കൊല്ലം: വായ്പ കുടിശ്ശിക ആയപ്പോൾ കേരള ബാങ്ക് ജപ്തി നോട്ടീസ് വീട്ടിൽ പതിച്ചതിനെത്തുടർന്ന് അഭിരാമി എന്ന പെൺകുട്ടി കൊല്ലത്ത് ആത്മഹത്യ ചെയ്തിട്ട് അധിക നാളായില്ല. അഭിരാമി ആത്മഹത്യ ചെയ്തിട്ടും ഒരു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഈ കുടുംബത്തിന് ലഭ്യമായിട്ടുമില്ല.

ബാങ്കുകാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായ അഭിരാമിയുടെ കുടുംബത്തിന് സമാനമായ അവസ്ഥ നേരിടുകയാണ് കൊല്ലം പുത്തൂരിലെ കോട്ടാത്തല നീതു ഭവനത്തിൽ എസ്. മോഹനന്റെ കുടുംബം .

രണ്ട് പെൺമക്കളാണ് മോഹനന് ഉള്ളത്. ഇതിൽ ഒരു മകളെ നഴ്‌സിങ് പഠിപ്പിക്കാൻ 2007 ൽ ഇന്ത്യൻ ബാങ്ക് പുത്തൂർ ശാഖയിൽ നിന്നും മോഹനൻ 1,39,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഇപ്പോൾ മോഹനന് നോട്ടിസ് ലഭിച്ചിരിക്കുകയാണ്. വായ്പ എടുത്ത തുകയുടെ മൂന്നിരട്ടി 7 ദിവസം കൊണ്ട് തിരിച്ചടയ്ക്കണമെന്ന നോട്ടീസ് കണ്ട് തളർന്നിരിക്കുകയാണ് മോഹനനും കുടുംബവും.

പെൺമക്കളുടെ വിവാഹ ആവശ്യത്തിനായി വീടും വസ്തുവും ഈട് വച്ച് 10 ലക്ഷം രൂപ വേറെയും വായ്പ എടുത്തിരുന്നു. അതും കുടിശിക ആയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പയായ ഇത്രയും വലിയ തുക തിരിച്ചടയ്ക്കാൻ ഒരു മാർഗ്ഗവും കാണാതെ ഉഴലുകയാണ് മോഹനനും ഭാര്യയും .

1,39,000 രൂപ വിദ്യാഭ്യാസ വായ്പ എടുത്തതിൽ 2015 വരെയുള്ള കാലയളവിൽ സബ്‌സിഡി ഇനത്തിൽ ലഭിച്ചതും നേരിട്ട് അടച്ചതുമായ 58,000 രൂപ വായ്പയിൽ കുറവു വരുത്തുകയും ചെയ്തു. പിന്നീട് തിരിച്ചടവ് മുടങ്ങി. വായ്പ അദാലത്തിൽ തിരിച്ചടവിന് മോഹനൻ ഇളവു വാങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ ബാങ്കിനു വേണ്ടി വായ്പ ഇടപാടു കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനി 4,30,000 രൂപ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കണമെന്നു കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുനത് .

മോഹനൻ കൂലിപ്പണിക്കാരനാണ്. ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയുമാണ്. മകൾ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. ഇത്രയും വലിയ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആധിയിലാണ് മോഹനനും കുടുംബവും .