മുംബൈ: കടലിലെ യുദ്ധക്കനലിൽ പൊലിഞ്ഞ മകന്റെ ഭൗതികദേഹം നീണ്ട 35 ദിവസത്തെ കാത്തിരിപ്പിന് ശേഷം അന്ത്യകർമങ്ങൾക്കായി മുന്നിലെത്തിയിട്ടും വിറങ്ങലിച്ച് നിൽക്കുകയാണ് ആ പിതാവ്. ഒമാൻ തീരത്തെ യുദ്ധക്കനലിൽ മിസൈൽ ആക്രമണത്തിൽ ജീവൻ നഷ്ടമായ കപ്പൽ ജീവനക്കാരൻ ദീക്ഷിത് സോളങ്കിയുടെ (33) ഭൗതികദേഹം ജന്മനാട്ടിലെത്തിയെങ്കിലും സംസ്കാരം നടത്താൻ കുടുംബം തയ്യാറല്ല. തിരിച്ചെത്തിയത് തന്റെ മകൻ തന്നെയാണോ എന്നറിയാൻ ഡിഎൻഎ പരിശോധന വേണമെന്ന ഉറച്ച നിലപാടിലാണ് പിതാവ് അമൃത്‌ലാൽ സോളങ്കി. ഔദ്യോഗിക വിശദീകരണങ്ങളിലെ ദുരൂഹതയും മകന്റെ വ്യക്തിഗത വസ്തുക്കൾ കാണാതായതുമാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം ഉണ്ടാവാൻ കാരണമായത്.

ഡിഎൻഎ പരിശോധന വേണമെന്ന ഈ ഉറച്ച നിലപാട് അപകടമുണ്ടായ നിമിഷം മുതൽ അമൃത്‌ലാൽ സോളങ്കി ഉയർത്തുന്ന സംശയങ്ങളുടെ തുടർച്ചയാണ്. മാർച്ച് ഒന്നിന് അപകടം നടന്നതിന് പിന്നാലെ ദേശീയ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും, മകന്റെ വിയോഗത്തിൽ തളരാതെ ഈ പിതാവ് സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏപ്രിൽ 5ന് പുലർച്ചെ 4.15-ഓടെയാണ് ദീക്ഷിതിന്റെ മൃതദേഹം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ എത്തിയത്.

മാർച്ച് ഒന്നിന് 'എംടി എംകെഡി വ്യോം' എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ദീക്ഷിത് കൊല്ലപ്പെട്ടത്. എന്നാൽ ഔദ്യോഗിക വിശദീകരണങ്ങളിലെ അവ്യക്തതയും ദീക്ഷിതിന്റെ ലാപ്‌ടോപ്പ്, ഫോൺ, ഡയറിക്കുറിപ്പുകൾ എന്നിവ കാണാതായതും കുടുംബത്തിൽ വലിയ സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്. മറ്റ് കപ്പൽ ജീവനക്കാർ സുരക്ഷിതരായി തങ്ങളുടെ വസ്തുവകകളുമായി മടങ്ങിയെത്തിയപ്പോൾ ദീക്ഷിതിന്റെ സാധനങ്ങൾ മാത്രം എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരമില്ല.

കണ്ടി വലിയിലെ തന്റെ വീട്ടിൽ മകന്റെ ഫോട്ടോയ്ക്ക് മുന്നിൽ ഇപ്പോഴും പൂമാല ചാർത്താൻ അമൃത്‌ലാൽ തയ്യാറായിട്ടില്ല. "എന്റെ മകൻ മരിച്ചുവെന്ന് സ്വന്തം കണ്ണുകൊണ്ട് കാണാതെ ഞാൻ വിശ്വസിക്കില്ല. ആ കപ്പലിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ആരും പറയുന്നില്ല. മിസൈൽ ആക്രമണം നടന്നപ്പോൾ എന്തുകൊണ്ട് കപ്പലിൽ അപായ സൈറൺ മുഴങ്ങിയില്ല?" - അദ്ദേഹം ചോദിക്കുന്നു.

ഷിപ്പിംഗ് കമ്പനിയായ 'വി ഷിപ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ' മൗനത്തിനെതിരെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് മൃതദേഹം മുംബൈയിൽ എത്തിക്കാനായത്. നഷ്ടപരിഹാരത്തേക്കാൾ ഉപരിയായി സത്യം പുറത്തുവരണമെന്നതാണ് ഈ കുടുംബത്തിന്റെ പോരാട്ടം. ഹർജി ഇന്ന് (ഏപ്രിൽ 6) ഹൈക്കോടതി പരിഗണിക്കുമ്പോൾ ശാസ്ത്രീയമായ തെളിവുകൾക്കായി കാത്തിരിക്കുകയാണ് ഇവർ.

മഹാ വീർ നഗറിലെ എംഎച്ച്ബി കോളനി നിവാസികൾക്ക് ദീക്ഷിത് എന്നും പ്രിയപ്പെട്ടവനായിരുന്നു. അമ്മയുടെ മരണശേഷം കുടുംബം പുലർത്താനാണ് ദീക്ഷിത് വീണ്ടും കപ്പലിലേക്ക് ജോലിക്ക് പോയത്. മകനെക്കുറിച്ചുള്ള ഓർമ്മകളിൽ നൊമ്പരപ്പെടുമ്പോഴും, നീതിക്കായി പോരാടുന്ന ആ പിതാവിന് ഒപ്പമാണ് അയൽവാസികളും സുഹൃത്തുക്കളും. സത്യം തെളിയും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.