- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യയിൽ വിവാഹപൂർവ ലൈംഗികബന്ധം നിരോധിച്ചു; അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും ശിക്ഷാർഹം; ഒരു വർഷം വരെ തടവിന് നിർദ്ദേശം; പ്രസിഡന്റിനെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്രവും ഇല്ലാതാക്കുമെന്ന് വിമർശനം
ജക്കാർത്ത: വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന പുതിയ ക്രിമിനൽ കോഡിന് ഇന്തോനേഷ്യൻ പാർലമെന്റ് അംഗീകാരം നൽകി. പുതിയ നിയമപ്രകാരം പ്രസിഡന്റിനെ വിമർശിക്കുന്നതടക്കമുള്ളവ കുറ്റകൃത്യമായി പരിഗണിക്കും. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നിയന്ത്രണമേർപ്പെടുത്തുന്നതാ?ണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
മൂന്ന് വർഷത്തിനുള്ളിൽ പുതിയനിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. ഇതുപ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും നിയമവിരുദ്ധമാകും. ഇത്തരക്കാരെ ആറ് മാസം വരെ തടവിന് ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യഭിചാരത്തിൽ ഏർപ്പെടുന്നവരെയും ജയിൽ ശിക്ഷക്ക് വിധേയമാക്കും. ഇന്തോനേഷ്യൻ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും സന്ദർശനത്തിനെത്തുന്ന ടൂറിസ്റ്റുകൾക്കും നിയമം ബാധകമാണ്.
600ലധികം അനുഛേദങ്ങളുള്ള പുതിയ ക്രിമിനൽ കോഡിന് പാർലമെന്റ് ഏകകണ്ഠമായാണ് ഇന്ന് അംഗീകാരം നൽകിയതെന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡച്ച് നിയമം, ഹുകും അദാത്ത് എന്നിവ ഉൾപ്പെടുന്ന നിയമവ്യവസ്ഥയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു. ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഉയർന്ന വ്യത്യസ്ത അഭിപ്രായങ്ങൾ പരമാവധി ഉൾക്കൊള്ളാൻ ശ്രമിച്ചതായും മന്ത്രി പറഞ്ഞു.
പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നതും പുതിയ ക്രിമിനൽ ചട്ടപ്രകാരം കുറ്റകരമാണ്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമർശകർ പറയുന്നത്. സ്ത്രീകൾ, എൽ.ജി.ബി.ടി, വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരെ പരിഗണിക്കാതെയാണ് പുതിയ നിയമങ്ങൾ വാർത്തെടുത്തതെന്നും ആരോപണം ഉയരുന്നുണ്ട്. കൂടാതെ, ലൈംഗിതയ്ക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വിനോദസഞ്ചാരികളുടെ വരവിനെ നിരുത്സാഹപ്പെടുത്തുമെന്നും രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ, ഡച്ച് കൊളോണിയൽ ഭരണം മുതലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയാണ് ചെയ്തതെന്നാണ് സർക്കാർ വിശദീകരണം.
വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ലക്ഷക്കണക്കിന് ദമ്പതികൾ പുതിയ നിയമപ്രകാരം കുറ്റക്കാരായി മാറുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ജക്കാർത്ത ആസ്ഥാനമായുള്ള ഗവേഷകൻ ആൻഡ്രിയാസ് ഹർസാനോ ബി.ബി.സിയോട് പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ