ആഗ്ര: വിശ്വസിക്കാനാവാതത അയൽക്കാരനാണ് ചൈന. തരം കിട്ടിയാൽ, സ്ഥലം കയ്യേറ്റത്തിന് മുതിരുന്ന സ്വഭാവക്കാർ. അതിർത്തിയിൽ നിതാന്ത ജാഗ്രത വേണ്ടി വരുന്നതിന് കാരണവും മറ്റൊന്നല്ല. യഥാർത്ഥ നിയന്ത്രണരേഖയിലും മറ്റും തന്ത്രപരമായ നിരീക്ഷണത്തിന് ജെറ്റ് പാക്ക് സ്യൂട്ടുകൾ പരീക്ഷിക്കുകയാണ് ഇന്ത്യൻ സൈന്യം.

ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് സൈന്യത്തിന് വേണ്ടി സ്യൂട്ടുകൾ നിർമ്മിച്ചത്. 48 ജെറ്റ് പാക്കുകൾ ജനുവരിയിൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. ആഗ്രയിലെ ഇന്ത്യൻ ആർമി എയർബോൺ ട്രെയിനിങ് സ്‌കൂളിൽ (എ.എ.ടി.എസ്) ചൊവ്വാഴ്ചയായിരുന്നു പരീക്ഷണ പറക്കൽ.

ഗ്രാവിറ്റി ഇൻഡസ്ട്രീസിന്റെ സ്ഥാപകൻ റിച്ചാർഡ് ബ്രൗണിങ് ജലാശയത്തിനും, കെട്ടിടങ്ങൾക്കും വയലുകൾക്കും മീതേ പറന്ന് ഡെമോ കാട്ടുന്ന വീഡിയോയും പുറത്തുവന്നു. വാതകമോ, ദ്രാവകമോ ഇന്ധനമാക്കിയാണ് ജെറ്റ് പാക്ക് സ്യൂട്ടിലെ പറക്കൽ.

പട്രോളിങ്ങിനും നിരീക്ഷണത്തിനും ഏറ്റവും മികച്ച ഉപാധിയാണ് ജെറ്റ് സ്യൂട്ടുകൾ. വാഹനങ്ങൾ എത്താൻ വിഷമം ഉള്ളയിടങ്ങളിൽ ഈ സ്യൂട്ടുകൾ ഉപയോഗിക്കാവുന്നതാണ്. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിലും ഇത് വലിയ മുതൽക്കൂട്ടാകും.

ജെറ്റ് സ്യൂട്ടുകൾക്ക് 10 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. പിൻഭാഗത്തുള്ള ടർബോ എൻജീൻ ഉൾപ്പെടെ അഞ്ച് എൻജീനുകളാണ് ഇതിലുള്ളത്. ആകെ ഭാരം 50 കിലോയോളം വരുമെന്ന് കമ്പനി പറയുന്നു.

3500 കിലോമീറ്റർ വരുന്ന യഥാർത്ഥ നിയന്ത്രണ രേഖയിൽ 2020 ലെ ലഡാക്ക് അതിർത്തി പ്രശ്‌നത്തെ തുടർന്ന് ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.