വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാരെ കര്‍ശനമായി നേരിടുന്ന നയത്തിന്റെ ഭാഗമായി നിരവധി വിദ്യാര്‍ത്ഥികളുടെ വിസയും റദ്ദാക്കിയിരുന്നു. ഏതാണ്ട് മൂവായിരത്തോളം വിദേശ വിദ്യാര്‍ത്ഥികളുടെ വിസയാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടത്.ഇവരില്‍ നിരവധി പേര്‍ ഇന്ത്യക്കാരാണ്. അതേ സമയം അമേരിക്കന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടത് യു.എസ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പ്രിയ സക്സേന എന്ന ഇന്ത്യാക്കാരിയുടെ വിസ ട്രാഫിക്ക്് നിയമലംഘനത്തിന്റെ പേരിലാണ് അധികൃതര്‍ റദ്ദാക്കിയിരുന്നത്. സൗത്ത് ഡെക്കോട്ടയിലെ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. നേരത്തേ ഇതേ സര്‍വ്വകലാശാലയില്‍ നിന്നാണ് ഇവര്‍ ഡോക്ടറേറ്റ് എടുത്തത്. പ്രിയ സക്‌സേനയുടെ സ്റ്റുഡന്റ് വിസ കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇത് അവരുടെ പി.എച്ച്.ഡി പഠനം

പൂര്‍ത്തിയാക്കുന്നതിനും ഈ മാസം പത്തിന് നടന്ന ബിരുദദാന ചടങ്ങിലും പങ്കെടുക്കുന്നതിന് തടസമായി മാറിയിരുന്നു.

പ്രിയ സക്സേനയുടെ പേരില്‍ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിസ റദ്ദാക്കിയത്. എന്നാല്‍ കോടതി രേഖകള്‍ പരിശോധിച്ചപ്പോള്‍ 2021 ല്‍ അവരുടെ പേരില്‍ പിഴ ചുമത്തിയത് ചെറിയൊരു ട്രാഫിക്ക് ലംഘനത്തിന്റെ പേരിലായിരുന്നു എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ചെറിയൊരു കുറ്റത്തിന് പിഴയടച്ചത് നാട് കടത്താന്‍ ഉതകുന്ന തരത്തിലുള്ള കുറ്റമല്ല എന്നാണ് പ്രിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. 2027 ഫെബ്രുവരി വരെയാണ് അവരുടെ വിസയ്ക്ക് കാലാവധി ഉണ്ടായിരുന്നത്.

സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം അഥവാ സെവിസ് പ്രകാരമാണ് പ്രിയ സക്സേന അമേരിക്കയില്‍ ഗവേഷണത്തിനാിയ എത്തിയത്. വിസ റദ്ദായാല്‍ പിന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

വിസയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ട്രാക്ക് ചെയ്യുന്നതിനുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡാറ്റാബേസാണ് സെവിസ് സംവിധാനം. കഴിഞ്ഞ മാസം പകുതിയോടെ പ്രിയ ഒരു അഭിഭാഷകന്‍ മുഖേന ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ഒരു ഫെഡറല്‍ ജഡ്ജി താല്‍ക്കാലിക നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച അവസാനത്തോടെ അവര്‍ക്ക് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കാനും ബിരുദം നേടാനും ഇതിലൂടെ സാധ്യമായിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് പ്രിയക്ക് അമേരിക്കയില്‍ പഠനം തുടരാനും കോടതിയുടെ അനുമതിയില്ലാതെ അവരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെക്കാതിരിക്കാനും അനുമതിയും ലഭിച്ചു. ആഭ്യന്തര വകുപ്പ് അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് പ്രിയ സക്സേനക്ക് വലിയ തോതിലുളള ദോഷം വരുത്താനും ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടികളില്‍ നിന്ന് നീതിപീഠം ഒരു നിരപരാധിയെ രക്ഷിച്ചു എന്നാണ് പ്രിയയുടെ അഭിഭാഷകന്‍ ജിം ലീച്ച് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയ്ക്ക് ഏറെ ആവശ്യമുള്ള വ്യക്തിയാണ് പ്രിയയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികളായ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുക തന്നെ വേണം എന്ന് പറഞ്ഞ ജിം ലീച്ച് ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ഒരാളിനെ കുറ്റവാളിയാക്കി പ്രഖ്യാപിച്ചാല്‍ പിന്നെ ഈ രാജ്യത്ത് എത്ര പേര്‍ അവശേഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപ് ഭരണകൂടം രാജ്യത്തുടനീളമുള്ള വിദേശ വിദ്യാര്‍ത്ഥികളെ പിന്തുടരുകയും അവരെ നാടുകടത്താനും നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ അനുകൂല നിലപാടുള്ള പലരേയും ഇതിനകം തന്നെ നാടുകടത്തി കഴിഞ്ഞു.