തിരുവനന്തപുരം: വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളവും. സമാനതകളില്ലാത്ത നയരൂപീകരണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. തെലുങ്കാനയിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും വ്യവസായങ്ങൾ പച്ച പിടിക്കുമ്പോൾ കേരളത്തിലേക്ക് ആരും വരുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇത് പരിഹരിക്കാനാണ് നീക്കം. വമ്പൻ സാമ്പത്തിക ആനുകൂല്യങ്ങൾ പോലും കേരളം ഇനി വൻകിട വ്യവസായങ്ങൾക്ക് നൽകും. കേരളത്തിലെ ഐടി പാർക്കുകൾ സജീവമാക്കാനാണ് തീരുമാനം.

ഐ.ടി., ഇലക്ട്രോണിക്‌സ് മേഖലയിൽ ജോലിക്ക് ചേരുന്നവർക്ക് അപ്രന്റീസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്റെ നിശ്ചിതശതമാനം സർക്കാർ വഹിക്കുമെന്ന സുപ്രധാന തീരുമാനം നയത്തിലുണ്ട്. ഇത് ഉൾപ്പെടെ ഐ.ടി. രംഗത്ത് വൻകിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്ന ഇൻസന്റീവുകൾ സർക്കാർ പ്രഖ്യാപിക്കും. ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന വ്യവസായനയത്തിന്റെ കരടിന് വ്യവസായവകുപ്പ് രൂപംനൽകി. മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഇതുടൻ വരും. അതിന് മുമ്പ് ഇടതു മുന്നണിയിലും ചർച്ച ചെയ്യും. കിറ്റക്‌സും മറ്റും തെലുങ്കാനയിലേക്ക് പോയത് സർക്കാരിന് നാണക്കേടായിരുന്നു. ഇതിനൊപ്പം വമ്പൻ കമ്പനികൾ കേരളത്തിൽ എത്തുന്നില്ലെന്ന ചർച്ചയും ഉയരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇലക്ട്രോണിക്‌സ് വ്യവസായങ്ങൾ തുടങ്ങാൻ കൂടുതൽ ജപ്പാൻ, തയ്വാൻ കമ്പനികൾ താത്പര്യംപ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തിന്റെ നയ പ്രഖ്യാപനം. ഇന്ത്യൻ ഇലക്ട്രോണിക്‌സ് സെമികണ്ടക്ടർ അസോസിയേഷനുമായി സഹകരിക്കാനും തീരുമാനമുണ്ട്. 10 ആഴ്ചയ്ക്കുള്ളിൽ ഇതിനുള്ള വിശദപദ്ധതി രേഖ തയ്യാറാക്കും. ഈ ചർച്ചകൾക്ക് കരുത്ത് പകരനാണ് പുതിയ നയരൂപീകരണം. വ്യവസായ നയത്തിൽ കൂടുതൽ സ്ഥാപനങ്ങളെ ആകർഷിക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഐ.ടി. രംഗത്തേക്ക് കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ എത്തുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി വ്യവസായ ബന്ധിതമാക്കാനും ആലോചനയുണ്ട്. സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല, കൊച്ചിൻ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണം ഇതിൽ ഉറപ്പാക്കും.

50 കോടിയിൽപ്പരം രൂപ മുതൽമുടക്കുള്ള വ്യവസായങ്ങൾക്കാണ് നയത്തിന്റെ ഭാഗമായ ഇളവുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വൻകിട കമ്പനികളെ അടുപ്പിക്കാനാണ് തീരുമാനം. കിൻഫ്ര, കെ.എസ്‌ഐ.ഡി.സി. തുടങ്ങിയ സർക്കാർ ഏജൻസികളുടെ എസ്റ്റേറ്റുകളിൽനിന്നും സ്വകാര്യ വ്യവസായ പാർക്കുകളിൽനിന്നും ഭൂമി ഏറ്റെടുത്ത് വ്യവസായം തുടങ്ങാൻ രജിസ്ട്രേഷൻ, സ്റ്റാമ്പ്ഡ്യൂട്ടി സൗജന്യമാക്കും. സംരംഭകർ വനിതകളാണെങ്കിൽ പാർക്കുകൾക്ക് പുറത്ത് വ്യവസായം തുടങ്ങാനും ഈ ആനുകൂല്യം നൽകും. അങ്ങനെ സ്ഥലം വാങ്ങലിൽ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാനാണ് നീക്കം.

വൻകിട വ്യവസായങ്ങൾ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കുന്ന സംസ്ഥാന നികുതി സർക്കാർ മടക്കി നൽകും. പ്രഖ്യാപിച്ച വ്യവസായ ഇടനാഴി പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം-കൊല്ലം, ഇൻഫോ പാർക്ക്- ചേർത്തല, ഇൻഫോപാർക്ക്- കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെയാണ് ഇടനാഴി. ഇവിടേക്ക് കൂടുതൽ വ്യവസായം എത്തിക്കാനാണ് നീക്കം.

ഐ.ബി.എം., ടി.സി.എസ്., ടാറ്റ എൽ.എക്‌സ്.ഇ. തുടങ്ങിയ കമ്പനികൾ സംസ്ഥാനത്തേക്ക് എത്തിയത് ഐ.ടി. രംഗത്ത് വൻകുതിച്ചുചാട്ടമായാണ് സർക്കാർ കാണുന്നത്. െ്രഎ.ബി.എമ്മിന്റെ സോഫ്റ്റ്‌വേർ ലാബ്, ഓട്ടോമേഷൻ ഇന്നവേഷൻ സെന്റർ എന്നിവ സ്ഥാപിച്ചത് ഭാവിയിൽ അനുബന്ധ വ്യവസായങ്ങൾക്കും സാധ്യത തെളിയും.