വാഷിങ്ടൺ: ഇന്ത്യൻ വംശജനായ അജയ് ബാംഗയെ ലോക ബാങ്കിന്റെ തലവനായി തിരഞ്ഞെടുത്തു. അഞ്ചു വർഷത്തേക്കാണ് പ്രസിഡന്റായി അജയ് ബാംഗയെ നിയമിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ 25 അംഗ എക്‌സിക്യുട്ടീവ് ബോർഡാണ് ബാംഗയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയാണ് അജയ്. പൂണെയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ്. അച്ഛൻ ഹർഭജൻ സിഭ് ബാംഗ കരസേനയിൽ ലഫ്റ്റനന്റ് ജനറലായിരുന്നു.

അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചത്. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദ്ദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

ഡേവിഡ് മൽപാസിന്റെ പിൻഗാമിയായാണ് അജയ് ബംഗ ലോക ബാങ്ക് തലവനാകുന്നത്. അഞ്ചുവർഷത്തെ കാലാവധി ഉണ്ടെങ്കിലും നാലാം വർഷം താൻ വിരമിക്കുകയാണെന്ന് ഡേവിഡ് മൽപാസ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. മൽപാസിനെ മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് നാമനിർദ്ദേശം ചെയ്തത്. ലോക ബാങ്കിന്റെ അദ്ധ്യക്ഷൻ പരമ്പരാഗതമായി അമേരിക്കയുടെ നോമിനിയാണ്.

'ചരിത്രത്തിലെ ഈ നിർണായക മുഹൂർത്തത്തിൽ ലോക ബാങ്കിനെ നയിക്കാൻ തികച്ചും പ്രാപ്തനാണ് അജയ്. മൂന്നുപതിറ്റാണ്ടോളം, ആഗോള കമ്പനികളെ വിജയകരമായി നയിക്കുകയും, തൊഴിലുകൾ സൃഷ്ടിക്കുകയും, വികസ്വര രാജ്യങ്ങളിലേക്ക് നിക്ഷേപം കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ്. ആഗോള നേതാക്കളുമായി സഹകരിച്ച് ഫലമുണ്ടാക്കാനും, ആളുകളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യാനും പ്രാപ്തി ഉണ്ടെന്ന് തെളിയിച്ച ആളുമാണ്', ബൈഡൻ വൈറ്റ് ഹൗസ് പ്രസ്താവനയിൽ നേരത്തെ പറഞ്ഞിരുന്നു,

കാലാവസ്ഥാ വ്യതിയാനം അടക്കം, അടിയന്തര വെല്ലുവിളികളെ നേരിടാൻ, പൊതു-സ്വകാര്യ വിഭവ വിനിയോഗത്തിൽ നിർണായകമായ അനുഭവപരിചയവും ഉണ്ട് 63 കാരനായ അജയ് ബംഗയ്ക്ക്. വികസ്വര രാഷ്ട്രങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കാനും, സമൃദ്ധിയിലേക്ക് നയിക്കാനും ഉള്ള ലോക ബാങ്കിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ തനതായ കാഴ്ചപ്പാടുള്ള ആളാണ് അജയ് എന്നും ബൈഡൻ വിശേഷിപ്പിച്ചിരുന്നു.

പൂണെയിലെ ഒരു സിഖ് കുടുംബത്തിൽ ജനിച്ച ബാംഗയുടേ വേരുകൾ പഞ്ചാബിലാണ്. ഹൈദരബാദിലായിരുന്നു അജയ് ബംഗയുടെ സ്‌കൂൾ വിദ്യാഭ്യാസം. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഐഐഎം അഹമ്മദാബാദിൽ നിന്ന് മാനേജ്മെന്റ് ബിരുദവും സ്വന്തമാക്കി. നെസ്ലെയിലാണ് പ്രൊഫഷണൽ ജീവിതം തുടങ്ങിയത്. പിന്നീട് പെപ്സികോയിൽ ചേർന്നു. 2010 ലാണ് മാസ്റ്റർ കാർഡിന്റെ സിഇഒയായത്. 2020 വരെ മാസ്റ്റർ കാർഡിൽ തുടർന്നു. നിലവിൽ ജനറൽ അറ്റ്ലാന്റിക്കിന്റെ വൈസ് ചെയർമാനാണ്.

അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ് ഡോ ഇൻക് എന്നിവയുടെ ബോർഡംഗമായിരുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

2016 ൽ പത്മശ്രീ നൽകി ഇന്ത്യ അജയ് ബംഗയെ ആദരിച്ചിരുന്നു.