ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ പതാകയുള്ള 'എംവി ലില നോർഫോക്' എന്ന ചരക്കുകപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽനിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്ക്കു നന്ദി പറയുന്ന ജീവനക്കാർ, 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.

ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം ഇന്ത്യൻ നാവികസേന കമാൻഡോ നീക്കത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. കപ്പലിലെ ജീവനക്കാരായ 15 ഇന്ത്യക്കാരടക്കം 21 പേരെ മാർകോസ് (മറീൻ കമാൻഡോസ്) സുരക്ഷിതരാക്കിയിരുന്നു. കപ്പൽ അറ്റകുറ്റപ്പണി നടത്തിയശേഷം ബഹ്‌റൈൻ തീരത്തേക്ക് യാത്ര തുടരുകയാണ്.

'എംവി ലില നോർഫോക്' കപ്പലിൽ ആയുധധാരികളായ അഞ്ചോ ആറോ പേർ കടന്നുകയറിയെന്ന സന്ദേശം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് (യുകെഎംടിഒ) ലഭിച്ചത്. ബ്രസീലിൽ നിന്നു ബഹ്‌റൈനിലേക്കു പോവുകയായിരുന്ന കപ്പൽ, സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് 460 നോട്ടിക്കൽ മൈൽ ദൂരെവച്ചാണ് റാഞ്ചാൻ ശ്രമിച്ചത്.

ഇതോടെ കടലിൽ സ്ഥിരം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ നാവികസേനയുടെ 'ഐഎൻഎസ് ചെന്നൈ' എന്ന അത്യാധുനിക യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്നലെ വൈകുന്നേരം 3.15നാണ് ഐഎൻഎസ് ചെന്നൈ എംവി ലിലക്കു സമീപമെത്തിയത്. സേനയുടെ പി8ഐ വിമാനവും പ്രിഡേറ്റർ ഡ്രോണും തുടർച്ചയായി ആകാശനിരീക്ഷണം നടത്തി. കപ്പൽ വിടണമെന്നു കൊള്ളക്കാർക്ക് മുന്നറിയിപ്പ് നൽകി.

തുടർന്ന് കമാൻഡോകൾ ചെറുബോട്ടിലെത്തി കപ്പലിലേക്ക് കയറി. കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. കടൽക്കൊള്ളക്കാർ വന്നാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരുന്ന ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതരാക്കി.

ഐ.എൻ.എസ്. ചെന്നൈ 'ദ ഡിസ്‌ട്രോയർ'എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ. 2010 ഏപ്രിലിൽ രണ്ടിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കപ്പലിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തതാണ് ഇത്. തമിഴ്‌നാടിനോടുള്ള ആദരമെന്ന നിലയിൽ ജല്ലിക്കെട്ട് ഉത്സവത്തിന്റെ പ്രതീകമായി ഒരു കാളയുടെ മുദ്ര കപ്പലിലുണ്ട്. വിപുലമായ ആയുധശേഖരവും അത്യാധുനികസംവിധാനങ്ങളും കപ്പലിലുണ്ട്. ഈ കപ്പലായിരുന്നു ചരിത്ര ദൗത്യത്തിന് നിയോഗിച്ചത്. കരുത്തോടെ തന്നെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു.

ഹൂതിയാക്രമണത്തെ പ്രതിരോധിക്കാൻ നാവികസേന അറബിക്കടലിൽ വിന്യസിച്ചിരുന്ന ഐ.എൻ.എസ്. ചെന്നൈ എന്ന യുദ്ധക്കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. 'എം വി ലില നോർഫോക്' എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് വ്യാഴാഴ്ച രാത്രി സൊമാലിയയിലെ ഹഫൂനിന് കിഴക്കുഭാഗത്തുെവച്ച് അജ്ഞാതസംഘം റാഞ്ചിയത്. സമാനതകളില്ലാത്ത ഇടപെടലാണ് നാവിക സേന നടത്തിയത്. കപ്പൽ പിടിച്ചെടുക്കാനോ ബന്ദി ചർച്ചകളിലേക്ക് കടക്കാനോ റാഞ്ചൽ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ അറബിക്കടൽ സുരക്ഷിത ഇടമാണെന്ന സന്ദേശവും കപ്പൽ കമ്പനികൾക്ക് ഇന്ത്യ നൽകുന്നു. എല്ലാ തീരത്തും അതാത് രാജ്യങ്ങൾ സമാനമായി ഇടപെട്ടാൽ കടൽകൊള്ളയും തീരുമെന്ന് വ്യക്തം. ഹൂതികളുടെ ആക്രമണഭീഷണിയെത്തുടർന്ന് ചെങ്കടലിൽനിന്ന് ഒട്ടേറെ കപ്പലുകൾ വഴിതിരിച്ചുവിടുന്നതിനിടെയാണ് ഇന്ത്യൻ ഇടപെടൽ.