- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക വളർച്ചയിൽ ഇന്ത്യയ്ക്ക് വൻ കുതിപ്പ്; ഏപ്രിൽ- ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത് ജിഡിപി 13.5 ശതമാനം വളർച്ച; കഴിഞ്ഞ പാദത്തേക്കാൾ മൂന്ന് ഇരട്ടി വർധന; വ്യാപാര - വാണിജ്യ രംഗത്തേയും ഗതാഗത - നിർമ്മാണ മേഖലയിലേയും വളർച്ച കരുത്തായി; കോവിഡ് കാലത്തെ 'അതിജീവിച്ച്' ഇന്ത്യ മുന്നോട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പ്. ഏപ്രിൽ- ജൂൺ പാദത്തിൽ ജിഡിപി 13.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പാദ വളർച്ചാ നിരക്കാണ് ഇത്തവണത്തേത്. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം മുന്നോട്ട് കുതിക്കുന്നുവെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.
ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. തൊട്ടുമുൻപത്തെ പാദമായ ജനുവരി- മാർച്ച് കാലയളവിൽ സാമ്പത്തിക വളർച്ചാനിരക്ക് കേവലം 4.1 ശതമാനമായിരുന്നു.ഇതിൽ നിന്നാണ് ഏപ്രിൽ പാദത്തിൽ മൂന്ന് ഇരട്ടി വർധന ഉണ്ടായത്.
മുൻവർഷം ഏപ്രിൽ- ജൂൺ കാലയളവിൽ ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുൻപത്തെ വർഷത്തെ സമാനകാലയളവിൽ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വർഷം കഴിഞ്ഞപ്പോൾ സാമ്പത്തിക വളർച്ച മെച്ചപ്പെടുകയായിരുന്നു.
ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ വളർച്ചാ നിരക്ക് 13. 5 ശതമാനം രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ കൊവിഡിനു ശേഷം കഴിഞ്ഞ വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിർമ്മാണ മേഖല എന്നിവടങ്ങളിൽ ഈ കാലയളവിലുണ്ടായ വളർച്ചയാണ് ജിഡിപി വളർച്ച ഇത്രയും ഉയരാൻ കാരണം.
ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ജൂലൈ വരെയുള്ള കാലയളവിൽ ധനക്കമ്മി 20.5 ശതമാനത്തിലെത്തി. ഇന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, നികുതികൾ ഉൾപ്പെടെ സർക്കാരിന്റെ വരവ് 7.85 ട്രില്യൺ രൂപയാണ്. നികുതി വരുമാനം 6.66 ട്രില്യൺ രൂപയാണ്. അതായത് ഈ വർഷത്തെ ബിഇയുടെ 34.4 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷവും ഏപ്രിൽ-ജൂലൈ കാലയളവിൽ വാർഷിക എസ്റ്റിമേറ്റിന്റെ 34.2 ശതമാനം ലാഭിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ മൊത്തം ചെലവ് 11.26 ട്രില്യൺ രൂപ അല്ലെങ്കിൽ 2022-23 ബിഇയുടെ 28.6 ശതമാനം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷവും ഇതേ അളവിൽ തന്നെ ആയിരുന്നു കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ്
2022 ജൂലൈ വരെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിമാസ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മുഴുവൻ വർഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 27.8 ശതമാനമായിരുന്നു മൂലധന ചെലവ്. 2022-23ൽ ഗവൺമെന്റിന്റെ ധനക്കമ്മി 16.61 ട്രില്യൺ രൂപ അല്ലെങ്കിൽ ജിഡിപിയുടെ 6.4 ശതമാനം ആയിരിക്കും.
കോവിഡ് പ്രതിസന്ധികളെ മറികടന്നുള്ള ഇന്ത്യയുടെ കുതിപ്പ് തുടരുന്നതായാണ് വാണിജ്യകാര്യമന്ത്രാലയം വിലയിരുത്തുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 13.5ലേയ്ക്ക് ഉയർന്നതായാണ് ഏറ്റവും പുതിയ കണക്ക്. ആഗോള പ്രതിന്ധിക്കിടയിലും ഇന്ത്യയുടെ മുന്നേറ്റം ശക്തമാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് എടുത്തുപറഞ്ഞു.
അടിസ്ഥാന മേഖലയിൽ നിന്നും വ്യതിചലിക്കാത്ത ഇന്ത്യയുടെ നയമാണ് മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇരട്ട അക്കത്തിൽ തന്നെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉൽപ്പാദനം സാമ്പത്തിക വർഷത്തിലെ എല്ലാ പാദത്തിലും നിലനിൽക്കുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന്റേയും വിതരണത്തിന്റേയും കരുത്തിലാണ്. ഈ സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക ഇടിവും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇന്ത്യ മുന്നേറുകയാണ്. 15.7 ശതമാനം വളർച്ച പ്രവചിച്ചത് 13.5 ലേയ്ക്ക് എത്തിക്കാനായത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തൽ.
ഇത്തവണത്തെ സാമ്പത്തിക അവലോകനത്തിൽ റിസർവ്വ് ബാങ്ക് 16.2 ആണ് വളർച്ചയാണ് പ്രതീക്ഷിച്ചത്. ഇതേ കാലയളവിൽ ചൈനയുടേത് 0.4 ശതമാനം മാത്രമാണെന്നതും ഏറെ ശ്രദ്ധനേടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഗോള പ്രതിസന്ധിയും ചൈനയെ കീഴ്മേൽ മറിക്കുകയാണ്. ബാങ്കുകളുടെ തകർച്ചയും മുതൽ മുടക്കിയ രാജ്യങ്ങളുടെ ഭരണതകർച്ചയും ചൈനയെ വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചപ്പോഴാണ് ഇന്ത്യ ഉൽപ്പാദന മേഖലയിൽ മുന്നേറുന്നത്.
മറുനാടന് മലയാളി ബ്യൂറോ