- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് നൽകിയ സ്വർണം മാറ്റി മുക്കുപണ്ടം നൽകി ഭർത്താവ് പറ്റിച്ചു; ആഭരണം പണയം വയ്ക്കാനെത്തിയപ്പോൾ പിടിക്കപ്പെട്ടു; ഗർഭിണിയാണെന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല; നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത് വിവരം അറിഞ്ഞെത്തിയ പൊലീസിന്റെ അതിവേഗ ഇടപെടൽ. വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി നഴ്‌സിങ് ഹോമിൽ പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
34 വയസ്സുള്ള യുവതിയും 10 വയസ്സുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടിലുണ്ടായിരുന്നത്. അമ്മയ്‌ക്കൊപ്പമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മകൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം.
അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടിൽവെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടർന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയിൽപെട്ട പൊലീസ്, ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സാമാന്യം നല്ല ചുറ്റുപാടുള്ള കുടുംബത്തിലുള്ളയാണ് യുവതി. പിതാവ് വിമുക്ത ഭടനും മാതാവ് അദ്ധ്യാപികയുമായിരുന്നു. ഭർത്താവ് യുവതിയെ ചതിച്ചുവെന്ന വിവരങ്ങളാണ് അയൽവാസികൾ പങ്കു വയ്ക്കുന്നത്. മഹാപ്രളയത്തിൽ നാശം നേരിട്ട വീട് പുനർ നിർമ്മിക്കുന്നതിന് വേണ്ടി പൊളിച്ചിരുന്നു. അതു കൊണ്ടാണ് യുവതിയും കുടുംബവും വാടക വീട്ടിൽ താമസിച്ചിരുന്നത്. യുവതി ഗർഭിണിയാണ് എന്നൊരു സൂചന പോലും അയൽവാസികൾക്ക് ഉണ്ടായിരുന്നില്ല.
ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്ക് ഒപ്പം വാടക വീട്ടിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. സ്വന്തം വീട് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതിനാൽ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. യുവതിക്ക് മൂത്ത ഒരു മകൻ കൂടിയുണ്ട്. യുവതിക്ക് വിവാഹത്തിന് കൊടുത്ത സ്വർണം മാറ്റി മുക്കുപണ്ടം നൽകി ഭർത്താവ് പറ്റിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവർ തമ്മിൽ അകന്നതെന്നും പറയുന്നു
വീട് നിർമ്മാണത്തിന് വേണ്ടി പണം കണ്ടെത്താൻ അടുത്തയിടെ യുവതി ആഭരണങ്ങൾ പണയം വയ്ക്കാൻ ബാങ്കിൽ ചെന്നിരുന്നു. എന്നാൽ, മാറ്റ് നോക്കിയപ്പോൾ അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. നേരത്തേ യുവതിയുടെ ആഭരണങ്ങൾ ഭർത്താവ് കൊണ്ടു പോയിരുന്നുവെന്നു. പിന്നീട് തിരികെ നൽകിയ ആഭരണമാണിതെന്നാണ് യുവതി പറഞ്ഞത്. ഭർത്താവ് കൊണ്ടു പോയ ആഭരണങ്ങൾക്ക് പകരം മുക്കുപണ്ടം എത്തിച്ചുവെന്നാണ് യുവതിയുടെ വാദം. കഴിഞ്ഞ ദിവസം വരെ ഒന്നും സംഭവിക്കാത്തതു പോലെയാണ് പരിസരവാസികളോട് യുവതി ഇടപെട്ടിരുന്നത്. ഇവരെ കുറിച്ച് പ്രദേശവാസികൾക്ക് ഇതുവരെ മോശം അഭിപ്രായം ഇല്ലായിരുന്നു.
നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വാർഡ് മെമ്പറും പറയുന്നത്. . പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹതകൾ ഉണ്ട്. യുവതിക്ക് എന്തോ ചതി സംഭവിച്ചിട്ടുണ്ടെന്നാണ് സംശയം. നവജാത ശിശു മരിച്ചെന്നാണ് യുവതിയും അമ്മയും ആശുപത്രിയിൽ പറഞ്ഞത്.
യുവതിയുടെ മൂത്ത കുട്ടിയാണ് ബക്കറ്റിൽ കുട്ടി ഉള്ള വിവരം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് വീട്ടിൽ എത്തിയത്. പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയതെന്നും വാർഡ് മെമ്പർ പറഞ്ഞു.
പരിശോധനയിൽ യുവതിയുടേത് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായിട്ടുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.
അനക്കമില്ലെന്നു കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതി ഐസിയുവിൽ ചികിത്സയിലാണ്. കുഞ്ഞിനെ പൊലീസ് ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കുഞ്ഞ് ആരോഗ്യവാനാണ്.
മറുനാടന് മലയാളി ബ്യൂറോ