ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. ഡിസംബർ 9 വെള്ളിയാഴ്ചയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നൽകിയെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരുഭാഗത്തെയും സൈനികർക്കു പരുക്കേറ്റു. പിന്നാലെ ഇരു സൈന്യവും നിയന്ത്രണ രേഖയിൽനിന്ന് പിന്മാറി.

ഇരു വിഭാഗങ്ങളിലുമുള്ള കുറച്ചുപേർക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇരുകൂട്ടരും പ്രദേശത്തുനിന്ന് പിൻവാങ്ങുകയായിരുന്നു. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് സംഭവം. ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യൻ സൈന്യം തടഞ്ഞു. തുടർന്നാണ് സംഘർമുണ്ടായതെന്നാണ് വിവരം.

സംഘർഷത്തിന് പിന്നാലെ, ഇന്ത്യൻ-ചൈനീസ് കമാൻഡർമാർ തമ്മിൽ ഫ്ലാഗ് മീറ്റ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എത്ര സൈനികർക്ക് പരിക്കേറ്റു എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ മേഖലയിൽ നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ട്. 2021ൽ തവാങ് മേഖലയിലെ യാങ്സേയിൽ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.

കിഴക്കൻ ലഡാക്കിൽ സംഘർഷമുണ്ടായതിന് പിന്നാലെ ആദ്യമായാണ് മറ്റൊരു ഇന്ത്യ-ചൈന സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2020 ൽ ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഇതിൽ ഏറ്റവും രൂക്ഷമായത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. ചൈനയുടെ 40 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പിന്നീട് അധികൃതർ തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇന്ത്യൻ-ചൈനീസ് സൈന്യം പിന്മാറുകയായിരുന്നു.