- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കും? അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്; ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമം; മലയാളി നഴ്സിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം
കൊച്ചി: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി ശരിവച്ചെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
''യെമനില്‍ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികള്‍ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവു കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. യെമെന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമവും നടക്കുന്നുണ്ട്.
നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ ആദ്യഗഡുവായി 19,871 ഡോളര്‍ മാത്രമേ കൈമാറാന്‍ കഴിഞ്ഞുള്ളൂ. രണ്ടാ ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ എവിടെയും എത്തിയില്ല.
ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.
2015 ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു ബിസിനസ് പങ്കാളിയായിരുന്ന തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി.
അതേസമയം നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തന്‍ സാമുവല്‍ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.