- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വോട്ട് ചോരി' ആരോപണത്തിന് പിന്നാലെ ആ ബ്രസീലിയൻ സുന്ദരിക്കായി ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ; ഇൻസ്റ്റഗ്രാമിൽ തള്ളിക്കയറ്റം, ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മന്റും നിറഞ്ഞു; അവസരം പാഴാക്കാതെ 'നമസ്തേ' പറഞ്ഞ് മോഡലും; രണ്ട് ദിവസം കൊണ്ട് താരമായ ലാറിസ ബോണെസി നെറി ഷാരുഖ് ഖാന്റെ മകന്റെ കാമുകിയെന്നും വാർത്തകൾ
ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ, ലോക ശ്രദ്ധനേടി ബ്രസീലിയൻ മോഡലും സാമൂഹിക മാധ്യമ താരവുമായ ലാറിസ ബോണെസി നെറി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ, ലാറിസ നെറിയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇന്ത്യക്കാരുടെ പ്രവാഹമാണ്. അതേസമയം ലാറിസ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന്റെ കാമുകിയാണെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ആര്യൻ ഖാൻ ഒരുക്കിയ 'ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിൻ്റെ പ്രദർശന വേദിയിൽ മോഡലും നടിയുമായ ലാറിസ നെറി പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നേരത്തെയും പല അവസരങ്ങളിലും ആര്യൻ ഖാനും ലാറിസയും ഒരുമിച്ച് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം വോട്ട് ചൊറി വിവാദത്തിൽ തൻ്റെ ചിത്രം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിൽ അമ്പരപ്പും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്കാരുടെ തള്ളിക്കയറ്റം പുതിയൊരു അവസരമാക്കാനുള്ള ശ്രമത്തിലാണ് ലാറിസ എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന വാർത്താ സമ്മേളനത്തിൽ, ഹരിയാന തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് പറയപ്പെടുന്ന വോട്ട് ക്രമക്കേടുകളെക്കുറിച്ച് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു. ബ്രസീലിയൻ മോഡലായ ലാറിസ നെറിയുടെ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 വോട്ടുകൾ ചേർത്തു എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഇതുവരെ അധികമാരും അറിയാതെ കിടന്നിരുന്ന ലാറിസ നെറി എന്ന പേര് ഈ ആരോപണത്തെത്തുടർന്നാണ് വ്യാപകമായി ചർച്ചയാകുന്നത്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തെത്തുടർന്ന്, "ലാറിസ നെറി ആരാണ്?" എന്ന് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണം വർധിച്ചു. തുടർന്ന് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയതോടെ, രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾ അവരുടെ പേജിലേക്ക് ഒഴുകിയെത്തുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ ശ്രദ്ധയെക്കുറിച്ച് ലാറിസ തന്നെ ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. തൻ്റെ ചിത്രം മാധ്യമങ്ങളിൽ നിറയുന്നത് കണ്ട് അമ്പരന്നുള്ള വീഡിയോകളും അവർ പങ്കുവെച്ചിട്ടുണ്ട്.
തൻ്റെ ചിത്രം ഇന്ത്യൻ പൗരയായി ചിത്രീകരിച്ച് വോട്ടർമാരെ കബളിപ്പിക്കാൻ ഉപയോഗിച്ചെന്ന വാർത്ത വിശ്വസിക്കാനാവുന്നില്ലെന്ന് ലാറിസ പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അനുമതിയില്ലാതെയാണ് തൻ്റെ ചിത്രം ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി. ഉപയോഗിച്ചിരിക്കുന്നത് തൻ്റെ പഴയ ചിത്രമാണെന്നും, താനിതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചു.
ഇന്ത്യയിൽ നിന്ന് ധാരാളം പേർ ഇപ്പോൾ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ടെന്നും, ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ടെന്നും ലാറിസ പറഞ്ഞു. തനിക്ക് ഇന്ത്യൻ ഭാഷകളൊന്നും അറിയില്ലെന്നും, 'നമസ്തേ' എന്ന വാക്ക് മാത്രമേ അറിയൂ എന്നും അവർ സൂചിപ്പിച്ചു. എന്നാൽ, ഈ അപ്രതീക്ഷിത ജനശ്രദ്ധയെ ഒരു പുതിയ അവസരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ലാറിസ എന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യൻ ഭാഷകളെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള താല്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.ടിപ്പിച്ചിട്ടുണ്ട്.




