തിരുവനന്തപുരം: അഭിനയ കുടുംബത്തിൽ ജനിച്ചു സിനിമയിൽ ജീവിച്ച വ്യക്തിയാണ് നടൻ വിജയരാഘവൻ. പുതുതലമുറയെന്ന പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയപ്പെട്ടയാൾ. ഇപ്പോഴും മലയാള സിനിമയിലെ വിജയ ഫോർമുലകളിൽ ഒരാളായി വിജയരാഘവനും കാണും. പിതാവിൽ നിന്നും പകർന്നുകിട്ടിയ അഭിനയശേഷിയാണ് അദ്ദേഹത്തിനുള്ളത്. കാലങ്ങളായി സിനിമകളിൽ പ്രവർത്തിച്ചതു കൊണ്ട് സിനിമാ ലോകത്തെ വിശ്വാസങ്ങളെ കുറിച്ചു അന്ധവിശ്വാസങ്ങളെ കുറിച്ചും അദ്ദേഹത്തിന് ധാരണകളുണ്ട്.

സമൂഹിക വ്യവസ്ഥിതിയോട് കലഹിക്കുകയും സമരസപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും സിനിമ ലോകം എന്നും വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും ചേർത്ത് പിടിക്കുന്ന മേഖല കൂടിയാണ്. പരസ്യമായ രഹസ്യമെന്ന പോലെ പലയാവർത്തി ഇത് പുറം ലോകത്ത് ചർച്ചചെയ്യപ്പെട്ടിട്ടുള്ളതുമാണ്. തന്റെ സിനിമാ ജീവിതത്തിൽ ബ്രേക്ക് നൽകിയ ന്യൂഡൽഹിയെക്കുറിച്ച് വിജയരാഘവൻ ഓർത്തെടുക്കുമ്പോൾ അതിൽ അദ്ദേഹം എടുത്തുപറയുന്നതും സിനിമാ മേഖലയിലെ ഇത്തരം വിശ്വാസങ്ങളെക്കുറിച്ച് തന്നെയാണ്. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി നടത്തിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് വിജരാഘവൻ അനുഭവം പങ്കുവെച്ചു. സിനിമയിലേക്കുള്ള പ്രവേശനം അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം മനസ്സു തുറന്നത്.

കാപാലിക എന്ന തന്റെ ആദ്യ ചിത്രത്തിൽ അസോസിയേറ്റായാണ് സംവിധായകൻ ജോഷിയുടെയും സിനിമ പ്രവേശം. അതിന് മുൻപ് തന്നെ എനിക്ക് ജോഷിയെ അറിയാം കോളേജിൽ തന്റെ ജൂനിയറായിരുന്നു ജോഷി, മാത്രമല്ല അ കാലത്ത് തിരുവനന്തപുരത്ത് അവർക്ക് മൂന്ന് തിയേറ്ററും ഉണ്ട്. നാടകത്തിന്റെ ഇടവേളകളിൽ സിനിമ കാണാൻ പോകുമ്പോഴൊക്കെ ജോഷിയുമായി ബന്ധം പുതുക്കിയിരുന്നു.

അസോസിയേറ്റ് ഡയറക്ടറായിരുന്ന ജോഷി സംവധിയാകനായിക്കഴിഞ്ഞും വളരെ നാളുകൾക്ക് ശേഷമാണ് എന്നെ അഭിനയിപ്പിക്കുന്നത്. അതിന്റെ പ്രധാനകാരണം സിനിമയിലെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമാണ്. ഇന്നും തേങ്ങയുടച്ച് തുടങ്ങുന്ന സിനിമ ഷൂട്ടിങ്ങിന് ആദ്യകാലത്തെ കഥകൾ പിന്നെ എങ്ങിനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.അക്കാലത്ത് ചീട്ട് ഇടുന്നതായിരുന്നു രീതി.ഒരോ ആളുടെ പേരിലും ചീട്ടുകൾ ഇടും അതിനനുസരിച്ച് ആകും സിനിയിൽ വേണമൊ വേണ്ടയൊ എന്നൊക്കെ തീരുമാനിക്കുക.അഭിനയം ഉൾപ്പടെ എല്ലാം രണ്ടാമത് മാത്രം.റിട്ട എഞ്ചിനിയർ ആയിരുന്ന കോരച്ചേട്ടൻ ആണ് അക്കാലത്ത് ചീട്ട് ഇടാൻ വരുന്നത്. എല്ലാ സംവിധായകരും കോരച്ചേട്ടനെ വിളിച്ച് ചീട്ട് ഇടുവിച്ച ശേഷമെ ബാക്കി മുന്നോട്ട് പോകു.. ആ രീതിക്കെതിരെ കെ പി ഉമ്മർസാർ പറഞ്ഞ ഒരു ചൊല്ലുവരെ അക്കാലത്ത് പ്രശസ്തമായിരുന്നു' കോരയെന്ന ചേര സിനിമയെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്' എന്ന്. എന്നെ സംബന്ധിച്ച് ചീട്ട് എനിക്ക് അനുകൂലമായി വിഴുന്നില്ല എന്നത് തന്നെയാണ് ജോഷി ചിത്രത്തിൽ നിന്നുൾപ്പടെ പല ചിത്രത്തിൽ നിന്നും ഞാൻ മറ്റപ്പെടാൻ കാരണം.

ന്യൂഡൽഹിയുടെ കാര്യം വന്നപ്പോൾ എനിക്ക് ചീട്ട് ഇടില്ലെന്നായി ജോഷി. എന്നെ അല്ലാതെ തന്നെ അഭിനയിപ്പിക്കാൻ ആയിരുന്നു പ്ലാൻ. പക്ഷെ ഞാൻ സമ്മതിച്ചില്ല.കോരച്ചേട്ടൻ വന്ന് ചീട്ട് ഇട്ടപ്പോഴും എന്റെ കാര്യം പതിവ് പല്ലവി തന്നെ. ഒടുവിൽ ചീട്ട് ഇടാതെയാണ് ഞാൻ ആ പടത്തിന്റെ ഭാഗമായത്. പക്ഷെ അത് എനിക്ക് വലിയ ബ്രേക്ക് ആവുകയും ചെയ്തു.മികച്ച വില്ലൻവേഷൻ, സഹനടൻ തുടങ്ങി എനിക്ക് സാധ്യകൾ തുറന്ന് തന്നത് ആ ചിത്രമായിരുന്നു. സുരേഷ് ഗോപിയുമായുള്ള വിജയ ഫോർമുലകൾ ഒക്കെ അതിന്റെ തുടർച്ചയാണ്. പക്ഷെ ഒരു വ്യത്യസ്ത കഥാപാത്രത്തെ ആദ്യമായി തന്നത് രഞ്ജി പണിക്കറാണ്... ഏകലവ്യനിലെ ചേറാടി കറിയ. സത്യത്തിൽ ഞാനത് ചോദിച്ച് വാങ്ങിയ വേഷമാണ്. ഏകലവ്യനിൽ ഒരു പൊലീസ് വേഷം ചെയ്യാനാണ് എന്നെ വിളിച്ചത്. വേഷം പറഞ്ഞപ്പോൾ തന്നെ ആവർത്തന വിരസത കൊണ്ട് ഞാനത് വേണ്ടെന്ന് വെച്ചു. വേറെ വേഷം ചോദിച്ചു.

എല്ലാം തീരുമാനമായെന്നും ബാക്കിയുള്ളത് ഒരു വയസ്സൻ വേഷമാണെന്നും പറഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ ഞാനത് സമ്മതിക്കുകയായിരുന്നു. കോട്ടയത്തെ ജീവിതവും ചേറാടി കറിയയാവാൻ എന്നെ ഒരുപാട് സഹായിച്ചു. സിഎംഎസ് കോളേജിൽ പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു സീനിയർ ആയിരുന്നു ആ വേഷത്തിനുള്ള എന്റെ മോഡൽ. ചില കഥാപാത്രങ്ങളെ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ഇത്തരം ആളുകളിൽ നിന്നാണ്. സീനിയേഴ്സിലെ അദ്ധ്യാപകന്റെ വേഷം ഇതുപോലെ എനിക്ക് പരിചയുമുള്ള അദ്ധ്യാപകരായിരുന്നു. എന്നുവെച്ച് അവരുടെ സ്വഭാവം അതാണെന്നല്ല. ചില മാനറിസങ്ങൾ അവരിൽ നിന്നും എടുക്കാൻ സാധിക്കും. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ ആദരമോ ഒരു തൊഴിലോ ഒന്നുമല്ല അഭിനയം.. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലഹരിയാണ് തനിക്ക്.. മദ്യപിക്കുമ്പോൾ ലഭിക്കുന്ന സുഖം എന്താണെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ പറ്റുമോ.. ഇല്ലലോ .. അതേ അവസ്ഥയിലുള്ള ലഹരിയാണ് തനിക്ക് അഭിനയിക്കുമ്പോൾ ലഭിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞുവെക്കുന്നു.

അഭിനയം ഒരാൾക്ക് പറഞ്ഞുകൊടുക്കാനോ പഠിപ്പിക്കാനോ പറ്റില്ല. സന്ദർഭങ്ങൾ മാത്രമാണ് പറഞ്ഞുകൊടുക്കാൻ പറ്റുന്നത്. ബാക്കിയെല്ലാം അഭിനേതാവിന്റെ കയ്യിലാണ്. അഭിനയം ആദ്യം ഉണ്ടാവേണ്ടത് മനസിലാണ് അതാണ് മുഖത്ത് വരേണ്ടത്. അല്ലാതെ മുഖംകൊണ്ടല്ല അഭിനയിക്കേണ്ടത് എന്നുമാണ് അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പക്ഷം. ഒരു നടനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഹീറോയായി അഭിനയിക്കുന്നതാണ്. കാരണം സിനിമയിൽ ഹീറോയ്ക്ക് എപ്പോഴും ഒരു ചട്ടക്കൂടുണ്ട്. ആത്യന്തികമായി അതിൽ നിന്ന് മാത്രമെ നടന് ആ കഥാപാത്രത്തെ ചെയ്യാൻ സാധിക്കു. അപ്പോൾ എത്രത്തോളം വ്യത്യസ്തകകൾ കൊണ്ടുവരാൻ സാധിക്കും.അതിനൊരു പരിധിയില്ലെ.. ഞാൻ നായകനായ സിനിമയിൽ നിന്നും തനിക്ക് വ്യക്തമായത് ഇതാണെന്നും വിജയരാഘവൻ വിശദീകരിക്കുന്നു.

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഭരത്ഗോപിച്ചേട്ടനാണ്.എത്രയെത്ര വ്യത്യസ്ത കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്.യവനിക, കൊടിയേറ്റം, പഞ്ചപ്പടിപ്പാലം എത്രയെത്ര ചിത്രങ്ങൾ.. വ്യത്യസ്ത കഥാപാത്രങ്ങൾ.ഇതൊക്കെയാണ് എന്നെ സംബന്ധിച്ച് ഒരു നടന് വേണ്ടത്. അതുകൊണ്ട് തന്നെയാണ് ഗോപിച്ചേട്ടൻ എന്റെ പ്രിയപ്പെട്ട നടനാകുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നായകനാകാൻ ഒട്ടും താൽപ്പര്യമില്ലാത്ത ആളാ ഞാൻ.. 2000 ൽ എന്റെതായി ഒരു സിനിമ പോലും തിയേറ്ററിൽ എത്തിയിട്ടില്ല. വന്നതൊക്കെയും നായക വേഷങ്ങളായിരുന്നു അതുകൊണ്ട് ഞാൻ മനപുർവ്വം പിൻവലിയുകയായിരുന്നു.പ്രണയമോ പാട്ടോ ഒന്നും വഴങ്ങാത്ത നായകനായിരുന്നു ഞാൻ.എന്നിൽ നിന്നും ആളുകൾ പ്രതീക്ഷിച്ചത് ആക്ഷൻ മാത്രം. അപ്പോൾ എന്നെ തേടിവരുന്ന നായക കഥാപാത്രങ്ങളും അത് മാത്രമായി.

ആക്ഷൻ മാത്രമായി അഭിനയം ഒരു ജോലിയായി മാറാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ തന്നെ ബ്രേക്ക് എടുത്തത്. അതിൽ പിന്നെയാണ് ക്യാരക്ടർ റോളുകൾ വീണ്ടും എന്നെ തേടി വരാൻ തുടങ്ങിയത്. എന്റെ ചിറ്റയാണ് ആദ്യമായി എന്നെ കുട്ടൻ എന്ന് വിളിച്ചത്. ആ വിളി ലൊക്കേഷനിലും എത്തി. സത്യത്തിൽ എനിക്കും അതാണ് ഇഷ്ടം. വിജയരാഘവൻ എന്നൊക്കെ വിളിക്കുമ്പോ വേറെ ആരെയൊ വിളിക്കുന്ന പോലെ ഒക്കെ തോന്നും. കുട്ടൻ വിളിക്ക് എപ്പോഴും ഒരു ആത്മബന്ധമുണ്ട്. പിന്നെ സിനിമയിൽ ഗ്രൂപ്പുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിപരമായി അങ്ങിനെ ഒരു അനുഭവം ഇല്ല. അത് തന്നെ പ്രധാന കാരണം. ഉദാഹരണത്തിന് ജോഷിയുടെ പടത്തിൽ സ്ഥിരം സാന്നിദ്ധ്യമാണ് ഞാൻ. ചില കഥകൾ കേൾക്കുമ്പോൾ ജോഷി പറയും ആ റോളിന് കുട്ടനെ വിളിക്ക് അവൻ ചെയ്യും എന്ന്. അത് അ സംവിധായകന് എന്നിലുള്ള വിശ്വാസമാണ്.

അത് തന്നെയാണ് എല്ലാ സംവിധായകർക്കിടയിലും നടക്കുന്നത്. അല്ലാതെ അതൊരു ഗ്രൂപ്പിസമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. നാൽപ്പത് വർഷമായി സിനിമയിൽ വന്നിട്ട്. ഈ നൽപ്പതു വർഷവും ഒരു പുരസ്‌കാരം പോലും ലഭിക്കാതെ നിൽക്കാൻ പറ്റി എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ ഒരു അംഗീകാരം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ പറ്റില്ലലോ. അതുകൊണ്ട് തന്നെ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ സന്തോഷവാനാണ്. എനിക്ക് വേണ്ടതെല്ലാം സിനിമ തന്നിട്ടുമുണ്ട്. അവാർഡ് കിട്ടാത്തതുകൊണ്ട് ഞാനൊരു മോശം നടനാണെന്നോ.. അവാർഡ് കിട്ടുമ്പോൾ ഞാൻ എല്ലാം തികഞ്ഞ നടനെന്നോ അർത്ഥമില്ല.

ചലഞ്ചിങ്ങായ ഒരു വേഷം ഒരു സംവിധായകൻ എന്നെ വിശ്വസിച്ച് എൽപ്പിക്കുന്നെങ്കിൽ അതാണ് ഏറ്റവും വലിയ അവാർഡെന്നാണ് വിശ്വാസം. ഇത്രയും വർഷങ്ങൾ മുന്നോട്ട് പോയതും ആ വിശ്വാസത്തിലാണ്. സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം എന്താണെന്ന് ചോദിച്ചാൽ അത് ലീലയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടാതെ പോയതാണ്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് തന്നെ ആ കഥാപാത്രവും എവിടെയും എത്തിയില്ലെന്ന ദുഃഖവും വിജയരാഘവൻ പങ്കുവെക്കുന്നു.

(തുടരും...)