- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡന് ഗ്ലോബ് റേസിനിടെ നിർണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് പരിക്ക്; ഡോക്ടർമാരുമായി ബന്ധപ്പെട്ടു; പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി; രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ മുൻ നാവിക സേന കമാൻഡർ യാത്ര തുടരുന്നു
ന്യൂഡൽഹി: ഗോൾഡന് ഗ്ലോബ് റേസിന്റെ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ മുൻ നാവിക സേന കമാൻഡർ അഭിലാഷ് ടോമിക്ക് പരിക്കേറ്റു. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരിക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു.
ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് നിലവിൽ അഭിലാഷിന് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.
സെപ്റ്റംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ മാസം വരെയാണ് തുടരുക. പായ്വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, മക് ഗ്രിഗർ പുരസ്‌കാരം, ടെൻസിങ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷമാദ്യം വിരമിച്ചിരുന്നു.
നാവിക സേനയുടെ ഗോവ ആസ്ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. പതിനെട്ട് നാവികരാണ് ഗോൾഡൻ ഗ്ലോബ് റേസിന്റെ തുടക്കത്തിലുണ്ടായിരുന്നത്. അഞ്ച് പേർ പിൻവാങ്ങിയിരുന്നു. 300 ദിവസം കൊണ്ട് 30000 മൈൽ പിന്നിടുന്നതാണ് റേസിൻഫെ ലക്ഷ്യം.
ബയനാത്ത് എത്ത ബോട്ടിലാണ് അഭിലാഷിന്റെ രണ്ടാം ഗോൾഡൻ ഗ്ലോബ് റേസ്. സാഹസികന്മാരായ നാവികരുടെ ഭ്രാന്തൻ വിനോദമായ ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രമിങ്ങനെയാണ്. ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിന്റെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയിൽ ലോകം ചുറ്റി വരുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഏറ്റെടുക്കുന്നത്.
ഗോൾഡൻ ഗ്ലോബ് റേസ് 2018 മത്സരത്തിൽ പങ്കെടുക്കവെ അഭിലാഷ് ടോമിക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഗുരുതരമായ അപകടത്തിൽ പരിക്കേറ്റിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.
2012-13 വർഷം ഇടവേളയില്ലാതെ ലോകം മുഴുവൻ അഭിലാഷ് ടോമി പായ്‌വഞ്ചിയിൽ യാത്ര ചെയ്തിരുന്നു. ഏകദേശം 53,000 നോട്ടിക്കൽ മൈലുകൾ താണ്ടിയ നാവികൻ ആണ് അഭിലാഷ്.
ഗോൾഡൻ ഗ്ലോബ് ജേതാവ് ജോൺസ്റ്റൻ യാത്ര ചെയ്തിരുന്ന സുഹൈലി എന്ന പായ്‌വഞ്ചിയുടെ മാതൃകയായ തുരിയ എന്ന പായ്‌വഞ്ചിയിലായിരുന്നു അഭിലാഷിന്റെ മത്സരം. മത്സരത്തിന്റെ 80 ദിവസങ്ങൾ പൂർത്തിയാക്കിയ സമയത്തായിരുന്നു അപകടം. അപകടത്തിൽ പെടുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ് ടോമിയുടെ സ്ഥാനം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയിലെ പെർത്ത് നഗരത്തിന് 1900 മൈൽ അകലെവച്ച് ശക്തമായ ഒരു കാറ്റിൽ പായ്‌വഞ്ചി അപകടത്തിൽ ആകുകയും അഭിലാഷിന് നടുവിന് പരിക്ക് പറ്റുകയുമായിരുന്നു. ഇന്ത്യൻ നാവികസേന മറ്റു രാജ്യങ്ങളിലെ രക്ഷാപ്രവർത്തകരുമായി ചേർന്ന് അഭിലാഷ് ടോമിയെ രക്ഷപെടുത്താൻ സംയുക്ത നീക്കത്തിലായിരുന്നു. ഇതിനിടെ ഫ്രഞ്ച് മത്സ്യബന്ധന പട്രോളിങ് വെസൽ ഒസീരിസ് അഭിലാഷ് ടോമിയെ രക്ഷപെടുത്തുകയായിരുന്നു.
ഗോൾഡൻ ഗ്ലോബ് റേസ്
1968-69 വർഷത്തിൽ ഒറ്റയ്ക്ക്, എവിടെയും നിർത്താതെ പായ്‌വഞ്ചിയിൽ ആദ്യമായി ലോകം ചുറ്റിയ ബ്രിട്ടീഷ് നാവികൻ റോബിൻ നോക്‌സ് ജോൺസ്റ്റൻ നടത്തിയ യാത്രയാണ് ഗോൾഡൻ ഗ്ലോബ് റേസ്. ഒമ്പത് നാവികരാണ് അന്ന് മത്സരത്തിൽ പങ്കെടുത്തത്.
ഐതിഹാസികമായ ഈ പായ്‌വഞ്ചി യാത്രയുടെ ഓർമ്മ പുതുക്കാനാണ് 50 വർഷങ്ങൾക്ക് ശേഷം ഗോൾഡൻ ഗ്ലോബ് റേസ് സംഘടിപ്പിച്ചത്. ജോൺസ്റ്റൻ യാത്ര തുടങ്ങിയ ഫ്രാൻസിലെ ലെ സാബെൾ ഡ് - ഓലോൺ ഹാർബറിൽ നിന്ന് ആണ് ഇത്തവണത്തെ യാത്ര തുടങ്ങിയത്. അഭിലാഷ് ടോമി ഉൾപ്പെടെ 18 നാവികരാണ് 2018 ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തത്.
ഒറ്റയ്ക്ക്, എവിടെയും നിർത്താതെ ലോകം മുഴുവൻ സഞ്ചരിക്കുക എന്നതാണ് മത്സരത്തിന്റെ നിയമം. 1968ൽ സ്ഥാപിച്ച ഈ നിയമത്തിനൊപ്പം പാരമ്പര്യത്തിനും മാറ്റം വരുത്തരുതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ടതും അപകടകരവുമായ നിയമം.
ഗോൾഡൻ ഗ്ലോബ് റേസ് ഒരു 'റിട്രോ റേസ്' (Retro Race) ആണ്. അതായത് 1968ൽ ഉണ്ടായിരുന്ന അതേ സാഹചര്യങ്ങളും സാങ്കേതികവിദ്യയും മാത്രമേ 2018 റേസിൽ ഉപയോഗിക്കാവൂ. ബോട്ടുകളുടെ നിർമ്മാണത്തിൽപ്പോലും ഈ നിയന്ത്രണം പിന്തുടരണം. ആധുനീക സാങ്കേതികവിദ്യകളായ ജിപിഎസ്, ഉപഗ്രഹ കമ്മ്യൂണിക്കേഷൻ, ദിശയറിയാനുള്ള മറ്റു സാങ്കേതിക സംവിധാനങ്ങൾ എന്നിവയൊന്നും ഉപയോഗിക്കരുത്.
ഗോൾഡൻ ഗ്ലോബ് റേസ് കൺട്രോൾ റൂമിലേക്ക് വിളിക്കാനുള്ള സാറ്റലൈറ്റ് ടെലിഫോൺ സംവിധാനം, ലോകത്ത് എവിടെ നിന്നും പൊസിഷനിങ് സന്ദേശം അയക്കാൻ ശേഷിയുള്ള വൈബി3 ടെക്സ്റ്റിങ് ആൻഡ് ട്രാക്കിങ് സംവിധാനം എന്നിവ നാവികർക്ക് ഉപയോഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മത്സരാർഥികൾ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. മറ്റു ഫോണുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ