- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്ന്'; ദുബായ് ഇങ്ങനെയുമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഇതിനൊരു അവസാനമില്ലേ?; കുടുംബ ഗ്രൂപ്പിലെ ആ സന്ദേശങ്ങൾ കണ്ട് നെഞ്ചുപിടഞ്ഞ് പ്രകാശ് ദദ്‌ലാനി; ചർച്ചയായി ഇന്ത്യൻ സംരംഭകന്റെ കുറിപ്പ്

ദുബായ്: "ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്നായിരുന്നു ഇതുവരെയുള്ള കരുതിയത്. പക്ഷേ, എന്റെ കുടുംബ ഗ്രൂപ്പിലെ സന്ദേശങ്ങൾ ഒരു ദിവസം ഇങ്ങനെയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..." പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ ദുബായിലുള്ള തന്റെ കുടുംബത്തിന്റെ നെഞ്ചിടിപ്പ് പങ്കുവെക്കുകയാണ് ഹോങ്കോങ് ആസ്ഥാനമായുള്ള ഇന്ത്യൻ സംരംഭകൻ പ്രകാശ് ദദ്‌ലാനി.
ദുബായിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ–മിസൈൽ ആക്രമണങ്ങൾ ഉണ്ടായതിന് പിന്നാലെ പ്രകാശ് പങ്കുവെച്ച വാട്‌സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പ്രവാസലോകത്തെ നിലവിലെ ഭീതിയുടെ നേർച്ചിത്രമാവുകയാണ്. "ഇപ്പോൾ ശരിക്കും പേടി തോന്നുന്നു, ഇതിനൊരു അവസാനമില്ലേ?" എന്നായിരുന്നു ദുബായിലുള്ള അദ്ദേഹത്തിന്റെ അമ്മ അയച്ച സന്ദേശം. സുരക്ഷിത താവളമെന്ന് പേരുകേട്ട ദുബായിൽ പോലും യുദ്ധത്തിന്റെ നിഴൽ വീണത് പ്രവാസികളെ അത്രമേൽ ആശങ്കയിലാക്കിയിരിക്കുന്നു.
"ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ് ദുബായ്," എന്ന കുറിപ്പോടെയാണ് ഹോങ്കോങ് ആസ്ഥാനമായുള്ള ഇന്ത്യൻ സംരംഭകൻ തന്റെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. "എന്റെ കുടുംബ ഗ്രൂപ്പിലെ സംഭാഷണങ്ങൾ ഒരു ദിവസം ഇത്തരത്തിലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല," അദ്ദേഹം തന്റെ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഗൾഫ് നഗരങ്ങളിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇപ്പോൾ ആക്രമണമുണ്ടായിരിക്കുകയാണ്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ തിരിച്ചടിച്ച് ഇറാൻ. ആക്രമണത്തിന്റെ രണ്ടാം ദിനം ദുബായിലും ഖത്തർ തലസ്ഥാനമായ ദോഹയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ചരിത്രത്തിലാദ്യമായി ഒമാന് നേരെയും ആക്രമണമുണ്ടായി. ദുബായ് മീഡിയ ഓഫീസിന്റെ പ്രസ്താവന പ്രകാരം, ഡ്രോണുകൾ വെടിവെച്ചിടുന്നതിനിടെ തകർന്ന അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ വീണ് ദുബായിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 42,000-ലധികം ഉപയോക്താക്കളാണ് കണ്ടത്. കമന്റ് ബോക്സിൽ എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായി പലരും കുറിച്ചു. "ഭീകരമായ ഈ ബോംബാക്രമണങ്ങളിൽ നിന്ന് അവർ സുരക്ഷിതരായിരിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു," എന്ന് ഒരാൾ എഴുതി. "എന്റെ ഒരു സുഹൃത്തും അവിടെയുണ്ട്. അവിടെയും ഇവിടെയും ചില പ്രശ്നങ്ങളൊക്കെയുണ്ട്, പക്ഷേ ഞങ്ങൾ സുരക്ഷിതരാണെന്നാണ് അവൾ പറഞ്ഞത്. എങ്കിലും സത്യം പറഞ്ഞാൽ എനിക്ക് വലിയ ആശങ്കയുണ്ട്. എന്റെ ഏക പ്രിയ സുഹൃത്താണവൾ," മറ്റൊരാൾ കുറിച്ചു.
''സമ്പന്നരുടെ സുരക്ഷിത സ്വർഗ്ഗമെന്ന് കരുതപ്പെടുന്ന ദുബായിയെ ആക്രമിക്കുന്നതിലൂടെ അമേരിക്കയെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദുബായിൽ ഇപ്പോൾ ആളുകൾക്ക് അസുരക്ഷിതത്വം അനുഭവപ്പെടുന്നു. ഭൗമരാഷ്ട്രീയ തർക്കങ്ങളുടെ വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരാണ്," എന്ന് മൂന്നാമതൊരു ഉപയോക്താവ് കുറിച്ചു.


