തിക തകർച്ചയുടെ സൂനാമി ചൈന ഭയക്കുന്നുണ്ട്.
ചൈന മാത്രമല്ല യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും കറൻസിയുടെ മുല്യം ഇടിഞ്ഞു. യുകെ പൗണ്ടിന്റെ ഇടിവ് 21.6 ശതമാനമാണ്. സ്വീഡന്റെ ക്രോണെ 23.2 ശതമാനം താഴെപോയി. യൂറോയുടെ മൂല്യം 17 ശതമാനം ഇടിഞ്ഞതും ലോകത്തെ ഞെട്ടിച്ചിരുന്നു. ആഗോളസാമ്പത്തിക ശക്തിയായ കൊറിയയും, ഇടിവ് 18.4 ശതമാനമാണ്. ആ സമയത്ത് ഇന്ത്യൻ രൂപയുടെ ഇടിവ് വെറും 10.9 ശതമാനമാണ്. അതുപോലെ തന്നെ അർജന്റീനയും ബ്രസീലും, വെനിസ്വേലയു അടക്കമുള്ള രാജ്യങ്ങൾ നാണപ്പെരുപ്പത്തിൽ നട്ടം തിരിയുകയാണ്.
ഫിലിപ്പൈൻസിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിലക്കയറ്റത്തിന്റെ വാർത്തായണ്.ഒരു കിലോ സവാളയ്ക്ക് കിലോയ്ക്ക് 700 പെസോ ആയിരുന്നു. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റിയാൽ ആയിരം രൂപ! ഇവിടെ കോഴിയിറച്ചിയുടെ വിലയേക്കാൾ മൂന്നിരട്ടി വിലയാണ് ഉള്ളിക്ക്. ഫിലിപ്പൈൻസിലെ ഈ സവാളക്ഷാമം ഉക്രെയിൻ-റഷ്യ യുദ്ധത്തിന്റെ അനന്തരഫലമാണെന്ന് പറയപ്പെടുന്നു. ഇതോടെ ചൈനയിൽ നിന്നും വൻതോതിൽ ഉള്ളിക്കള്ളക്കടത്ത് ഫിലിപ്പൈൻസിലേക്ക് നടക്കുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ