ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന, ആൻ റോബിൻസൺ തന്റെ 50 മില്യൻ പൗണ്ട് മൂല്യമുള്ള സ്വത്തുക്കൾ തന്റെ അനന്തരാവകാശികൾക്ക് വീതിച്ചു നൽകിയതായി പരസ്യപ്പെടുത്തിയിരിക്കുന്നു. മരണശേഷം തന്റെ സ്വത്തുക്കളിൽ വലിയൊരംശം സർക്കാരിലേക്ക് പോകാതെ, അത് പൂർണ്ണമായും കുട്ടികൾ അനുഭവിക്കണം എന്ന ആഗ്രഹമാണത്രെ അങ്ങനെ ചെയ്യാൻ കാരണമായത്. ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ 3,25,000 പൗണ്ടിൽ അധികം മൂല്യമുള്ള സ്വത്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറുമ്പോൾ 40 ശതമാനം ഇൻഹെരിറ്റൻസ് ടാക്സ് ആണ് സർക്കാർ ഈടാക്കുന്നത്.

തന്റെ ആരോഗ്യത്തെയും സന്തോഷത്തെയും കുറിച്ചു മാത്രമെ ഇപ്പോൾ ചിന്തിക്കുന്നുള്ളു എന്നും ആതുകൊണ്ടു തന്നെ ഒരുപാട് സ്വത്തുക്കൾ അടക്കിപ്പിടിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. അതുപോലെ തന്റെ കുടുംബത്തെയും സന്തോഷിപ്പിക്കണം. രണ്ടു തവണ വിവാഹിതയായ ഇവർ രണ്ട് തവണയും വിവാഹമോചനം നേടുകയായിരുന്നു. എന്നാൽ രണ്ട് ഭർത്താക്കന്മരുമായും വിവാഹമോചന ശേഷവും ആരോഗ്യകരമായ സൗഹൃദം പുലർത്തിയിരുന്നു എന്നും അവർ പറയുന്നു. അവരുടെ മുൻ ഭർത്താക്കന്മാരിൽ ഒരാളായ ചാർലി വിൽസൺ രണ്ട് വർഷം മുൻപ് മരണമടഞ്ഞിരുന്നു.

മാധ്യമ രംഗത്ത് വന്ന പൊളിറ്റിക്കൽ കറക്ട്‌നസ്സിന്റെ അതിപ്രസരത്തെ കുറിച്ചും അവർ സംസാരിച്ചു. താൻ മുൻപ് ചെയ്ത വീക്കസ്റ്റ് ലിങ്ക് പോലുള്ള ഒരു പരിപാടി ഇപ്പോൾ അവതരിപ്പിക്കാൻ കഴിയില്ലെന്നും അവാർ പറയുന്നു. ആളുകൾ കൂടുതൽ വികാരാധീനരായിരിക്കുകയാണ്. ചെറിയ ഒരു തമാശ പോലും ഒരുപക്ഷെ അവരെ പ്രകോപിപ്പിച്ചേക്കും എന്നും അവർ പറയുന്നു.

ആൻ റോബിൻസന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് ബ്രിട്ടന്റെ അമിതമായ നികുതി നിരക്കുകളിലേക്കാണെന്ന് ചില നിരീക്ഷകർ പറയുന്നു. ഈ മാർഗം പിന്തുടർന്ന് കൂടുതൽ പേർ എത്തിയാൽ നഷ്ടമുണ്ടാവുക സർക്കാർ ഖജനാവിനായിരിക്കും എന്നും അവർ പറയുന്നു.തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസരത്തിൽ നികുതി ഇളവുകൾ ആവശ്യപ്പെട്ട് ഭരണകക്ഷിയിൽ നിന്നു തന്നെ മുറാവിളി ഉയരുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.