- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വാക്സിൻ യജ്ഞം രക്ഷിച്ചത് 34 ലക്ഷം പേരുടെ ജീവൻ; കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയുടെ പഠനറിപ്പോർട്ട് പുറത്ത്; ഒന്നരലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിച്ചതായും പഠനം; ഇന്ത്യയിലെ വാക്സിൻ വിതരണം അഭൂതപൂർവമായ തോതിലായിരുന്നുവെന്നും വിലയിരുത്തൽ
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ യജ്ഞം രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോർട്ട്. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാക്സിൻ യജ്ഞം മൂലം 34 ലക്ഷത്തിലധികം പേരുടെ ജീവൻ സംരക്ഷിക്കപ്പെട്ടതായും 18.3 ബില്യൺ ഡോളറിന്റെ (ഏകദേശം ഒന്നരലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിച്ചതായും പഠനറിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും ഇൻസ്റ്റിട്യൂട്ട് ഫോർ കോമ്പറ്റിറ്റീവ്നെസും സംയുക്തമായി തയ്യാറാക്കിയ പഠനറിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഫെബ്രുവരി 24-ന് പ്രകാശനം ചെയ്തു.
കേന്ദ്രസർക്കാർ 2020 മാർച്ചിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം കോവിഡ്വ്യാപനം വലിയതോതിൽ കുറയ്ക്കാൻ സാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കൂടി അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ 2020 ഏപ്രിൽ 11-നകം രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിക്കുമായിരുന്നുവെന്നും ലോക്ഡൗൺ മൂലം ഏപ്രിൽ 11-ലെ കണക്കനുസരിച്ച് 7,500 പേർക്ക് കൂടി മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ മൂലം 20 ലക്ഷത്തോളം പേരുടെ മരണം ഒഴിവാക്കാനായതായും റിപ്പോർട്ടിലുണ്ട്.
രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്തൽ, പരിശോധന വർധിപ്പിക്കൽ, ക്വാറന്റൈൻ, അവശ്യമെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കൽ, ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യങ്ങളുടെ സമയോചിതമായ നവീകരണം, സുസ്ഥിരമായ ഏകോപനം തുടങ്ങി കേന്ദ്രസർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ കോവിഡ് വ്യാപനം തടയുക മാത്രമല്ല ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനും വഴിയൊരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ സ്വീകരിച്ച നിയന്ത്രണനടപടികൾ, ദുരിതാശ്വാസവിതരണം, വാക്സിൻ വിതരണം എന്നിവയാണ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപനകാലത്തും തുടർന്നും രാജ്യത്ത് സാമ്പത്തികപ്രവർത്തനങ്ങൾ ഭദ്രമാക്കുന്നതിനും സഹായകമായതെന്നുമാണ് റിപ്പോർട്ട്.
അഭൂതപൂർവമായ തോതിലായിരുന്നു ഇന്ത്യലുടനീളമുള്ള വാക്സിൻ വിതരണമെന്നും അതിലൂടെ 3.4 മില്യണി (34 ലക്ഷം) ലധികം ജീവനുകൾ രക്ഷിക്കാനും ഒന്നരലക്ഷം കോടി രൂപയുടെ നഷ്ടമൊഴിവാക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാക്സിനേഷൻ കാമ്പെയിനിലൂടെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കാൻ രാജ്യത്തിരാജ്യത്തിനായി എന്നും റിപ്പോർട്ടിൽ പറയുന്നു
കോവിഡ്-19 നെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പ് 2020 ജനുവരിയിൽത്തന്നെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കുള്ള നടപടികൾ ലോകാരോഗ്യസംഘടന സ്വീകരിച്ചിരുന്നതായും അന്നുമുതൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഴുവൻ ഭരണസംവിധാനപ്രവർത്തനങ്ങളുടേയും സമൂഹത്തിലെ മുഴുവൻ പ്രവർത്തനങ്ങളുടേയും ഏകോപനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ആ നടപടികളാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ രാജ്യത്തെ സഹായിച്ചതെന്നും അതിനായി കേന്ദ്ര സർക്കാരിനോട് സഹകരിച്ച എല്ലാ പൗരർക്കും മാണ്ഡവ്യ നന്ദിയറിയിച്ചു. റിപ്പോർട്ടിന്റെ ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ ഷെയർ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ