ജയ്പൂർ: പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാൻ ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദർ ഇന്ത്യയിലെത്തിയത് ഏറെ വിവാദമായിരിക്കയാണ്. അന്വേഷണ ഏജൻസികൾ അടക്ക സീമ ഹൈദറിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സീമ രാഷ്ട്രപതിക്ക് കത്തെഴുതുകയും ചെയ്തു. ഇതിനിടെ മറ്റൊരു റിവേഴ്‌സ് പ്രണയകഥയുടെ വിവരങ്ങളും പുറത്തുവന്നു.

പാക്കിസ്ഥാനിലുള്ള കാമുകനെ കാണാൻ അതിർത്തി കടന്ന് ഇന്ത്യൻ യുവതിയുടെ യാത്രയാണ് ഇപ്പോൾ പുറത്തുവന്നത്. രാജസ്ഥാൻ ഭിവാദി ജില്ലയിലെ അഞ്ജു എന്ന 35കാരിയാണ് പാക്കിസ്ഥാനിലെത്തിയത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കൽ റെപ്രസെന്റേറ്റീവ് നസ്‌റുല്ലയെ (29) കാണാനാണ് ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ അഞ്ജു പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പോയത്.

അഞ്ജുവിനെ പാക്കിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തെങ്കിലും യാത്ര രേഖകളുടെ അടിസ്ഥാനത്തിൽ വിട്ടയക്കുകയായിരുന്നു. 30 ദിവസത്തേക്ക് പാക്കിസ്ഥാനിൽ തങ്ങാനാണ് അനുമതി. ഫേസ്‌ബുക്കിലൂടെ നാലു വർഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിർത്തി കടന്ന വിവരം അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. വാട്‌സ് ആപ് വഴി അഞ്ജു ഞായറാഴ്ച വൈകീട്ട് നാല് വരെ ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു.

താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് യുവതി അറിയിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്ക് പോകാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020ലാണ് പാസ്‌പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. അഞ്ജു ക്രിസ്തുമതം സ്വീകരിച്ചാണ് ഭിവാഡിയിലെ വാടക ഫ്‌ളാറ്റിൽ അരവിന്ദിനും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദർ നേപ്പാൾ വഴി കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഇപ്പോൾ ഇന്ത്യൻ പൗരത്വം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങൾക്കിടെയാണ് ഇന്ത്യൻ യുവതി പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്.