- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന; സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഉമറെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുല്‍വാമയിലെ വീട് ഇടിച്ചു തകര്‍ത്ത് സേന; വെറ്റ് കോളര്‍ ഭീകരതയെ വേരോടെ പിഴുതെടുക്കാന്‍ അന്വേഷണ സംഘം
ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന
പുല്‍വാമ: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്‌ഫോടനം നടത്തിയ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന. ഉമര്‍ മുഹമ്മദിന്റെ പുല്‍വാമയിലെ വീടാണ് സുരക്ഷാ സേന തകര്‍ത്തത്. ഡല്‍ഹി സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിന്റെ അമ്മയുടെ ഡിഎന്‍എയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതിന് പിന്നാലെയാണ് സേന വീട് തകര്‍ത്തത്.
ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്നവരാണ് സ്‌ഫോടനക്കേസിലെ പ്രതികള്‍, ഡോക്ടര്‍മാരായ ഷഹീന്‍, മുസമ്മില്‍, ഉമര്‍ എന്നിവര്‍. ഷഹീനും മുസമ്മിലും നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഡോ. ഉമര്‍ മുഹമ്മദും ഡോ. മുസമ്മിലും പുല്‍വാമയില്‍ നിന്നുള്ളവരും ഡോ. അദീല്‍ റാത്തര്‍ അനന്ത്നാഗില്‍ നിന്നുമുള്ളയാളാണ്.
ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദിന് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണം സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ കൂടിയായ ഉമര്‍ ഫാറൂഖ് കൊല്ലപ്പെട്ടത്.
ജെയ്ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ പ്രധാന പ്രവര്‍ത്തകയാണ് ഉമറിന്റെ ഭാര്യ അഫിറ ബീബി എന്നാണ് വിവരം. ഡല്‍ഹിയിലെ സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, അഫിറ ബ്രിഗേഡിന്റെ ഉപദേശക സമിതിയായ ഷൂറയില്‍ ചേര്‍ന്നിരുന്നു. മസൂദ് അസറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ഷഹീന്‍ സയീദുമായി ബന്ധമുള്ളവരാണെന്നും വൃത്തങ്ങള്‍ പറയുന്നു.
അതേസമയം സ്ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് കോളര്‍ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവില്‍ ദുബായില്‍ ഉള്ള മുസാഫിര്‍ റാത്തര്‍ എന്ന് കണ്ടെത്തി. ഇയാള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.
സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ കടകള്‍ അന്വേഷണ സംഘം കണ്ടെത്തി. പല്‍വാള്‍, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് സാമഗ്രികള്‍ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാര്‍ക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.
ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ സാമഗ്രികളും അസോള്‍ട്ട് റൈഫിളുകള്‍ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടന്നത്. ഉമറിന്റെ കൂട്ടാളികളും ഡോക്ടര്‍മാരുമായ മുസമ്മില്‍, ഷഹീന്‍ സയീദ് എന്നിവരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത് ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വളരെ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും കൂട്ടാളികള്‍ അറസ്റ്റിലായപ്പോള്‍ ഉമര്‍ പരിഭ്രാന്തനായതിന്റെ ഫലമായാണ് ഡല്‍ഹി സ്‌ഫോടനം നടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.




