- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഐടി ലോകത്ത് 'എ ഐ' സുനാമി ഭീഷണി! 300 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്രാജ്യത്ത് ആശങ്ക; ലക്ഷക്കണക്കിന് ടെക്കികള്‍ക്ക് പണിപോകുമെന്ന് ഭീതിയില്‍; സോഫ്‌റ്റ്വെയര്‍ ഓഹരികളില്‍ വന്‍ ഇടിവ്; ഐടി കമ്പനികളുടെ നെഞ്ചിടിപ്പ് കൂട്ടി ബിബിസി റിപ്പോര്‍ട്ട്!
ഐടി ലോകത്ത് 'എ ഐ' സുനാമി ഭീഷണി! 300 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്രാജ്യത്ത് ആശങ്ക

മുംബൈ: കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇന്ത്യയിലെ പരമ്പരാഗത ഔട്ട്‌സോഴ്‌സിംഗ് മേഖലയില്‍, എ ഐ ഭീഷണി ശക്തമാവുകയാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്ക് ഓഫീസ് മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ശക്തമായ സാന്നിദ്ധ്യമുള്ള ഇന്ത്യന്‍ ഔട്ട്‌സോഴ്‌സിംഗ് മേഖല 300 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു മേഖലയാണ്. പരമ്പരാഗത സോഫ്‌റ്റ്വെയര്‍, ഐ ടി ഓഹരികള്‍ വിറ്റു പോകുന്ന രീതിയില്‍ വന്ന മാറ്റമാണ് ഇപ്പോള്‍ ഈ ആശങ്ക ശക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ഭൗമരാഷ്ട്രീയത്തില്‍ അടുത്തകാലത്തുണ്ടായ ചില മാറ്റങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ മേഖല ലക്ഷക്കണക്കിന് വൈറ്റ് കോളര്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ഒരു പുതിയ മധ്യവര്‍ത്തി വിഭാഗത്തെ സൃഷ്ടിക്കുകയും, ഇന്ത്യന്‍ ജനതയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബംഗലൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളൊക്കെ തന്നെയും ഇതിന്റെ ചിറകിലേറിയാണ് വളര്‍ന്നതും.
ഇപ്പോള്‍ നിഫ്റ്റി ഐ ടി സൂചികയില്‍ കാണിക്കുന്നത് ഈ വര്‍ഷം രാജ്യത്തിലെ വലിയ സോഫ്‌റ്റ്വെയര്‍ കമ്പനികളുടെ മൂല്യത്തില്‍ 20 ശതമാനത്തോളം ഇടിവുണ്ടായി എന്നാണ്. ലീഗല്‍ വര്‍ക്കുകള്‍, ഡാറ്റാ പ്രൊസസ്സിംഗ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയുന്നത് എന്ന് അവകാശപ്പെടുന്ന ആന്തോപിക്കിന്റെ ക്ലൗഡ് ഏജന്റ് എന്ന പുതിയ ടൂള്‍ പുറത്തിറക്കിയതിനു പിറകെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ ടി ഓഹരികള്‍ വിറ്റഴിക്കുന്ന പ്രവണത ശക്തമായത്.
ഇതോടെ 2030 ആകുമ്പോഴേക്കും ഐ റ്റി സേവനങ്ങള്‍ അപ്രത്യക്ഷമായേക്കും എന്ന ഭീതി ചില പ്രധാന കമ്പനികള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഏകദേശം 50 ശതമാനത്തോളം എന്‍ട്രി ലെവല്‍ ജോബുകള്‍ ഇല്ലാതെയാകുമെന്ന മുന്നറിയിപ്പും പല കമ്പനികളുടെയും സി ഇ ഒ മാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മാനവ വിഭവശേഷി ഏറെ പ്രയോജനപ്പെടുത്തുന്ന ഒരു വ്യവസായ മേഖലയ്ക്ക് എ ഐ യുടെ പ്രഭാവം അതിജീവിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഈ മേഖലയിലെ ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, ഇന്ത്യന്‍ ഐ ടി രംഗത്തെ മറ്റു ചില പ്രമുഖര്‍ ഈ ആശങ്കകളെയെല്ലാം തള്ളിക്കളയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവര്‍ പറയുന്നത്. ഈ മേഖലയുടെ ഘടനയില്‍ വ്യത്യാസം വരുമെങ്കിലും, ആദ്യ ഐ ടി വിപ്ലവകാലത്ത് നവാശയങ്ങളുമായി ഇന്ത്യന്‍ ഐ ടി മേഖല വെന്നിക്കൊടി പാറിച്ചതുപോലെ എ ഐ വിപ്ലവകാലത്തും ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിയും എന്നാണ് അവര്‍ പറയുന്നത്.


