- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്‍ എസ് എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് പിണറായിയുടെ ചേട്ടന്റെ കൊച്ചുമകന്; കണ്ണൂരിലെ വ്യവസായി പ്രേംകുമാറും ആരോപണം നിഷേധിച്ചു; കോവളത്തെ എഡിജിപി-റാം മാധവ് കൂടിക്കാഴ്ചയില്‍ ദൂരൂഹത തുടരുന്നു; ആ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് പിണറായിയും
പരാതി സര്‍ക്കാരിനെ ക്കൂടി പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും
തിരുവനന്തപുരം : ഇന്ത്യാ ടുഡേ കോള്‍ക്ലേവിനിടെ ആര്‍എസ്എസ് നേതാവ് റാം മാധവിനെ എഡിജിപി എം.ആര്‍.അജിത്കുമാര്‍ കോവളത്തു കണ്ടുവെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ അവ്യക്തതകള്‍. കൂടെ ഉണ്ടായിരുന്ന 3 പേര്‍ ആരായിരുന്നുവെന്നതില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. അതിനിടെ ഇതിലെ സൂചനകള്‍ നീണ്ടു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു അടക്കം ആരോപണം നിഷേധിച്ചു. കണ്ണൂരിലെ വ്യവസായിയായി ചര്‍ച്ചകളിലെത്തിയ വ്യക്തിയും കൂടിക്കാഴ്ച നിഷേധിച്ചു. ഇതോടെ കോവളത്തെ എഡിജിപിയുടെ കൂടിക്കാഴ്ചാ വിവാദം പുതിയ തലത്തിലെത്തുന്നു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎല്‍എം ഗ്രൂപ്പ് ചെയര്‍മാനുമായ ആര്‍.പ്രേംകുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാര്‍ക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായണ്‍, ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍ എന്നിവരുടെ പേരുകളാണു പ്രചരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ ആരോപണം നിഷേധിച്ചു. മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് നേരത്തേ ജയകുമാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റാം മാധവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പ്രതികരിക്കുന്നുമില്ല. പിണറായിയുടെ ഉറ്റ ബന്ധുവും ആരോപണം നിഷേധിക്കുന്നു.
''പല നേതാക്കളെയും പരിചയമുണ്ട്. അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. ആരോപണമുന്നയിച്ചവര്‍ തെളിവുകള്‍ പുറത്തുവിടട്ടെ. എന്റെ ഫോണ്‍ രേഖകളടക്കം പരിശോധിക്കാം'' പ്രേംകുമാര്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആര്‍എസ്എസ് നേതാക്കള്‍ ആ പട്ടികയിലില്ലെന്നു ജിഗീഷ് പ്രതികരിച്ചു. ''പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയില്‍ തെന്നിവീണ് 7 മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കില്‍ പൊലീസിനു തെളിയിക്കാമല്ലോ'' -ഇതാണ് ജിഗീഷിന്റെ പ്രതികരണം.
രഹസ്യാന്വേഷണ വിഭാഗത്തിന്റേതായി തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ നിലപാട് എടുത്തതായും റിപ്പോര്‍ട്ടുണ്ട്. അജിത് കുമാര്‍ മുഖ്യമന്ത്രിയെയും പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനെയും ഇക്കാര്യം അറിയിച്ചു എന്നാണ് സൂചന. ഇരുവരെയും നേരില്‍ കണ്ടാണ് അജിത് കുമാര്‍ പരാതി ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2023 മെയ് 23 ന് താന്‍ തൃശൂരില്‍ വെച്ച് ദത്താത്രേയ ഹൊസബാലെയെ കണ്ടു എന്ന് സെപ്ഷ്യെല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന മാധ്യമ വാര്‍ത്തയ്ക്ക് പിന്നിലും കോവളത്ത് വെച്ച് ആര്‍എസ്എസ് നേതാവ് രാംമാധവിനെ കണ്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നിലും ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമാണ്. ഇക്കാര്യം അന്വേഷണക്കണമെന്നുമാണ് അജിത് കുമാറിന്റെ ആവശ്യം.
അജിത് കുമാറിനെ വ്യക്തിപരമായി ക്ഷീണമുണ്ടാക്കുന്നു എന്നതിനുമപ്പുറം ഇത്തരം വാര്‍ത്തകള്‍ സിപിഎമ്മിനും സര്‍ക്കാരിനും തികച്ചും ദോഷകരമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി, പരാതി ഗൗരവമായാണ് കണക്കിലെടുത്തത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയോട് കാര്യങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി, മനോജ് എബ്രഹാമിനെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനൊപ്പമാണ് മനോജ് എബ്രഹാം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇത് സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി തേടുകയും മനോജ് എബ്രഹാം ഇക്കാര്യം നിഷേധിക്കുകയും ചെയ്തതായാണ് വിവരം.
ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പഴുതുപയോഗിച്ച് രഹസ്യാന്വേഷണ വിഭാഗം മേധാവി എന്ന നിലയില്‍ തനിക്കെതിരെ മനോജ് എബ്രഹാം നീങ്ങുന്നു എന്നാണ് അജിത് കുമാറിന്റെ ആരോപണം. പരാതി സര്‍ക്കാരിനെക്കൂടി പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.