- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ജൈവ ഇന്ധന നീക്കം പരിസ്ഥിതി സൗഹൃദവും ശതകോടികള്‍ ലാഭമുണ്ടാക്കുന്നതും; എത്തനോള്‍ ഗ്യാസോലിനുമായി കലര്‍ത്തുന്ന നടപടി ഇന്ത്യ അതിവേഗം നേടിയെടുത്തു; ഇന്ധന ക്ഷമതയിലും ഭക്ഷ്യ സുരക്ഷയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
ഇന്ത്യയുടെ ജൈവ ഇന്ധന നീക്കം പരിസ്ഥിതി സൗഹൃദവും ശതകോടികള്‍ ലാഭമുണ്ടാക്കുന്നതും
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പ്പന്നങ്ങളില്‍ കൂടുതല്‍ ജൈവ ഇന്ധനങ്ങള്‍ ചേര്‍ക്കാനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ മികച്ച വിജയം കണ്ടിരുന്നു. ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്ഗമനം കുറയ്ക്കുന്നതിനും ഡോളര്‍ കരുതല്‍ ശേഖരം ലാഭിക്കുന്നതിനും ഇത് രാജ്യത്തിന് ഏറെ സഹായകരമായി മാറിയിരുന്നു. എന്നാല്‍ ഇന്ധനക്ഷമതയിലും ഭക്ഷ്യസുരക്ഷയിലും ഇത് ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ഇ-20 എന്നറിയപ്പെടുന്ന ഇരുപത് ശതമാനം എത്തനോള്‍ ഗ്യാസോലിനുമായി കലര്‍ത്തുക എന്ന ലക്ഷ്യം ഇന്ത്യ ഉദ്ദേശിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് നേടിയെടുത്തിരുന്നു. കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിലും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലും ഒരു ഗെയിം ചേഞ്ചറായി കേന്ദ്രസര്‍ക്കാര്‍ ഇതിനെ കണ്ടിരുന്നു. 2014 മുതല്‍, എത്തനോള്‍ മിശ്രിതം ഇന്ത്യയെ 69.8 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം കുറയ്ക്കാന്‍ സഹായിക്കുകയും വിദേശനാണ്യത്തില്‍ 1.36 ട്രില്യണ്‍ രൂപ ലാഭിക്കാനും കാരണമായിരുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ റോഡ് ഗതാഗതത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം ഇരട്ടിയാകുമെന്നാണ്. ഇതിനെ നേരിടാന്‍ എത്തനോള്‍ കലര്‍ന്ന പെട്രോളിലേക്ക് മാറേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള പല വാഹനങ്ങളും ഇ-20 ഉപയോഗിക്കാന്‍ പര്യാപ്തമല്ല എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ഇത് ഉപയോഗിക്കുന്ന പല വാഹനങ്ങള്‍ക്കും മൈലേജ് കുറയാനും യന്ത്രഭാഗങ്ങള്‍ക്ക് തേയ്മാനം ഉണ്ടാകാനും സാധ്യതയുള്ളതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹോണ്ട പോലുള്ള ചില നിര്‍മ്മാതാക്കള്‍ 2009 മുതല്‍ ഇ -20 അനുസൃത മെറ്റീരിയല്‍ ഉപയോഗിക്കുന്നുണ്ടെന്നും, എന്നാല്‍ ഇന്ത്യന്‍ റോഡുകളിലെ പല പഴയ വാഹനങ്ങളും എത്തനോളിന് യോജിച്ചതല്ല എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇ-20 ഇന്ധനം ഉപയോഗിക്കുന്ന ചില വാഹന ഉടമകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി മൈലേജ് കുറയുന്നതായി പരാതിപ്പെടുന്ന കാര്യവും പലരും എടുത്തു കാട്ടുന്നു. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയാണ്. പഴയ വാഹനങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ അവയ്ക്കും ഇ-20 ഉപയോഗിക്കാം എന്നാണ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. ഇതിന് ചെലവ് കുറവാണെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ഫോര്‍ വീലര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 6,000 രൂപ വരെ വിലയുള്ള ഒരു ഇ- 20 മെറ്റീരിയല്‍ കിറ്റ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കരിമ്പ്, ചോളം തുടങ്ങിയ വിളകളില്‍ നിന്നാണ് എത്തനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇവ എത്തനോള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിന് വിപണിയില്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.