- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചു. ചികിത്സാപ്പിഴവു മൂലമാണ് മരണമെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്. പുറക്കാട് കരൂർ തൈവേലിക്കകം ജെ. അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്.
പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെയും വൃക്കയേയും ബാധിക്കുകയും ചെയ്തു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സിപിഎം കരൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അൻസർ.
മാർച്ച് 21-ന് ആണ് ഷിബിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26-ന് പെൺകുഞ്ഞിന് ജന്മംനൽകി. കുട്ടിക്ക് ചില ശാരീരികാസ്വസ്ഥതകൾ ഉള്ളതുകൊണ്ട് കുഞ്ഞിനെ അഡ്‌മിറ്റ് ചെയ്യുകയും ഷിബിനയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഷിബിനയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റാകുകയായിരുന്നു. ഞായറാഴ്ച രാവിലെയോടുകൂടി ഷിബിനയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ഉച്ചയോടെ മരിക്കുകയും ചെയ്തു.
ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചത് ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടാക്കി. പ്രസവത്തേത്തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നിലനിൽക്കേയാണ് ഇവരെ അദ്യം ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇക്കാര്യം പറഞ്ഞിട്ടും ഡോക്ടർമാർ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നും തുടർന്നാണ് അണുബാധയുണ്ടായതെന്നും സ്ഥിതി ഗുരുതരമായതെന്നും അവർ പറയുന്നു. അമ്പലപ്പുഴ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.