കൊച്ചി: ഇന്ത്യന്‍ നാവിക സേന തിരുവനന്തപുരത്തേക്ക്. നാവിക സേനാ ദിനമായ ഡിസംബര്‍ 4 ന് തിരുവനന്തപുരം ശംഖുമുഖത്ത് നാവിക സേന ഓപ്പറേഷണല്‍ ഡെമോന്‍സ്ട്രേഷന്‍ നടത്തുമെന്ന് ദക്ഷിണ നാവിക സേനാ വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാവിക സേനയുടെ ശക്തി എന്തെന്ന് ഇന്ത്യയുടെ തെക്കേ അറ്റത്ത് കൂടി പ്രദര്‍ശിപ്പിക്കാനാണ് ഇത്തവണ നാവിക സേനാ ദിനത്തില്‍ ഓപ്പ് ഡെമോ എന്ന ഓപ്പറേഷണല്‍ ഡെമോന്‍സ്ട്രേഷന്‍ തിരുവനന്തപുരത്ത് നടത്തുന്നത്. ഇന്ത്യന്‍ പ്രസിഡന്റോ പ്രധാന മന്ത്രിയോ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. നാവിക സേനയുടെ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും അടക്കം നിരവധി കാഴ്ചകള്‍ നാവിക സേന ഒരുക്കും. കൂടാതെ കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന രീതികളും ശത്രുക്കളെ കീഴ്പ്പെടുത്തുന്നതും മറ്റുമുള്ള അഭ്യാസ പ്രകടനങ്ങളും നടത്തും.

18 മീറ്ററിലധികം ആഴമുള്ള പ്രദേശമാണ് ശംഖുമുഖം ബീച്ച്. അതിനാല്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ തൊട്ടടുത്ത് കാണാനാകും എന്ന പ്രത്യേകത കൂടി ഇവിടെയുണ്ട്. കേരള സര്‍ക്കാരുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി നാവിക സേനാ മേധാവികള്‍ ചര്‍ച്ച നടത്തി. പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം മാരിടൈം തീയേറ്റര്‍ കമാന്‍ഡ് തിരുവനന്തപുരത്ത് വരുന്നതിന്റെ സൂചനയാണ് ഓപ് ഡെമോ ശംഖുമുഖത്ത് നടത്തുന്നതെന്ന് നേവിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ പറയുന്നു. തിരുവനന്തപുരമാണ് മാരി ടൈം തീയേറ്റര്‍ കമാന്‍ഡ് ആസ്ഥാനമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത് എന്ന് മുന്‍ ഡിഫന്‍സ് പി.ആര്‍.ഓ ഡി.കെ ശര്‍മ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2023 വരെ കാര്‍വാറായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. കര സേന, നാവിക സേന, വ്യോമ സേന എന്നീ മൂന്ന് സായുധ സേനകളെ സംയുക്തമായി ഏകോപിപ്പിച്ച് സമുദ്ര മേഖലയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംവിധാനമാണ് മാരി ടൈം കമാന്‍ഡ്.

നാവിക സേനയുടെ യുദ്ധകപ്പലുകളും വിമാനങ്ങളും പ്രകടനങ്ങളും മലയാളികള്‍ക്ക് അടുത്ത് കാണാന്‍ അവസരമൊരുക്കുകയാണ് ദക്ഷിണ നാവിക സേന. ഇങ്ങനെ ഒരു അവസരം ഇനി ഉണ്ടാകുമോ എന്നറിയില്ല. അതിനാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.