- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
കൊച്ചി: സ്വയം നോക്കി ചിരിച്ച പോലെ മരണത്തെയും നോക്കി ചിരിച്ച തന്റേടിയായിരുന്നു ഇന്നസെന്റ്. എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞതുകൊണ്ട് ചിലതൊക്കെ തമാശയാണോ, കാര്യമാണോ എന്ന് അപരിചിതർക്ക് തിരിയാതെ വന്നു. എന്നാൽ, അടുപ്പക്കാർക്കറിയാം, കഥ പറയുമ്പോൾ പറഞ്ഞുഫലിപ്പിക്കാമെന്ന ആ അത്മവിശ്വാസം. ജീവിതത്തിലും അങ്ങനെ തന്നെ. തനിക്ക് വലിയ പഠിപ്പും പത്രാസുമൊന്നും ഇല്ലെന്നും അനുഭവങ്ങളാണ് ഗുരുവെന്നും പലവുരു ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
എട്ടാം ക്ലാസ് വരെ മാത്രം പഠിപ്പുള്ള ഇന്നസെന്റ് പാർലമെന്റിൽ പോയപ്പോൾ കളിയാക്കിയവരോടും, അദ്ദേഹം ചിരിയോടെ, അൽപം കുസൃതിയോടെ, വിദ്യാഭ്യാസത്തേക്കാൾ വേണ്ടത് അനുഭവമാണെന്ന് പറഞ്ഞ് തിരിച്ചടിച്ചു. ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടെ, പൊടുന്നനെ വിളിക്കാത്ത അതിഥിയായി കാൻസർ കയറി വന്നപ്പോഴും അദ്ദേഹം പതറിയില്ല. എന്നാൽ, ഭാര്യ ആലീസിനും അതേ രോഗം വന്നപ്പോൾ ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ വി പി ഗംഗാധരൻ പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. 'ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്' എന്നാണ് ഡോക്ടർ കുറിപ്പിന്റെ ആമുഖത്തിൽ പറയുന്നത്.
കാൻസറാണെന്ന് അറിഞ്ഞപ്പോഴും, ജീവിതം കൈവിട്ടുപോകയാണെന്ന വിഷാദ ചിന്തയിൽ ഉരുകിയിരിക്കാതെ, ഡോക്ടറെ വിശ്വസിച്ച് രോഗത്തെ നേരിട്ട തന്റേടി എന്നാണ് ഡോക്ടർ ഗംഗാധരൻ പറയുക. എംപി ആകുന്നതിനു മുമ്പാണ് തന്റെ അനുഭവ കുറിപ്പുകൾ ഇന്നസെന്റ് കാൻസർ വാർഡിലെ ചിരിയാക്കിയത്.
മമ്മൂട്ടി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത നിമിഷം
രോഗം ഇടക്കാലത്ത് മൂർച്ഛിച്ച സമയത്തായിരുന്നു ഇരിങ്ങാലക്കുടയിലെ പ്രസിദ്ധമായ പിണ്ടിപ്പരുന്നാൾ വന്നത്. എല്ലാ വീടുകളും ഉത്സവ തിമിർപ്പിലാകുന്ന കാലം. അസുഖമായതുകൊണ്ട് ആഘോഷങ്ങൾ വേണ്ട എന്ന് ഭാര്യ ആലീസ് പറഞ്ഞതിനാൽ, അതൊന്നും ഇല്ലാതെ ഇന്നസെന്റ് മൂഡ് ഔട്ടായി ഇരിക്കുന്ന സമയം.
ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ:
എങ്കിലും ഞാൻ വൈകുന്നേരങ്ങളിൽ പതുക്കെ നടന്ന് ഗെയ്റ്റിന്റെ അടുത്ത് ചെന്നുനില്ക്കും. ആൾക്കാർ അങ്ങനെ ഒഴുകുന്നതു കാണാം. കഴിഞ്ഞ വർഷം വരെ ഞാനും ആ ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നു. അതാലോചിച്ചപ്പോൾ എനിക്കു സങ്കടം തോന്നി. അങ്ങനെ നില്ക്കുമ്പോൾ അതുവഴി കടന്നുപോയ ഒരു വഴിപോക്കൻ ചോദിച്ചു:
'എന്താ ഇന്നസെന്റേ, നിങ്ങടെ വീട്ടിൽ ആരെങ്കിലും മരിച്ചോ? പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നുമില്ലാതെ.'
'ഇല്ല. മരിച്ചിട്ടില്ല. അടുത്തകൊല്ലം മരിക്കണേന്റെ റിഹേഴ്‌സലാ. ഞാൻ സിനിമാനടനല്ലേ. ഞങ്ങൾ ഏത് രംഗം ഷൂട്ട് ചെയ്യ്ണതിന്റേം മുൻപേ ഒരു റിഹേഴ്‌സല് എടുക്കും. 'മനസ്സിനക്കരെ' എന്ന സിനിമ നിങ്ങള് കണ്ടിട്ടുണ്ടോ? അതിൽ ഞാൻ മരിച്ചുകിടക്കുന്ന ഒരു രംഗമുണ്ട്. ആറിലധികം തവണയാണ് അതിന്റെ റിഹേഴ്‌സൽ എടുത്തത്. എന്നിട്ടാണ് ഷോട്ട് ഓകെയായത്. അതുപോലെ ഇത് അടുത്തവർഷത്തെ വാലായ്മയ്ക്കുള്ള റിഹേഴ്‌സലാ.'അതുകേട്ട് അയാൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
ഈ കാര്യം ഞാൻ മമ്മൂട്ടിയോടു പറഞ്ഞു. മമ്മൂട്ടി അതുകേട്ട് പൊട്ടിച്ചിരിച്ചു. രോഗസമയത്തും ഞാൻ ചിരി വിടാതെ കൊണ്ടുനടക്കുന്നതിനെ പ്രശംസിച്ചു. ഫോൺ വെക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു: 'മമ്മൂട്ടീ, ഞാൻ വെറുമൊരു ചെറിയ നടനാ. എനിക്ക് ഒരുപാട് റിഹേഴ്‌സലൊക്കെ എടുക്കേണ്ടിവരും. നിങ്ങള് ഭരത് അവാർഡൊക്കെ കിട്ടിയ വലിയ നടനല്ലേ. നിങ്ങടെ കാര്യത്തില് ഈ വാലായ്മ ഫസ്റ്റ് ടേക്കിൽ ഓകെയാകുമോ, റിഹേഴ്‌സൽ ഒന്നുമില്ലാതെ തന്നെ.'
അതുവരെ പൊട്ടിച്ചിരിച്ച മമ്മൂട്ടി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.
ജനാർദ്ദനന്റെ അലറി കരച്ചിൽ
ഇന്നസെന്റിന് രോഗം വന്നത് സിനിമാ മേഖലയിൽ പലരും വൈകിയാണ് അറിഞ്ഞത്. നേരത്തെ അറിയാമായിരുന്നത്, സത്യൻ അന്തിക്കാടിനും, മോഹൻലാലിനുമാണ്.
ഇന്നസെന്റ് എഴുതുന്നു:
ഒരു ദിവസം രാത്രി, അലറിക്കരഞ്ഞുകൊണ്ട് നടൻ ജനാർദനൻ വിളിച്ചു: 'എങ്കിലും ഇന്നസെന്റേ നിങ്ങൾക്കിത് വന്നല്ലോ...' ജനാർദനൻ അലമുറയിട്ടുകരഞ്ഞു.
ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങുന്നില്ല സങ്കടം. ജനാർദനന്റെ സങ്കടം കുറച്ചു കഴിഞ്ഞപ്പോൾ ദേഷ്യത്തിന് വഴിമാറി.
'നിങ്ങളല്ലേ ഇന്നസെന്റേ എന്നെ കൂടൽമാണിക്യക്ഷേത്രത്തിൽ തൊഴീക്കാൻ കൊണ്ടുപോയത്. എന്നിട്ടും ആ ഭരതൻ (കൂടൽമാണിക്യത്തിലെ പ്രതിഷ്ഠ) നിങ്ങൾക്കീ വിധി വരുത്തിയല്ലോ. എടാ ഭരതാ, വെറുതെയല്ല നിനക്ക് ഇന്ത്യയിലാകെ ഒറ്റയമ്പലം മാത്രമായിപ്പോയത്! കൈയിലിരുപ്പ് ഇങ്ങനെയല്ലേ', തുടർന്ന് ഭരതന് കടുത്ത ശകാരം. അതു കഴിഞ്ഞപ്പോൾ ജനാർദനൻ യേശുക്രിസ്തുവിനെക്കയറിപ്പിടിച്ചു... 'ഇന്നസെന്റേ നിങ്ങടെ ആ യേശുവുണ്ടല്ലോ അവനെ മുപ്പത് വയസ്സിലോ മറ്റോ അല്ലേ മുള്ളാണിയിൽ തറച്ചത്. മൂന്നുവയസ്സിൽ തറയ്‌ക്കേണ്ടതായിരുന്നു. ഇതല്ലേ കൈയിലിരുപ്പ്. നിങ്ങളെ ഈ അവസ്ഥയിലാക്കിയില്ലേ?' ഞാൻ ജനാർദനനെ ആശ്വസിപ്പിക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. അയാൾ കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ ലോകത്തുള്ള എല്ലാ ദൈവങ്ങളോടും ദേഷ്യപ്പെട്ടതിനുശേഷമാണ് ഫോൺ വെച്ചത്.
കാവ്യാ മാധവന്റെ സംശയം
കാവ്യാമാധവൻ ഫോൺ വിളിച്ച് ഒന്നും പറയാതെ അങ്ങനെ പരുങ്ങിനിന്നു. എങ്ങനെ എന്നോട് സംസാരിച്ചുതുടങ്ങണം എന്നറിയാതെ. അതു മനസ്സിലായപ്പോൾ ഞാൻ പറഞ്ഞു. ;അമ്മ' സംഘടനയിലെ അംഗങ്ങളായ താരങ്ങൾ രാവും പകലും റിഹേഴ്‌സൽ ചെയ്ത് അധ്വാനിച്ച് പരിപാടികൾ അവതരിപ്പിച്ച് ഉണ്ടാക്കുന്ന പണം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കട്ടാൽ ഇതും ഇതിലപ്പുറവും രോഗം വരും.'
അതുകേട്ട് കാവ്യ അല്പസമയം മിണ്ടാതെനിന്നു. എന്നിട്ട് ചോദിച്ചു:
'അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ?'
കാവ്യ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറാണ്.
'ഒപ്പമുള്ളവർ കട്ടാലും വരും,' ഞാൻ പറഞ്ഞു. പാവം കാവ്യ. പിന്നെ അധികനേരം സംസാരിച്ചില്ല..
രോഗിയുടെ കൺമുമ്പിലെ ദൈവം ഡോക്ടർ
താൻ അവിശ്വാസിയല്ലെങ്കിലും, രോഗം വരുമ്പോഴേക്കും ദൈവത്തെ വിളിച്ച് അലമുറയിടാനും പ്രാർത്ഥനകളുടെ എണ്ണംകൂട്ടാനും തയ്യാറല്ലെന്ന് ഇന്നസെന്റ് എഴുതി. 'അത് ദൈവസങ്കല്പത്തെ കുറച്ചുകാണിക്കലാണ്. പ്രാർത്ഥനയുടെ എണ്ണം കുറഞ്ഞു എന്നതുകൊണ്ടുമാത്രം എന്നെപ്പോലെ ഒരു സാധുമനുഷ്യന്റെ മേൽ ഇത്തരത്തിൽ ഒരു രോഗം ചാർത്താൻ ദൈവം തീരുമാനിക്കുകയാണെങ്കിൽ അത്തരം ദൈവം എന്തൊരു ബോറനായിരിക്കും? കുറെ പ്രാർത്ഥിച്ചാൽ എല്ലാം മറന്ന് രോഗിയെ രക്ഷപ്പെടുത്തുമെങ്കിൽ ദൈവം എത്രമാത്രം മുഖസ്തുതിപ്രിയനായിരിക്കും? രോഗംവന്നാൽ കണിശമായ ചികിത്സയാണ് ആദ്യം വേണ്ടത്. മറ്റുള്ളതെല്ലാം രോഗിയുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് ശാന്തിയും സമാധാനവും നല്കുമായിരിക്കാം. എന്നാൽ ചികിത്സയില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. രോഗിയുടെ കൺമുന്നിലെ ദൈവം ഡോക്ടർ തന്നെയാണ്.'
ഇന്നസെന്റ് എന്ന പാഠപുസ്തകം
പലതരത്തിലും ഒരു പാഠപുസ്‌കമാണ് ഇന്നസെന്റ്. ഗുരുതര രോഗം വരുമ്പോൾ, അത് മനസ്സാ അംഗീകരിക്കുക, കരയണോ, ചിരിക്കണോ എന്ന ആശയക്കുഴപ്പത്തിൽ, ചിരിക്കാൻ തീരുമാനിക്കുക, അങ്ങനെ പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ, ചിരിച്ചുകൊണ്ട് നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക, ഇതിലെല്ലാം പാഠ പുസ്തകമായിരുന്നു ഇന്നസെന്റ്. പ്രചോദനാത്മകമായ ആ ജീവിതത്തിലെ ഒരേട് അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് പാഠപുപസ്തകവുമായി. സംസ്ഥാന സർക്കാർ സിലബസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് 'ചിരിയും ചിന്തയും' എന്ന ഭാഗത്തിലാണ് ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരിയുടെ ഒരു ഏട് പഠിക്കാനുള്ളത്. കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട ഇന്നസെന്റെ അങ്ങനെ പാഠപുസ്തകവുമായി.
മറുനാടന് മലയാളി ബ്യൂറോ