കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയെ തള്ളിപ്പറയുന്ന തരത്തിൽ വന്ന നടൻ ഇന്ദ്രൻസിന്റെ അഭിമുഖം വിവാദമായിരുന്നു. ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. നാട്ടിലെ നിയമം ശക്തമായതുകൊണ്ടാണ് കേസ് ഇങ്ങനെയായതെന്നും അല്ലാതെ ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ടെല്ലെന്നും ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗിൽ ഇന്ദ്രൻസ് വിശദീകരിച്ചിരുന്നു. ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ഇതെ തുടർന്ന് സോഷ്യൽ മീഡിയിലും മറ്റും വിമർശനങ്ങൾ ഉയർന്നതോടെ ക്ഷാമപണവുമായി ഇന്ദ്രസ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

ഇന്ദ്രൻസിന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെ ത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....
എല്ലാവരോടും സ്‌നേഹം
ഇന്ദ്രൻസ്

അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞത് ഇങ്ങനെ

സമത്വത്തിനുവേണ്ടി വാദിക്കുന്നതു തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്കു വലിക്കുന്നതു പോലെയാണ്. പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാൻ പറ്റാത്തവരാണ് ഞങ്ങൾക്ക് ഒപ്പമെത്തണം എന്നു പറയുന്നത്. ഒപ്പം അല്ല ഒരിക്കലും അവർ മുകളിൽ തന്നെയാണ്. അങ്ങനെ അല്ലേ നിൽക്കേണ്ടത്.

സിനിമ എന്നത് കമ്പനി ജോലി പോലെയല്ല. സ്ഥിരം സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് അവകാശങ്ങൾ ചോദിക്കാൻ സാധിക്കൂ. ഒരു പ്രൊഡ്യൂസർ എവിടെനിന്നോ വരുന്നു. പത്തുമുപ്പത് ദിവസം കൊണ്ട് സിനിമ ചെയ്യുന്നു. ഇതിൽ എന്ത് അവകാശം ചോദിക്കാനാണ്. അയാൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തിട്ടു പോകില്ലേ. നമുക്ക് വേണമെങ്കിൽ ചേരാം വേണ്ടെങ്കിൽ ചേരണ്ട.

മോശമില്ലാതെ നമ്മുടെ നാട്ടിൽ നിയമങ്ങളെല്ലാം നടക്കും. എത്ര മറച്ചുവച്ചാലും അതു നടക്കും.അതിനുവേണ്ടി പ്രത്യേക സംഘടന ഇല്ലെങ്കിലും അത് അങ്ങനെ തന്നെയാണ്. ചിലപ്പോൾ കുറച്ചുകൂടി ശക്തമായി വാദിക്കാൻ ആളുണ്ടായിരുന്നേനെ. ചേർന്നാൽ നമ്മൾ അതിൽ പെട്ടുപോകുമോ എന്നു കരുതി മാറിനിൽക്കുന്നവരുണ്ട്. ലോകത്ത് ഒരു നിയമവും നീതിയുമൊക്കെയുണ്ടല്ലോ. അത് അങ്ങനെ തന്നെ പോകും.

കുറച്ചുപേരുടെ കൂട്ടായ്മയാണല്ലോ. ഒരു ക്ലബ്ബു പോലെയൊക്കെ നിൽക്കാം. തെറ്റല്ല, ഓരോരുത്തരുടെ ഇഷ്ടം. അതില്ല എന്നു കരുതി സ്ത്രീകളുടെ ഒന്നും കുറഞ്ഞുപോകുന്നില്ല. ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിലും ഇങ്ങനെ തന്നെയായിരിക്കും നടക്കുക. അവരുണ്ടായതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസ് ഇങ്ങനെയായത് എന്നു ഞാൻ വിശ്വസിക്കുന്നില്ല.- ഇന്ദ്രൻസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഉൾപ്പടെ ഡബ്ല്യൂസിസിയുടെ ഇടപെട്ടതുകൊണ്ടാണ് നടപടിയുണ്ടായത് എന്നത് അവർ പറയുന്നതാണ് എന്നാണ് ഇന്ദ്രൻസിന്റെ വാക്കുന്നത്. ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്മ സംഘടനയ്ക്ക് മുകളിൽ വളർന്നുനിന്ന് പ്രസംഗിച്ചിട്ട് സംഘടനയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. അത് നടത്തിക്കൊണ്ട് പോകുന്നവർക്കെല്ലാം ബുദ്ധിമുട്ടേയുള്ളൂ. എല്ലാവരും കയ്യിൽ നിന്ന് ചെലവ് ചെയ്തും സമയം കളഞ്ഞുമാണ് നിൽക്കുന്നത്. അങ്ങനെയുള്ള പ്രശ്‌നങ്ങൾ വരുമ്പോൾ എന്തെങ്കിലും സമിതി രൂപീകരിക്കും. അതുകൊണ്ടൊന്നും തീരുന്നില്ല. ഓരോ സംഘടനകൾ പറയാൻ എന്തെങ്കിലും ചെയ്യുന്നതാണ് ഇതൊക്കെ. ഓരോരുത്തർക്കും സംഭവിക്കുന്നത് ഓരോ വ്യക്തിയും തീരുമാനിക്കുന്നതോ അവരുടെ പ്രവർത്തിയുടെ ഫലം തന്നെയോ ആണ്. ചെറിയ പരാതി പോലും ഇന്ന് വലുതാകും. കാമറയുടെ മുന്നിലൊക്കെ സംസാരിക്കാൻ കഴിവുണ്ടെങ്കിൽ വിഷയം ഒന്നുകൂടി വലുതാകും.- ഇന്ദ്രൻസ് പറയുന്നു.

ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ടാണ് സിനിമയിൽ ഡബ്ല്യൂസിസി രൂപീകരിക്കപ്പെട്ടത് എന്നതിനോട് വിയോജിപ്പുണ്ട്. അമ്മയും മാക്ടയും പോലുള്ള കൂട്ടായ്മകൾ ഉള്ളതുകൊണ്ടാണ് ചലച്ചിത്ര പ്രവർത്തകർക്ക് ചോദിക്കാനും പറയാനും ആളുണ്ടായത് എന്നാണ് ഇന്ദ്രൻസ് പറയുന്നത്. ലൈംഗിക അതിക്രമ പരാതികൾ പരിഹരിക്കാൻ അമ്മയ്ക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഓരോരുത്തരും അവരവരെ നോക്കുക എന്നതേയുള്ളൂ. കൂട്ടത്തിൽ ഒരാൾ വീണുപോയാൽ താങ്ങാം. എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാം എന്നതിനപ്പുറം അമ്മയ്‌ക്കൊന്നും ചെയ്യാനാവില്ല. എനിക്ക് കാശ് കിട്ടിയില്ലെങ്കിൽ അതു വാങ്ങിച്ചു തരാൻ പോലും നിയമപരമായി അവർക്ക് കഴിയില്ല. സംഘടന എന്ന നിലയ്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അവർ ചെയ്യുന്നുണ്ട്. അമ്മയിൽ അംഗമായവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർ ഇടപെടും.

വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തെക്കുറിച്ചും ഇന്ദ്രൻസ് പ്രതികരിച്ചു. അവരെ (നടി) ആദ്യമായി ആ പടത്തിലാണ് ഞാൻ തന്നെ കാണുന്നത്. അവർ ഒരു സംഘടനയിലും അംഗമല്ല. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ആണുങ്ങൾ വരുന്നു, പെണ്ണുങ്ങൾ വരുന്നു. അവരൊക്കെ തമ്മിൽ പലരീതിയിലുള്ള ബന്ധങ്ങളുണ്ട്. അതൊന്നും അന്വേഷിക്കാനോ ഒളിഞ്ഞുനോക്കാനോ പോവാറില്ല. ഏതു തൊഴിൽ സ്ഥാപനങ്ങളിലും സംഭവിക്കാവുന്നതേയുള്ളു- ഇന്ദ്രൻസ് പറഞ്ഞു.