കൊച്ചി: പരിശീലന മികവിനുള്ള പൊൻതൂവലായി ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പരമോന്നത നാവിക ബഹുമതിയായ 'പ്രസിഡന്റ്‌സ് കളർ' രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ച അഭിമാനത്തിൽ കൊച്ചിയിലെ നേവൽ ആസ്ഥാനം. ഫോർട്‌കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയുടെ പരേഡ് ഗ്രൗണ്ടിൽ സൈനികാചാര പ്രകാരം നടന്ന പ്രൗഢഗംഭീര ചടങ്ങിൽ നാവികസേനയ്ക്കു വേണ്ടി ലഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കറിയ പ്രസിഡന്റ്‌സ് കളർ (പ്രത്യേക നാവിക പതാക) ഏറ്റുവാങ്ങി.

പുതുക്കിയ നാവിക പതാകയുടെ ചുവടു പിടിച്ചു പുതുതായി രൂപകൽപന ചെയ്ത 'പ്രസിഡന്റ്സ് കളർ' ആദ്യമായി ലഭിക്കുന്ന സൈനിക പരിശീലന കേന്ദ്രമാണു ദ്രോണാചാര്യ. തപാൽ വകുപ്പു പുറത്തിറക്കിയ പ്രത്യേക തപാൽ കവർ രാഷ്ട്രപതി പ്രകാശനം ചെയ്തു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു.

ഇന്ത്യയുടെ സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ വളർച്ചയിൽ സമുദ്രശക്തി നിർണായകമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. നീണ്ട തീരപ്രദേശവും ദ്വീപസമൂഹങ്ങളും സമുദ്രസഞ്ചാര ശൃംഖലയും വ്യാപാര പാതകളുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായ ഇന്ത്യയിൽ ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. സാമൂഹിക, സാമ്പത്തിക വളർച്ച സുഗമമാക്കാൻ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു നാവികസേന വലിയ പങ്കുവഹിച്ചു എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും ദുരന്തസമയത്തു സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നു അവർ പറഞ്ഞു.

വിക്രാന്ത് ആത്മനിർഭര ഭാരതത്തിന്റെ ഉജ്വല ഉദാഹരണമാണെന്നു ചൂണ്ടിക്കാട്ടി. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിനെയും വിക്രാന്ത് യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. റോയൽ നേവി കാലഘട്ടത്തിൽ ബ്രിട്ടിഷ് പൈതൃകത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്ന 'സെന്റ് ജോർജ്‌സ് ക്രോസ്' ഒഴിവാക്കിയതാണു പ്രസിഡന്റ്‌സ് കളറിലെ പ്രധാന മാറ്റം. ഇതിനു പകരം വെള്ള പശ്ചാത്തലത്തിൽ ദേശീയ പതാക, അശോക സ്തംഭം, നാവിക എംബ്ലം തുടങ്ങിയവ ഉൾപ്പെടുത്തിയാണു പുതിയ പതാക രൂപകൽപന ചെയ്തിട്ടുള്ളത്.

പതാകയുടെ ഇടതു വശത്തായി ദേശീയ പതാകയും വലതു മുകളിൽ സുവർണ നൂലുകളിൽ തുന്നിയ അശോക സ്തംഭവും ഇതിനു താഴെ ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്നു സ്വീകരിച്ച നാവിക മുദ്രയുമാണുള്ളത്. ഐഎൻഎസ് ദ്രോണാചാര്യയുടെ എല്ലാ സൈനിക ചടങ്ങുകളിലും ഇനി പ്രസിഡന്റ്‌സ് കളർ അവിഭാജ്യ ഘടകമായിരിക്കും.

1948ൽ സ്ഥാപിതമായ ഇന്ത്യൻ നാവികസേനയുടെ കൊച്ചി ഗണ്ണറി സ്‌കൂളിന്റെ വജ്രജൂബിലി വർഷമാണ് 'പ്രസിഡന്റ്സ് കളർ' എന്ന പരമോന്നത ബഹുമതി തേടിയെത്തുന്നത്. 1978-ൽ ഗണ്ണറി സ്‌കൂൾ ഐഎൻഎസ് ദ്രോണാചാര്യയായി മാറി. ''കുരു പ്രഹാരം പ്രഥമേ'' എന്ന മുദ്രാവാക്യം അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് ആയുധങ്ങൾ കൃത്യമായി എത്തിക്കുന്നതിന് കടൽ യോദ്ധാക്കളെ പരിശീലിപ്പിക്കുന്നതിൽ ഐഎൻഎസ് ദ്രോണാചാര്യനൽകിയ മഹത്തായ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ കളർ പുരസ്‌കാരം.

'ഡ്രിൽ ടു സ്‌കിൽ' എന്ന സമയപരിശോധനാ ആശയത്തെ കേന്ദ്രീകരിച്ചാണ് ദ്രോണാചാര്യയിലെ പരിശീലനം. ഓരോ ട്രെയിനിക്കും സേന ഉപയോഗിക്കുന്ന എല്ലാ ആയുധ സംവിധാനങ്ങളെക്കുറിച്ചും അനുഭവപരിചയം നൽകും. 7 എംഎം പിസ്റ്റൾ മുതൽ 76 എംഎം പീരങ്കി തോക്കുകൾ വരെയും ബരാക് സർഫസ് ടു എയർ മിസൈൽ മുതൽ ഹൈപ്പർസോണിക് ബ്രഹ്‌മോസ് വരെ - പ്രായോഗിക അനുഭവം ലഭ്യമാക്കും. കപ്പലുകളുടെ തത്സമയ സംവിധാനങ്ങളും യഥാർത്ഥ യുദ്ധാനുഭവങ്ങളും നേരിട്ടു പരിശീലിക്കാനായി എമുലേറ്ററുകൾ ഉപയോഗിക്കും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, ആയുധ- മിസൈൽ പരിശീലനത്തിനു കഴിയുന്ന സമാന സൗകര്യങ്ങളുള്ള മറ്റൊരു സ്ഥാപനമില്ല. തത്സമയ പരിശീലന പരിതസ്ഥിതിയിൽ കപ്പൽ വ്യോമ പ്രതിരോധവും ഉപരിതല പ്രവർത്തനവും കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ യൂണിറ്റ് ഓപ്സ് റൂമിലുണ്ട്.