- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശുഭാന്‍ഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്; ആക്സിയോം-4 ബഹിരാകാശ ദൗത്യ സംഘം പറക്കുന്നത് അടുത്ത മാസം; ദൗത്യത്തിന്റെ ഭാഗമാകുന്നത് നാല് ബഹിരാകാശ യാത്രക്കാര്‍; യാത്ര തിരിക്കുന്നത് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍: സുപ്രധാന നാഴികക്കല്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു വലിയ ചുവടുവെപ്പ് കൂടി. ഇന്ത്യന്‍ സ്വദേശി ശുഭാന്‍ഷു ശുക്ലയെ ഉള്‍പ്പെടുത്തി ആക്സിയോം-4 ബഹിരാകാശ ദൗത്യ സംഘം അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നാസയും ആക്സിയോം സ്പേസും ചേര്‍ന്ന് നടത്തിയ കഠിന പരിശീലനം ശുക്ല കഴിഞ്ഞ എട്ട് മാസമായി നടത്തി വരികയാണ്. ഇന്ത്യന്‍ ബഹിരാകാശ പ്രസ്ഥാനത്തിനും രാജ്യത്തിനുമെല്ലാം അഭിമാനകരമായ നിമിഷമാണിതെന്ന് കേന്ദ്ര ബഹിരാകാശ സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങള്‍ക്ക് ഇതുവഴി ആഗോള തലത്തില്‍ പുതിയ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ആക്‌സ്-4 വിക്ഷേപിക്കുക. നാല് ബഹിരാകാശ യാത്രികരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഇതിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്ക, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് ക്രൂ അംഗങ്ങള്‍. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിലേക്കും ശുഭാന്‍ഷുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന ദൗത്യമായിരിക്കും ഇതെന്ന ശുഭാപ്തി വിശ്വാസം കേന്ദ്ര മന്ത്രി പ്രകടിപ്പിച്ചു.
മന്ത്രിയുടെ വാക്കുകള്‍: 'ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ബഹിരാകാശ ദൗത്യം അടുത്ത മാസം വിക്ഷേപിക്കും. ബഹിരാകാശ യാത്രയില്‍ നിര്‍ണായകമായ ഒരു അധ്യായം എഴുതിച്ചേര്‍ക്കാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുന്നു. ബഹിരാകാശത്ത് ഐഎസ്ആര്‍ഒ പുതിയ അതിര്‍ത്തികള്‍ കണ്ടെത്തുമ്പോള്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനായി തയാറെടുക്കുകയാണ്. ഗഗന്‍യാന്‍ തയാറെടുപ്പ്, ഐഎസ്എസ് ദൗത്യം എന്നിവയിലൂടെ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ വാനോളം ഉയരുകയാണ്'.
അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു ശുക്ല. ആക്‌സിയോം-4 ദൗത്യം പൂര്‍ത്തിയാകുന്നതോടെ ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശയാത്രികന്‍ കൂടിയാകും ശുഭാന്‍ഷു ശുക്ല. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് 40 കാരനായ ശുഭാന്‍ഷു ശുക്ല. 60 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സംഘം യാത്ര തിരിക്കുന്നത്.
അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് യാത്രികര്‍. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ മുന്‍ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ ആണ് മിഷന്‍ കമാന്‍ഡര്‍. അവരുടെ രണ്ടാമത്തെ വാണിജ്യ മനുഷ്യ ബഹിരാകാശ യാത്രയാണിത്. 675 ദിവസമാണ് പെഗ്ഗി വിറ്റ്സണ്‍ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്. സ്ലാവോസ് ഉസാന്‍സ്‌കി ആയിരിക്കും മിഷന്‍ സ്‌പെഷ്യലിസ്റ്റ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ലയായിരിക്കും ദൗത്യത്തിന്റെ പൈലറ്റ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്പേസ്' എന്ന സ്വകാര്യ കമ്പനി നടത്തുന്ന നാലാമത്തെ ബഹിരാകാശ യാത്രയാണിത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷമായിരിക്കും ദൗത്യസംഘം മടങ്ങുക. നാസ, സ്പേസ് എക്സ്, ഐഎസ്ആര്‍ഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്. 14 ദിവസങ്ങളോളം നീളുന്ന ദൗത്യത്തില്‍ ബഹിരാകാശ യാത്രികര്‍ മൈക്രോഗ്രാവിറ്റിയില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും.
ബഹിരാകാശരംഗത്തെ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണ് ശുഭാന്‍ഷു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ശുഭാന്‍ഷു ശുക്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശുഭാംശു ശുക്ല 2006 ലാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഭാഗമായത്. 2000 മണിക്കൂര്‍ ഫ്ളൈയിങ് പരിചയമുള്ള ശുഭാന്‍ഷു നിരവധി യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല്‍വര്‍ സംഘത്തില്‍ ശുഭാന്‍ഷു ശുക്ല, മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.