- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിതാന്ത ജാഗ്രതയോടെ കൊച്ചിയുടെ മകള്‍; രാജ്യത്തിന് അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്: നിര്‍മ്മിച്ചത് 20,000 കോടിയിലേറെ രൂപ ചിലവിട്ട്: കൊച്ചിയില്‍ പിറവിയെടുത്ത ഐഎന്‍എസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളിയെ കുറിച്ച് അറിയാം
കറാച്ചിയെ വിറപ്പിച്ചത് കൊച്ചിയുടെ മകള്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനില്‍ കനത്ത ആക്രമണമാണ് ഇന്ത്യ അഴിച്ചു വിട്ടിരിക്കുന്നത്. പാകിസ്താന്റെ പ്രധാന നഗരങ്ങളില്‍ എല്ലാം ഇന്ത്യ ശക്തമായ ആക്രമണം നടത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ പ്രധാന നഗരമായ കറാച്ചിയിലും ആക്രമണം നടത്തിയെന്ന വിധത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഎന്‍എസ് വിക്രാന്താണ് ആക്രമിച്ചതെന്ന വിധത്തിലാണ ്പ്രചരണം. എന്നാല്‍, ഇതിലെ വസ്തുത എന്തുതന്നെ ആയാലും ഇന്ത്യയെ നാവിക സേന സജ്ജമായിരിക്കയാണ്. കൊച്ചിയില്‍ പിറവിയെടുത്ത പടക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. കൊച്ചിയില്‍ പിറവിയെടുത്ത ഐഎന്‍എസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ നിലംപരിശാക്കിയത്. വിക്രാന്ത് രാജ്യത്തിനായി പോരാടി വിജയിക്കുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനമാണ്. കാരണം, ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്.
20,000 കോടിയിലേറെ രൂപ ചിലവിട്ട് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. 2022 സെപ്റ്റംബറിലാണ് ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്തത്. കൊച്ചി കപ്പല്‍ശാലയില്‍ രജിസ്റ്റര്‍ ചെയ്ത 550ലേറെ സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിച്ചു. വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍.
റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എന്‍.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. 30 എയര്‍ക്രാഫ്റ്റുകളെ വഹിക്കാനാകുന്ന വിക്രാന്തില്‍ സി.ടി. സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിതവിഭാഗവും തീവ്രപരിചരണവിഭാഗവുമൊക്കെയുള്ള ചെറിയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിതന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ മറ്റു പടക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സൈനികര്‍ക്കുമെല്ലാം വേണ്ട സംവിധാനങ്ങളും വിക്രാന്തിലുണ്ട്.
മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കുന്ന കരുത്ത്
വിക്രാന്തിന് 30 എയര്‍ക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റര്‍ജെറ്റുകള്‍ ഇവിടെ പാര്‍ക്കുചെയ്യുമ്പോള്‍ 10 ഹെലികോപ്റ്ററുകള്‍ മുകളിലെ ഡക്കിലും പാര്‍ക്കുചെയ്യും. കപ്പലിന്റെ മുന്‍ഭാഗം വളഞ്ഞ റാമ്പു പോലെയ നില്‍ക്കുന്ന സ്‌കീ ജംപ് ടെക്നോളജി മൂലം കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. ടോപ് ഡക്കിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്റ്റിലൂടെയാണ് പാര്‍ക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്.
വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകള്‍. 190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുക. 250 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ റണ്‍വേയില്‍ കൃത്യമായി പിടിച്ചുനിര്‍ത്തുന്നതിന് അറസ്റ്റിങ് വയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്‌കീജമ്പിനു സഹായിക്കുന്ന വളഞ്ഞമൂക്കു പോലെയുള്ള റണ്‍വേ വിക്രാന്തിന്റെ പ്രധാന സവിശേഷതയാണ്.
30 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളാണ് മറ്റൊരു സവിശേഷത. വിക്രാന്തില്‍ ക്രമീകരിച്ചിരിക്കുന്ന ഊര്‍ജം ഉപയോഗിച്ചാല്‍ കൊച്ചി നഗരത്തിന്റെ പകുതിഭാഗമെങ്കിലും പ്രകാശമാനമാക്കാന്‍ കഴിയും. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും 7500 മൈല്‍ പോകാനുമുള്ള ശേഷിയുണ്ട്. ഇതിനൊക്കെ ശേഷിയുള്ള ഇലക്ട്രിക്കല്‍ സംവിധാനമാണ് 'വിക്രാന്തി'ല്‍ ഉപയോഗിച്ചിരിക്കുന്നത്.
15 ഡെക്കുകളിലായി 2300 കമ്പാര്‍ട്ടുമെന്റുകളാണ് ഈ കപ്പലിലുള്ളത്. വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോമീറ്റര്‍ നീളമുണ്ടാകും. കൊച്ചിയില്‍നിന്നു ഡല്‍ഹിവരെയുള്ള ആകാശ ദൂരം വരും ഇത്. കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനവും ഉണ്ട്. മലിനജലം പുറന്തള്ളാത്ത വിക്രാന്തില്‍ അതു ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ശുചീകരണശാലയ്ക്ക് പുറമെ ഓക്‌സിജന്‍, നൈട്രജന്‍ പ്ലാന്റുകളും വിക്രാന്തിലുണ്ട്. കപ്പലിന്റെ ഉള്ളില്‍ 684 ഏണികളും 10,000ത്തിലേറെ പടവുകളുമുണ്ട്.
ഇന്ത്യയുടെ അഭിമാനം കാത്ത 'പേര് '
ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് ഈ കപ്പലിനും നല്‍കിയത്. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തത്. 1957ല്‍ ബ്രിട്ടനില്‍നിന്നുവാങ്ങിയ എച്ച്.എം.എസ്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മിഷന്‍ ചെയ്തത്. ഐ.എന്‍.എസ്. വിക്രാന്ത് 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. ഡീകമ്മിഷന്‍ ചെയ്തശേഷം 2012 വരെ മുംബൈയില്‍ നാവികമ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍വിറ്റു.
അത്യാധുനിക ആശുപത്രിയും കുക്ക് ഹൗസും
ഒരു യുദ്ധത്തെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഐഎന്‍എസ് വിക്രാന്തിലുണ്ട്. യുദ്ധത്തില്‍ അപകടം പറ്റുന്നവരെ ശുശ്രൂഷിക്കാന്‍ ചെറിയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിതന്നെ വിക്രാന്തില്‍ ഉണ്ട്. സി.ടി. സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിതവിഭാഗവും തീവ്രപരിചരണവിഭാഗവുമൊക്കെ ഈ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ജനറല്‍ വാര്‍ഡും ഫീമെയില്‍ വാര്‍ഡുമൊക്കെയുണ്ട്. രണ്ടു വെന്റിലേറ്ററുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി സജ്ജമാക്കിയ തീവ്രപരിചരണവിഭാഗം കൂടിയാകുമ്പോള്‍ ഒരുവിധമുള്ള ചികിത്സയ്ക്ക് കപ്പലില്‍നിന്നു ആര്‍ക്കും പുറത്തുപോകേണ്ടിവരില്ല.
വിക്രാന്തിന്റെ ഭക്ഷണകേന്ദ്രമായ കുക്ക് ഹൗസ് പുലര്‍ച്ചെ മൂന്നുമണിക്കു പ്രവര്‍ത്തനം തുടങ്ങും. അടുക്കള അര്‍ധരാത്രിവരെ കര്‍മനിരതമായിരിക്കും. പച്ചക്കറികള്‍ അരിയാനും പാത്രം കഴുകാനുമൊക്കെ യന്ത്രസഹായം ഒരുക്കിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ മറ്റു പടക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സൈനികര്‍ക്കുമെല്ലാം വേണ്ട സംവിധാനങ്ങളോടെ യുദ്ധനിരയുടെ മധ്യഭാഗത്തു നില്‍ക്കേണ്ടതാണ് വിക്രാന്ത്.
യുദ്ധസാഹചര്യത്തില്‍ കാഴ്ചകളുടെ വിശാലമായ ലോകത്തുനിന്നു ക്യാപ്റ്റന്‍ എത്തുന്നത് ഓപ്‌സ് റൂമിലായിരിക്കും. ക്യാപ്റ്റന്റെ ചുറ്റുമുള്ള സ്‌ക്രീനുകളിലൂടെ കപ്പലിലെ മുഴുവന്‍ കാഴ്ചകളും ശബ്ദങ്ങളും റഡാര്‍ സന്ദേശങ്ങളുമൊക്കെ ഇവിടെയെത്തും. ഇതെല്ലാം വിലയിരുത്തിയാകും ക്യാപ്റ്റന്‍ മറ്റുള്ളവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിക്രാന്തിലേക്കുള്ള പോര്‍വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഇറങ്ങലും പറക്കലുമൊക്കെ നിയന്ത്രിക്കുന്നത് ഫ്‌ളയിങ് കണ്‍ട്രോള്‍ പൊസിഷന്‍ എന്ന ഫ്‌ളൈകോയാണ്. ചെറിയ നീലവെളിച്ചമുള്ള ഓപ്‌സ് റൂമാണ് വിക്രാന്തിലെ ഏറ്റവും സുരക്ഷിതമായ ഇടം.