കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ഏറ്റവും പുതിയ വിവരങ്ങൾ. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ.ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണ്.അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല.മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ എക്‌മോ സപ്പോർട്ടിൽ തുടരുകയാണെന്ന് വി.പി.എസ് ലേക് ഷോർ ആശുപത്രി രാവിലെ 9.45ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രി പി.രാജീവ്, സത്യൻ അന്തിക്കാട്, ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി എം.സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.

കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.
ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അതിനിടെ, സോഷ്യൽ മീഡിയയിൽ ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ ശരിയല്ലെന്നും, പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഇന്നലെ അറിയിച്ചിരുന്നു.

ഇന്നസന്റേട്ടനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഞാനിപ്പോ ഹോസ്പിറ്റലിൽ ഉണ്ട്. ഇപ്പോൾ എക്‌മോ മെഷീൻ സപ്പോർട്ടിൽ തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. ഇപ്പോൾ മെഡിക്കൽ ബോർഡ് കൂടിയിരുന്നു. മന്ത്രി പി രാജീവ് സ്ഥലത്തുണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണനും, ആന്റോ ജോസഫും അടക്കം എല്ലാ അസോസിയേഷന്റെയും ആൾക്കാരുണ്ട്. ഇപ്പോൾ തീരുമാനം എന്താച്ചാൽ, മെഷീൻ സപ്പോർട്ടിൽ തുടരുക എന്നത് തന്നെയാണ്. എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. മറ്റുവാർത്തകൾക്കൊന്നും ഇപ്പോൾ അടിസ്ഥാനമില്ലെന്നായരുന്നു ഇടവേള ബാബുവിന്റെ വാക്കുകൾ.

ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി. ഇതാണ് എക്മോ ചികിൽസ അനിവാര്യമാക്കിയത്.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്. ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്.