- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്തോനേഷ്യയിലെ ഡാന്നീ വംശജരുടെ അപരിഷ്കൃത ആചാര രീതികൾ
ജക്കാർത്ത: ഇന്തോനേഷ്യ, വെസ്റ്റ് പപുവയിലുള്ള ഡാന്നി ഗോത്രക്കാരെ കുറിച്ച് 1938 വരെ പുറം ലോകത്തിന് ഒരു വിവരവും ഉണ്ടായിരുന്നില്ല. കുത്തനെയുള്ള മലനിരകളും കൊടും കാടും കൊണ്ട് പുറം ലോകത്തിൽനിന്നും തികച്ചും ഒറ്റപ്പെട്ട ഇടത്ത് വസിക്കുന്ന ഇവരെ കണ്ടെത്തിയത് തികച്ചും ആകസ്മികമായിട്ടായിരുന്നു. ഇൻഡോനേഷ്യയിലെ ഏറ്റവും ദാരിദ്യം നിറഞ്ഞ പ്രദേശങ്ങളിൽ ഒന്നു കൂടിയാണിത്. ഏറെ ഭീതിദമായ പല ആചാരങ്ങളും പിന്തുടരുന്ന ഒരു ഗോത്ര വർഗ്ഗം കൂടിയാണിത്.
മരിച്ചവരെ സന്തോഷിപ്പിച്ച്, അവരുടെ ആത്മാക്കളെ അകറ്റിനിർത്താൻ സ്ത്രീകൾ വിരലറ്റം മുറിച്ചു മാറ്റുന്നത് ഇവരുടെ ഒരു ആചാരമാണ്. അതുപോലെ തന്നെ ഈജിപ്ഷ്യൻ മമ്മി മാതൃകയിൽ, നൂറ്റാണ്ടുകൾക്ക് മുൻപ് മരണമടഞ്ഞ ഇവരുടെ വംശ തലവന്റെ മൃതദേഹം ഇപ്പോഴും എണ്ണയിട്ട് സൂക്ഷിച്ചു വച്ചിരിക്കുകയാണ്. പൊതുവെ പുറം ലോകത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവരാണെങ്കിലും, ഇവരുടെ ആചാര രീതികളും ജീവിത ശൈലികളും മറ്റു ലോകത്തിലെ വിവിധ കോണുകളിൽ ഉള്ളവരെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നുണ്ട്.
പല തദ്ദേശീയ ഗോത്രങ്ങളെയും പോലെ ടൂറിസം തന്നെയാണ് ഇന്ന് ഇവരുടെ പ്രധാന വരുമാന മാർഗ്ഗവും. അവരുടെ അനന്യസാധാരണങ്ങളായ ആചാര രീതികളും, അനുഷ്ഠാനങ്ങളും, പരമ്പരാഗത വസ്ത്രധാരണ രീതിയുമൊക്കെ വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു. പുറം ലോകവുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ തുടങ്ങിയിട്ടും ഇന്നും ഈ ഗോത്രക്കാരുടെ പല ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കുന്നു എന്നതാണ് അതിശയകരമായ ഒരു കാര്യം.
250 വർഷത്തോളം പഴക്കമുള്ള, ഗോത്രത്തലവന്റെ മൃതദേഹത്തിനടുത്ത് നിൽക്കുമ്പോഴും, അഭിമാനത്തോടെ സ്ത്രീകൾ അറ്റം മുറിഞ്ഞ വിരലുകൾ ഉയർത്തിക്കാട്ടുമ്പോഴും, രക്തയോട്ടം നിലച്ചു പോകുന്ന രീതിയിലുള്ള ഭയമായിരിക്കും നിങ്ങളേ കാർന്നു തിന്നുക. ഏതാണ്ട് രണ്ടര ലക്ഷത്തോളം വരും ഇവരുടെ ജനസംഖ്യ. കുട്ടികൾക്ക് ദീർഘായുസ്സ് ലഭിക്കാൻ സ്വന്തം അമ്മമാർ തന്നെ കുട്ടികളുടെ വിരലറ്റം കടിച്ചെടുക്കുക, പൂർവ്വികരുടെ ചിതാഭസ്മം പുകവലിക്കാനായി ഉപയോഗിക്കുക തുടങ്ങിയ പല ആചാരങ്ങളും ഇന്നും ഈ ഗോത്രം പുലർത്തിവരുന്നു.
ഒരാൾ മരണമടഞ്ഞാൽ, അയാളുടെ ഉറ്റബന്ധുവായ സ്ത്രീയുടെ വിരലിന്റെ ഒരറ്റം മുറിച്ചു മാറ്റുന്നത്, മാനസിക വേദനക്കൊപ്പം ശാരീരിക വേദനകൂടി അനുഭവിക്കാനാണത്രെ. അങ്ങനെയായാൽ മരിച്ചവരുടെ ആത്മാവ് അവരെ പൂർണ്ണമായും വിട്ട് ദൈവസന്നിധിയിൽ എത്തുമെന്ന് അവർ വിശ്വസിക്കുന്നു. ചിലർ, വിരലറ്റങ്ങൾക്കൊപ്പം കാതുകളും മുറിച്ചു മാറ്റാറുണ്ട്. മറ്റുള്ളവർ, നദിയിലെ, വെള്ളം കുറഞ്ഞ്, ചെളി അടിഞ്ഞു കൂടിയ ഭാഗത്ത് ഒരാഴ്ചയോളം കിടന്നുരുളും. ഇങ്ങനെ ചെയ്താൽ മരിച്ച വ്യക്തിയുടെ ആത്മാവ് ദൈവ സന്നിധിയിൽ എത്തി പ്രകൃതിയിൽ വിലയം പ്രാപിക്കും എന്ന് അവർ വിശ്വസിക്കുന്നു.
വിവാഹം പോലുള്ള വിശേഷ ദിവസങ്ങളിലും മറ്റും ഉണ്ടാകാറുള്ള പന്നി സദ്യയാണ് ഇവരുടെ മറ്റൊരു തനത് സംസ്‌കാരം. ഡസൻ കണക്കിന് പന്നികളെ കൊന്ന്, ഭൂമിയിൽ കുഴിയെടുത്ത് അതിൽ ഇറക്കി വെച്ചിരിക്കുന്ന വലിയ കുടങ്ങളിൽ ഇവയെ പാകം ചെയ്ത് എടുക്കും. പാട്ടും നൃത്തവുമൊക്കെ കൂടിക്കലർന്ന ഇത്തരം പന്നി സദ്യകൾ ഇപ്പോൾ ഇവരുടെ ഒരു പ്രധാന വരുമാന മാർഗ്ഗം കൂടിയാണ്. പലപ്പൊഴും വിദേശ വിനോദസഞ്ചാരികൾക്കായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പന്നികൾക്ക് ഏറെ പ്രാധാന്യമുണ്ട് ഇവരുടെ സംസ്‌കാരത്തിൽ, പന്നി സദ്യക്കല്ലാതെ പന്നികളെ ഇവർ കൊല്ലാറില്ല എന്നതും കൗതുകകരമാണ്.