- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നഗരസഭാ സെക്രട്ടറിയുമായി മധുരം പങ്കിട്ട് പാനൂർ നഗരസഭാ ചെയർമാൻ; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിച്ചതോടെ ചെയർമാനെതിരെ പൊങ്കാലയുമായി അണികൾ; പാർട്ടിയെയും നേതാക്കളെയും അവഹേളിച്ച സെക്രട്ടറിയെ ചെയർമാൻ രഹസ്യമായി പിൻതുണയ്ക്കുന്നുവെന്ന് ആരോപണം; പാനൂരിൽ മുസ്ലിം ലീഗിൽ ചേരിപ്പോര് രൂക്ഷമായി
കണ്ണൂർ: മുസ്ലിം ലീഗ് പാനൂർ നഗരസഭാ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റുന്നതിനായി നിയമ പോരാട്ടം തുടരുന്നതിനിടെയിൽ പാർട്ടി ഭരിക്കുന്ന നഗരസഭയിലെ ചെയർമാൻ സെക്രട്ടറിയുമായി ചേർന്ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കേക്കുമുറിച്ചു മധുരം പങ്കിടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു.
പാർട്ടി നേതാക്കളെയും സമുദായത്തെയും ചെയർമാനെയും വ്യക്തിപരമായി ഫോൺ സംഭാഷണത്തിലൂടെ അവഹേളിക്കുകയും വിദ്വേഷപരാമർശം നടത്തുകയും ചെയ്ത സെക്രട്ടറി എ. പ്രവീണിനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ മുസ്ലിംലീഗ് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്റർ സെക്രട്ടറിയുമായി പുതുവത്സരദിനത്തിൽ മധുരം പങ്കുവയ്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെയാണ് ഒരുവിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കും ഹാലിളകിയത്.
നഗരസഭയിലെ മറ്റൊരു ജീവനക്കാരനുമായി സംസാരിക്കുന്ന സെക്രട്ടറിയുടെ ശബ്ദസന്ദേശം ചോർന്നിരുന്നു. ചെയർമാനെയും പാർട്ടിയെയും സമുദായത്തെയും അവഹേളിക്കുന്ന വിധത്തിൽ സെക്രട്ടറി സംസാരിച്ചുവെന്നായിരുന്നു ആരോപണം. സെക്രട്ടറി സമുദായ നേതാക്കളെ അപമാനിച്ചു എന്നാരാരോപിച്ച് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
സെക്രട്ടറിക്കെതിരെ പാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ വന്നതോടെ ലീഗ് നേതൃത്വം കോടതിയെ സമീപിച്ചിരുന്നു. ഇതര മതവിദ്വേഷം പരത്തുന്ന സെക്രട്ടറിയുമായി വി.നാസർ ഊഷ്മളമായ ബന്ധം പുലർത്തുകയാണെന്ന ആക്ഷേപവുമായി ലീഗ് പ്രവർത്തകർ പാർട്ടി ഗ്രൂപ്പുകളിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ചെയർമാനായ നാസർമാസ്റ്ററുടെ പിതാവിനെ പോലും അപമാനിച്ച സെക്രട്ടറിയുമായി ആഘോഷത്തിൽ പങ്കെടുത്തത് ശരിയല്ലെന്ന് വിലയിരുത്തലിൽ തന്നെയാണ് മുസ്ലിംലീഗ് നേതൃത്വവും. ഗ്രൂപ്പ് കളിച്ച് പാർട്ടിയിലുള്ളവരെ ഒതുക്കുന്നതിന്റെ ഒരംശം എങ്കിലും സെക്രട്ടറിയെ പുറത്താക്കാൻ ആത്മാർത്ഥത കാട്ടിയെങ്കിൽ നന്നെന്ന പരാമർശവും അണികൾ ഉയർത്തുന്നു.
ചെയർമാൻ വി.നാസർ സെക്രട്ടറിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ബിജെപി കൗൺസിലർ എ. രത്നാകരനും കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ ആറിന് ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിന്റെ മിനിട്സിൽ മാസങ്ങൾ പിന്നിട്ടിട്ടും സെക്രട്ടറി ഒപ്പിടാത്തതിനെ ചോദ്യം ചെയ്ത് എം.രത്നാകരൻ സെക്രട്ടറിയുടെ കാബിനുമുൻപിൽ ഉപരോധസമരം നടത്തിയിരുന്നു. മതവിദ്വേഷപരാമർശം നടത്തിയ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെടുകയും കൗൺസിൽ യോഗത്തിൽ ഒപ്പിടാത്തത് ബോധപൂർവ്വമാണെന്ന ആക്ഷേപവും രത്നാകരൻ ഉന്നയിച്ചിരുന്നു.
നഗരസഭാ ഭരണസമിതിക്കെതിരെ വിജിലൻസിന് പരാതി നൽകുമെന്നും ക്രമക്കേടുകൾ പലതും പുറത്തുവരുമെന്നും നേരത്തെ സെക്രട്ടറി പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. സെക്രട്ടറിയെ പാനൂരിൽ നിന്നും മാറ്റാൻ മുസ്ലിംലീഗ് നിരവധി പരാതികൾ നൽകിയിരുന്നുവെങ്കിലും ഈ വർഷം പെൻഷൻ പറ്റേണ്ടതിനാൽ അവിടെ തന്നെ തുടരട്ടെയെന്ന നിലപാടാണ് തദ്ദേശ സ്വയംഭരണവകുപ്പ് സ്വീകരിച്ചത്. പാനൂർ നഗരസഭ ഭരിക്കുന്ന മുസ്ലിംലീഗിനെ സംബന്ധിച്ചിടുത്തോളം കനത്ത തിരിച്ചടിയായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പിന്റെ തീരുമാനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്