മുംബൈ: സ്‌കോർപീൻ ക്ലാസ് 'കൽവരി' ശ്രേണിയിലുള്ള ഇന്ത്യയുടെ അഞ്ചാമത്തെ അന്തർവാഹിനി ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മിഷൻ ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രതിരോധ കരുത്ത് പുതിയ തലത്തിലേക്ക്. രാജ്യാന്തരതലത്തിൽ ഏറ്റവും മികച്ച സെൻസറുകൾ, ശത്രുസന്നാഹങ്ങളെ ഉപരിതലത്തിലും അടിത്തട്ടിലും കൃത്യമായി ആക്രമിക്കാനുള്ള ശേഷി, എതിരാളികളുടെ സാന്നിധ്യം കണ്ടെത്താനുള്ള മികച്ച സംവിധാനം തുടങ്ങിയവ അന്തർവാഹിനിയുടെ കരുത്താണ്. കടലിലും ഇന്ത്യ രാജാവായി മാറുകയാണ്. ചൈനീസ് ആക്രമണങ്ങളുടെ മുനയൊടിക്കാനുള്ള കരുത്ത് ഇതിനുണ്ട്.

രണ്ടു വർഷത്തിനിടെ നാവികസേനയുടെ ഭാഗമായ മൂന്നാമത്തെ മുങ്ങിക്കപ്പലാണ് ഇത്. കൽവരി ശ്രേണിയിൽ, ഫ്രാൻസിന്റെ സഹകരണത്തോടെ മസ്ഗാവ് കപ്പൽനിർമ്മാണശാലയിൽ നിർമ്മിക്കുന്ന ആറു മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണിത്. കൂറ്റൻ മീനായ വാഗിറിൽ നിന്നാണു പേര് കണ്ടെത്തിയത്. 1973ൽ നാവികസേനയുടെ ഭാഗമായ ആദ്യത്തെ വാഗിർ 2001ൽ ഡികമ്മിഷൻ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അന്തർവാഹിനി എത്തുന്നത്. ശത്രുക്കളെ പ്രതിരോധിക്കുന്നതിനും രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഐഎൻഎസ് വാഗിർ നാവികസേനയ്ക്ക് സഹായകമാവും.

മണൽ സ്രാവ് എന്നാണ് വാഗിറിന്റെ അർത്ഥമെന്നും ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുന്നതിനാൽ അന്തർവാഹിനിയുടെ യോഗ്യതയ്ക്ക് ഇണങ്ങുന്ന പേരാണെന്നാണ് നാവിക സേനയുടെ വിലയിരുത്തൽ. ലോകത്തെ ഏറ്റവും മികച്ച സെൻസറുകളാണ് ഐഎൻഎസ് വാഗിറിൽ സജ്ജീകരിച്ചിരിക്കുന്നത്. വയർ ഗൈഡഡ് ടോർപ്പിഡോകളും ശത്രു കപ്പലുകളെ നിർവീര്യമാക്കാൻ കെൽപ്പുള്ള ഉപരിതല മിസൈലുകളും വാഗിറിന്റെ ആയുധ പാക്കേജിൽ ഉൾപ്പെടുന്നു.

ഇതിന്റെ ഡീസൽ എഞ്ചിനുകൾക്ക് വളരെപെട്ടെന്ന് ബാറ്ററികൾ ചാർജ് ചെയ്യാനാകും. മാത്രമല്ല പ്രത്യേക ഓപ്പറേഷനുകൾക്കായി നാവികസേനാ കമാൻഡോകളെ വഹിക്കാനും അന്തർവാഹിനിക്കാകും. സ്വയം പ്രതിരോധത്തിനായി അത്യാധുനിക ടോർപ്പിഡോ ഡികോയ് സംവിധാനം വാഗിറിലുണ്ടെന്നും നാവികസേന വ്യക്തമാക്കുന്നു. ഇന്ത്യൻ സമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്ന വേളയിലാണ് ഐ എൻ എസ് വാഗിർ സേനയിലേയ്ക്ക് കമ്മിഷൻ ചെയ്തിരിക്കുന്നത്.

നാവികസേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് ഈ അന്തർവാഹിനി നിർമ്മിക്കപ്പെട്ടത് . സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും നിരീക്ഷണം, വിവരശേഖരണം, എന്നീ ദൗത്യങ്ങൾ പൂർത്തീയാക്കാനും വാഗിറിനാകും. ജലത്തിൽ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകൾ പുതിയ വാഗിറിനുണ്ടെന്ന് നാവിക സേന വൃത്തങ്ങൾ വ്യക്തമാക്കി.

24 മാസത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയ മൂന്നാമത്തെ അന്തർവാഹിനിയാണ് വാഗിർ. രണ്ട് വർഷത്തെ കടൽ പരീക്ഷണത്തിന് ശേഷമാണ് ഐഎൻഎസ് വാഗിർ നാവികസേനയിൽ ചേർന്നത്. പ്രോജക്റ്റ് 75 പ്രകാരം, കൽവാരി ക്ലാസിലെ ആറ് അന്തർവാഹിനികളുടെയും നിർമ്മാണം മുംബൈയിലെ ഷിപ്പ്യാർഡിലാണ്. ഇതിൽ നിർമ്മാണം പൂർത്തിയായ ഐഎൻഎസ് കൽവാരി, ഐഎൻഎസ് കരഞ്ച്, ഐഎൻഎസ് വേല, ഐഎൻഎസ് ഖണ്ഡേരി എന്നിവ ഇന്ത്യൻ നാവികസേനയെ സേവിക്കുന്നു.

67 മീറ്റർ നീളവും 21 മീറ്റർ ഉയരവുമുള്ള വാഗിറിന് വെള്ളത്തിന് മുകളിൽ മണിക്കൂറിൽ 20 കിലോമീറ്ററും വെള്ളത്തിനടിയിൽ മണിക്കൂറിൽ 40 കിലോമീറ്ററും വേഗതയുണ്ടാകും. 50 ലധികം നാവികർക്കും നാവിക ഉദ്യോഗസ്ഥർക്കും അതിൽ പ്രവർത്തിക്കാൻ കഴിയും.