കൊച്ചി: സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തർ-ഈ തീർത്ഥാടന കാലത്ത് കേരള ഹൈക്കോടതി നിർദ്ദേശിച്ചതാണ് ഇത്. എന്നാൽ ഇതൊരിക്കലും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. മകരവിളക്ക് ദിവസം ഈ വിധിയെ എല്ലാ അർത്ഥത്തിലും അവഗണിക്കുന്നതും സോപാനത്ത് കണ്ടു. മകരവിളക്ക് കാണാൻ ഒരു ഭക്തയ്ക്ക് കസേര തന്നെ ഇട്ടുകൊടുത്തു ദേവസ്വം ബോർഡ്. സുപ്രീം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയാണ് കസേരയിൽ മകരവിളക്കിനായി കാത്തിരുന്നത്.

ശബരിമല യുവതിപ്രവേശന വിധിയിൽ എതിർ അഭിപ്രായം രേഖപ്പെടുത്തിയ സുപ്രീംകോടതി റിട്ട. ജസ്റ്റിസാണ് ഇന്ദു മൽഹോത്ര. 13ന് വൈകിട്ട് സന്നിധാനത്തെത്തിയ ശേഷം അടുത്ത ദിവസം രാവിലെയാണ് ദർശനം നടത്തിയത്. മകരവിളക്കും തൊഴുതായിരുന്നു മലയിറക്കം. പമ്പയിൽ നിന്നും ഡോളി മാർഗമാണ് സന്നിധാനത്ത് എത്തിയത്.ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ഇന്ദു മൽഹോത്ര. ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.

മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങൾക്ക് നീതിക്ക് യുക്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.