ന്യൂഡൽഹി: ഫലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കിയിരിക്കയാണ് ഇസ്രയേൽ. ഇതിന്റെ ഭാഗമായി ഉടൻ തന്നെ തൊഴിലാളികളെ കണ്ടെത്തും. ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളുടെ നേതൃത്വത്തിലാണ് ഇസ്രയേലിലേക്ക് തൊഴിലാളികളെ അക്കുന്നത്. ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രയേൽ സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളുടെയും നടപടി.

കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോർപറേഷനാണ് (എൻ.എസ്.ഡി.സി) തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. ഇസ്രയേലിലേക്ക് 42,000 തൊഴിലാളികളെ അയക്കാൻ 2023 മേയിൽ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഏലി കോഹന്റെ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവെച്ച കരാർ ഒപ്പുവെച്ചിരുന്നു.

ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നും താൽപ്പര്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രയേൽ എല്ലാ ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളും റദ്ദാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികളുടെ വലിയ പ്രതിസന്ധിയാണ് അവിടെ ഉടലെടുത്തിരിക്കുന്നത്. പല മേഖലകളിലുള്ളവരെയാണ് ഇസ്രയേലിന് ഇപ്പോൾ ആവശ്യം.

പോകാൻ ആഗ്രഹിക്കുന്നവർക്ക് ജോലി പരിചയവും ഹൈസ്‌കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതൽ 45 വയസ്സ് വരെയാണ്. ഇസ്രയേലിലേക്ക് പോകുന്ന തൊഴിലാളികൾക്ക് എല്ലാ മാസവും 6100 ഇസ്രയേലി ന്യൂ ഷെക്കൽ കറൻസി വേതനമായി ലഭിക്കും. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം ഒന്നരലക്ഷം രൂപയോളം വരും. നിർമ്മാണ ജോലികൾ, പെയിന്റിങ്, വെൽഡിങ്, ഷട്ടറിങ്, ടൈൽസ് ആർട്ടിസൻസ് തുടങ്ങി ഇസ്രയേലിലേക്ക് പോകുന്ന എല്ലാ തൊഴിലാളികൾക്കും ഇസ്രയേൽ സർക്കാർ താമസസൗകര്യം നൽകും.

കാൺപൂരിൽ ലേബർ കമ്മീഷണർ മാർക്കണ്ഡേ ഷാഹിയുടെ നേതൃത്വത്തിൽ ഒരു വെർച്വൽ മീറ്റിങ് നടത്തുകയും എല്ലാ തൊഴിൽ മേഖലകളിലെയും ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് പരിശീലനം നൽകി ഇസ്രയേലിലേക്ക് അയക്കും. ഇതിന്റെ തയ്യാറെടുപ്പിനായി അഡീഷണൽ ലേബർ കമ്മീഷണർ കൽപന ശ്രീവാസ്തവ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിൽ ഉടക്കിട്ട് ചില തൊഴിലാളി സംഘടനകളും രംഗത്തുണ്ട്. സംഘർഷ മേഖലയായ ഇസ്രയേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ട്രേഡ് യൂനിയനുകൾ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഫലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് അവരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ആവിഷ്‌കരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ദീർഘകാലമായുള്ള ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർക്കുന്നതാണ് നടപടിയെന്നും ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തി.

സിഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) എന്നിവയും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.നിർമ്മാണത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.