ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രസീമയില്‍ ഇനി ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്താന്‍ ഭാരതത്തിന്റെ പുത്തന്‍ പടക്കപ്പല്‍ എത്തുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ആണവോര്‍ജ്ജ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിധമന്‍ (ട4) ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 'ഇത് വെറും വാക്കുകളല്ല, ശക്തിയാണ്' എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിക്കുമ്പോള്‍ അത് ലോകശക്തികള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പുകൂടിയാണ്.

വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിങ് സെന്ററില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ഈ കരുത്തന്‍ മുന്‍ഗാമികളായ അരിഹന്തിനേക്കാളും അരിഘട്ടിനേക്കാളും മാരക പ്രഹരശേഷിയുള്ളതാണ്. 7000 ടണ്‍ ഭാരമുള്ള അരിധമന്‍, മുന്‍പത്തെ രണ്ട് അന്തര്‍വാഹിനികളേക്കാള്‍ വലുതാണ്. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 15 മിസൈലുകള്‍ക്ക് പുറമെ, 3000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള കെ4 ബാലിസ്റ്റിക് മിസൈലുകളും ഇതില്‍ സജ്ജമാക്കാം.

ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മാസങ്ങളോളം സമുദ്രത്തിനടിയില്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരിക്കാന്‍ ഇതിന് സാധിക്കും. മണിക്കൂറില്‍ 24 മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

കരയില്‍ നിന്നും ആകാശത്ത് നിന്നും കടലില്‍ നിന്നും ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതിനകം ഇടംപിടിച്ചു കഴിഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ വന്‍ശക്തികള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.

'ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധത്തിന് വലിയ ഉത്തേജനമാണ് ഐ.എന്‍.എസ് അരിധമന്‍ നല്‍കുന്നത്. ശത്രുക്കളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനമുണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കടലിനടിയില്‍ നിന്ന് പ്രത്യാക്രമണം നടത്താന്‍ ഇന്ത്യക്ക് ഇത് കരുത്ത് നല്‍കുന്നു.'

അരിഹന്ത് (2016), അരിഘട്ട് (2024) എന്നിവയ്ക്ക് ശേഷം അരിധമന്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് ഇരട്ടിയാകും. എന്നാല്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല, കെ 4 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന നാലാമത്തെ ആണവ അന്തര്‍വാഹിനിയും പണിപ്പുരയിലാണ്. വരും വര്‍ഷങ്ങളില്‍ അതും ഇന്ത്യന്‍ പ്രതിരോധ വ്യൂഹത്തിന്റെ ഭാഗമാകും.

ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കുന്ന സാഹചര്യത്തില്‍, അരിധമന്റെ വരവ് ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല.