- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നസന്റേട്ടനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്; ഞാനിപ്പോ ഹോസ്പിറ്റലിൽ ഉണ്ട്; ഇപ്പോൾ എക്‌മോ മെഷീൻ സപ്പോർട്ടിൽ തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്; പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയെന്ന് ഇടവേള ബാബു; ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും കൊച്ചിയിലെ ലേക് ഷോർ ആശുപത്രി അറിയിച്ചു. എക്‌മോ സപ്പോർട്ടിൽ
തുടരുകയാണെന്ന് വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.രക്തസമ്മർദ്ദത്തിലും, രക്തത്തിലെ ഓക്‌സിജന്റെ നിലയിലും മാറ്റമില്ല.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.അതിനിടെ, സോഷ്യൽ മീഡിയയിൽ ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ ശരിയല്ലെന്നും, പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
ഇടവേള ബാബുവിന്റെ വാക്കുകൾ:
ഇന്നസന്റേട്ടനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഞാനിപ്പോ ഹോസ്പിറ്റലിൽ ഉണ്ട്. ഇപ്പോൾ എക്‌മോ മെഷീൻ സപ്പോർട്ടിൽ തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. ഇപ്പോൾ മെഡിക്കൽ ബോർഡ് കൂടിയിരുന്നു. മന്ത്രി പി രാജീവ് സ്ഥലത്തുണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണനും, ആന്റോ ജോസഫും അടക്കം എല്ലാ അസോസിയേഷന്റെയും ആൾക്കാരുണ്ട്. ഇപ്പോൾ തീരുമാനം എന്താച്ചാൽ, മെഷീൻ സപ്പോർട്ടിൽ തുടരുക എന്നത് തന്നെയാണ്. എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. മറ്റുവാർത്തകൾക്കൊന്നും ഇപ്പോൾ അടിസ്ഥാനമില്ല.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രം വഴി ഏറ്റെടുക്കുന്ന ചികിത്സാ രീതിയാണ് എക്മോ. ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. ശ്വാസകോശത്തിനൊപ്പം ഹൃദയവും രോഗാവസ്ഥയിലാകുമ്പോഴാണ് ഈ ചികിൽസ അനിവാര്യമാകുന്നത്. ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് എക്മോയുടെ സഹായത്തോടെയാണ് ഇന്നസെന്റിന്റെ ജീവൻ നിലനിർത്തുന്നത്.
രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിലായെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ആ ഘട്ടത്തിൽ മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി. ഇതാണ് എക്മോ ചികിൽസ അനിവാര്യമാക്കിയത്.
ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.
ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്നതാണ് ഇന്നസെന്റിന്റേതായി ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.