- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇൻഡിഗോ' മുഴുവനായും ഷട്ട് ഡൗൺ ചെയ്യുന്നു?; കമ്പനി വൻ പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച വ്യോമയാന മന്ത്രി; ഇതോടെ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; എല്ലാം താളം തെറ്റാനുള്ള പ്രധാന കാരണം ഫ്ലൈറ്റ് ഡ്യൂട്ടി ടൈം മാറ്റലും; ഇനി പുതിയ വിമാനക്കമ്പനികൾ വരുമെന്നും സൂചനകൾ; ആകാശത്തെ ആ നീലക്കുപ്പായക്കാരൻ ചരിത്രമാകുമോ?
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്ന് രാജ്യത്തെ വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങളും പിഴയടക്കമുള്ള നടപടികളും സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികൾക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. സ്ഥിതിഗതികൾ നിസ്സാരമായി കാണുന്നില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി രാജ്യ സഭയിൽ പറഞ്ഞു. ഇൻഡിഗോയുടെ ആഭ്യന്തര പ്രശ്നം മൂലമാണ് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പൈലറ്റുമാരുടേയും യാത്രക്കാരുടേയും ക്രൂ അംഗങ്ങളുടേയും കാര്യത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണെന്ന കാര്യം എല്ലാ വ്യോമയാന കമ്പനികളോടും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ജോലിക്രമം തീരുമാനിക്കേണ്ടത് ഇൻഡിഗോ ആയിരുന്നു. യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഇത് നിസ്സാരമായി കാണുന്നില്ല. കടുത്ത നടപടി ഉണ്ടാകും. എല്ലാ വിമാനക്കമ്പനികൾക്കും ഒരു മാതൃക സൃഷ്ടിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം ഉണ്ടായാൽ നടപടിയെടുക്കും”, മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇൻഡിഗോ വിഷയത്തിൽ കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അഞ്ച് വിമാനക്കമ്പനികൾ രാജ്യത്ത് ഉണ്ടാകുമെന്ന സൂചനയും മന്ത്രി നൽകി. വ്യോമയാന മേഖലയിൽ കൂടുതൽ പ്രധാനികളെ സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അഞ്ച് പ്രധാന വിമാനക്കമ്പനികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) നിയമങ്ങൾ പാലിക്കുന്നതിൽ ഇൻഡിഗോ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് ഈ സമാനതകളില്ലാത്ത പ്രതിസന്ധിക്ക് പ്രധാന കാരണം. പൈലറ്റുമാരുടെയും ജീവനക്കാരുടെയും കുറവ് മൂലം ഒരാഴ്ചയ്ക്കിടെ ആയിരത്തിലധികം ഇൻഡിഗോ വിമാന സർവീസുകളാണ് മുടങ്ങുകയോ വൈകുകയോ ചെയ്തത്. ഇത് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ ദുരിതത്തിനും ആശയക്കുഴപ്പത്തിനും വഴിവെച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങൾ വിലയിരുത്തി. തുടർന്നാണ്, ഓപ്പറേഷണൽ പരാജയം ചൂണ്ടിക്കാട്ടി ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. വിമാന സർവീസുകൾ കൃത്യമായി നടത്തുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് എന്തുകൊണ്ട് റെഗുലേറ്ററി നടപടി സ്വീകരിക്കരുത് എന്ന് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇൻഡിഗോയുടെ വ്യാപകമായ റദ്ദാക്കലുകൾ കാരണം മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. ഈ സാഹചര്യത്തിൽ യാത്രക്കാരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ച് ഉത്തരവിറക്കി. ഇതനുസരിച്ച്, 500 കിലോമീറ്റർ വരെയുള്ള റൂട്ടുകളിൽ പരമാവധി 7,500 രൂപയും, 1000 മുതൽ 1500 കിലോമീറ്റർ വരെയുള്ള റൂട്ടുകളിൽ 15,000 രൂപയും ആണ് പരമാവധി നിരക്ക്. ഈ നിരക്ക് പരിധി പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.




